ഫാത്തിമ തഹ്ലിയയെ ലീഗിന്റെ വനിതാ സ്ഥാനാര്‍ഥിയാക്കിയാല്‍ വനിതാലീഗില്‍ കലാപക്കൊടി ഉയരും

Breaking News Politics

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫാത്തിമ തഹ്ലിയയെ ലീഗിന്റെ ലീഗ് വനിതാ സ്ഥാനാര്‍ഥിയാക്കിയാല്‍ വനിതാലീഗില്‍ കലാപക്കൊടി ഉയരും. ലീഗിന്റെ വനിതാ വിദ്യാര്‍ഥി നേതാവിനെ നിയമസഭാ സഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദംചെലുത്തുന്നതിന് പിന്നില്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണെന്നും ആരോപണം. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വനിതാലീഗ് സ്ഥാനാര്‍ഥികളെ മാറ്റി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയയെ മുസ്ലിംലീഗിന്റെ വനിതാ നിയമസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ വനിതാലീഗില്‍നിന്നും കലാപക്കൊടി ഉയരും. പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളാകാന്‍ ശ്രമിക്കുയും കയ്യടി നേടാനും മാത്രമെ ഇവര്‍ക്കുകഴിയുവെന്നുമാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. തന്റെ പിതാവിനേക്കാള്‍ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേര്‍ന്നതല്ലെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. ഇത്തവണ മുസ്ലിംലീഗില്‍നിന്നും ഒരു വനിതാനേതാവ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്. വര്‍ഷങ്ങളുടെ പാര്‍ട്ടി പരമ്പര്യവും പ്രവര്‍ത്തനവുമുള്ള വനിതാലീഗ് ഭാരവാഹികളെ അവഗണിച്ച് എം.എസ്.എഫ് വനിതാ നേതാവിന് സീറ്റ് നല്‍കിയാല്‍ ഇത് പാര്‍ട്ടിക്കുളളില്‍ കലാപക്കൊടി ഉയരാന്‍ കാരണമാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതേ സമയം ഇതിനൊരു പരിഹാരമായി യു.ഡി.എഫില്‍നിന്നും കൂടുതല്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ ഇരുകൂട്ടര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയും. രണ്ട് വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കുകയാണെങ്കില്‍ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നല്‍കണമെന്ന് ലീഗ് വനിതാവിദ്യാര്‍ഥി സംഘടനയായ ഹരിതയുടെ നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. അതേ സമയം ഫാത്തിമ തഹ്ലിയക്കു പി.കെ ഫിറോസിന്റെ പരോക്ഷമായ പിന്തുണയുള്ളതായ ആരോപണം ലീഗിനുള്ളില്‍നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫാത്തിമ തഹ്ലിയ സ്വയം പി.ആര്‍ വര്‍ക്ക് നടത്തുന്നതായും ലീഗിനുളളില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം ലീഗില്‍നിന്നു നേരത്തെ ഖമറുന്നീസ അന്‍വര്‍ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവര്‍ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
നിലവിലെ ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പരിശോധിക്കുബോള്‍ ഒരു വനിത സ്ഥാനാര്‍ത്ഥിയെ ഇത്തവണ ലീഗ് മലപ്പുറം ജില്ലയില്‍ നിന്നോ കോഴിക്കോട് ജില്ലയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും എന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഒരു യുവ പ്രതിഭയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. അടുത്ത കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയില്‍ ലീഗില്‍ പേര് എടുത്ത ഒരു വനിതകൂടിയാണ് ഫാത്തിമ തഹ്ലിയ.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായ ഒരു പുതുമുഖം കൂടിയാണവര്‍. അതുകൊണ്ടുതന്നെ ലീഗിനെ സംബന്ധിച്ചെടുത്തോളം തഹ്ലിയയെ പോലെയുള്ള ഒരു മികച്ച വനിതാ സ്ഥാനാര്‍ത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കുന്നത് ഒരു അഭിമാന മുഹൂര്‍ത്തം കുടിയാണെന്ന് വാദിക്കുന്നവരുമുണ്ട്.
എംഎസ്എഫ് ഹരിത തുടങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് തഹ്ലിയായുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തന്റെ കഴിവുകൊണ്ടും മികച്ച സംസാരം ശൈലികൊണ്ടും ആളുകളെ കയ്യിലെടുക്കാനുള്ള തന്റെ സാമര്‍ത്ഥ്യം കൊണ്ടും ഉടന്‍ തന്നെ ഹരിത പോലെയുള്ള ലീഗ് വിദ്യാര്‍ഥി സംഘടനയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. ശേഷം വിദ്യാര്‍ത്ഥി സംഘടനയിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തഹ്ലിയ ഹരിത യുടെയും എംഎസ്എഫിന്റെയും സംസ്ഥന തലപ്പത്തേക്ക് എത്തി. ഇതോടെ പിന്നീടങ്ങോട്ട് രാവും പകലും ഇല്ലാതെ മികച്ച പ്രവര്‍ത്തനം നടത്തുകയുംചെയ്തു.
പതിനായിരക്കക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ തഹ്ലിയെയെ ഫോളോ ചെയ്യുന്നത് . സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കിടയില്‍ ഇത്രയേയും കൂടുതല്‍ അറിയപ്പെട്ട മറ്റൊരു ലീഗ് വനിതാ നേതാവ് വേറെയില്ല. മുസ്ലിണം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ തഹ്ലിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നുണ്ട് . അതേമയം കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ തഹ്ലിയയുടെ പോസ്റ്റുകളെല്ലാം വൈറലായായിരുന്നു. ഇതിനുപുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന രാജ്യാന്തര സെമിനാറുകളിലും അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ പങ്കെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *