പിണറായിയില്‍നിന്നും തന്നെ അകറ്റിയത് വിഎസുമായുള്ള അടുപ്പമാണെന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

Breaking News Politics

കണ്ണൂര്‍: പിണറായിയാണ് ശരിയെന്നും പിണറായിയില്‍നിന്നും തന്നെ അകറ്റിയത് വിഎസുമായുള്ള അടുപ്പമാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനെതിരായ മുന്‍ നിലപാടില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു. വിമര്‍ശനങ്ങളില്‍ ചിലത് വ്യക്തിപരമായി പോയെന്നും അതില്‍ തെറ്റുപറ്റിയെന്നും ബോധ്യമുണ്ട്. പിണറായിയെ കാണണമെന്നത് ഇപ്പോഴത്തെ അന്ത്യാഭിലാഷം ആണ്. കണ്ട് മാപ്പു പറയാന്‍ തയ്യാറാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കണ്ണൂരില്‍ പറഞ്ഞു.

വിഎസുമായുള്ള അടുപ്പമാണ് പിണറായി വിജയനില്‍ നിന്ന് അകറ്റിയത്. പിണറായിക്കെതിരെയുള്ള ആരോപണങ്ങള്‍ തിരുത്തിയിട്ടുണ്ട്. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷമെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറയുന്നു.

ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇഎംഎസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും ഉറപ്പാണ്. പിണറായി ചെയ്യുന്നതാണ് ശരിയെന്ന നിലപാട് തെറ്റായിരുന്നു എന്ന് മുമ്പു തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍ തീവ്രമായി വിശ്വസിക്കുന്നു എന്നും കുഞ്ഞനനന്തന്‍ നായര്‍ പറയുന്നു

പൊളിച്ചെഴുത്ത് എന്ന് പേരിട്ട ആത്മകഥയില്‍പാര്‍ട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും പിന്നീട് തിരുത്തിയിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിനിടക്ക് വലിയ കോളിളക്കം ഉണ്ടാക്കിയ പുസ്തകമായിരുന്നു പൊളിച്ചെഴുത്ത്. പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ തെറ്റായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് തിരുത്തിയെഴുതിയത്. പിണറായിയെ നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ജീവിത സായാഹ്നത്തില്‍ ബാക്കിയുള്ളത്. അത് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കണ്ടാല്‍ മുന്‍ നിലപാടുകളുടെ പേരില്‍ മാപ്പു പറയുന്നതില്‍ എന്താണ് തെറ്റെന്നും ബര്‍ലിന്‍ ചോദിക്കുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുമായി കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ ബര്‍ലിന്‍. രണ്ടു കണ്ണിനും കാഴ്ചയില്ല. വാര്‍ത്തയെല്ലാംസഹായികള്‍ വായിച്ചു കൊടുക്കും പ്രസംഗങ്ങള്‍ കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *