വീണ്ടും നായകനായി മലയാള
സിനിമയിലേക്ക് തിരിച്ചു വരുന്ന
ബാബുആന്റണിയെ കുറിച്ച്

Breaking Entertainment Interview Life Style News

കോട്ടയം: വില്ലനും നായകനുമായി മലയാള സിനിമയുടെ ആക്ഷന്‍ഹീറോ ആയിരുന്ന ബാബു ആന്റണിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. ആയോധനകലയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം മലയാള സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് പുതിയൊരു ശൈലി തന്നെയുണ്ടാക്കി. അതുപോലെ തന്നെ അതി ശക്തനായ വില്ലനായി നിറഞ്ഞാടിയ സമയത്തു തന്നെ നായക നടനായും ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയാണ് ബാബു ആന്റണി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി വെള്ളത്തിരയിലെത്തിയത്.
മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫിഫ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള ബാബു ആന്റണിയുടെ മകന്‍ ആര്‍തറിനും ഇപ്പോള്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചു കഴിഞ്ഞു.ഈസന്തോഷം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍, നാടോടി തുടങ്ങി നിരവധി സിനിമകളില്‍ വില്ലനായി മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. നെപ്പോളിയന്‍,ഭരണകൂടം,കടല്‍,ദാദ,രാജധാനി,കമ്പോളം തുടങ്ങിയ സിനിമകളില്‍ നായകനായും എത്തിയിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലെ ലോമപാദ മഹാരാജാവ് ബാബു ആന്റണി അവതരിപ്പിച്ച വേറിട്ട വേഷമാണ്. റഷ്യന്‍ – അമേരിക്കന്‍ സ്വദേശിയായ എവിജെനിയയെ ആണ് ബാബു ആന്റണി വിവാഹം ചെയ്തത്.

ഇത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരവും അഭിമാനകരമായ നിമിഷവുമാണ്, ആര്‍തറിന് എംഎംഎയില്‍ തന്റെ ആദ്യത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചിരിക്കുകയാണെന്നുമാണ് ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറച്ചത്. എന്റെ പരിശീലനത്തിലാണ് ആര്‍തര്‍ ഇത് നേടിയത്. അവന്റെ അഞ്ചാമത്തെ വയസ്സില്‍ എന്റെ ആദ്യത്തെ മാസ്റ്ററായ പൊന്‍കുന്നത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്ലൈവര്‍ ഡ്രാഗണ്‍ കുങ്ഫു സ്‌കൂളിലും പരിശീലനം നേടിയിട്ടുണ്ട് ആര്‍തര്‍, ബാബു ആന്റണി കുറിപ്പില്‍ പറയുന്നു

ബ്രൂസ് ലീയുടെ സുഹൃത്ത്, കോസ്റ്റാര്‍, സ്പാരിംഗ് പങ്കാളി( ചക്ക് നോറിസ് സിസ്റ്റത്തിന് കീഴില്‍) ആര്‍തറിന് ശിക്ഷണം നല്‍കി. ഇപ്പോള്‍ 10 വയസ്സുള്ള എന്റെ ഇളയ മകന്‍ അലക്‌സിനെയും ഞാന്‍ പരിശീലിപ്പിക്കുന്നുണ്ട്. ആര്‍തറിന് 2020 മെയ് 31 നാണ് 15 വയസ്സ് തികഞ്ഞത്, ബാബു ആന്റണി തന്റെ രണ്ട് മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ നായകവേഷത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയുമാണ്.

കോട്ടയം പൊന്‍കുന്നം സ്വദേശിയും നടനുമായ ടി ജെ ആന്റണിയുടെയും മറിയം ആന്റണിയുടെയും മകനാണ് ബാബു ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *