ധോണിയുടെ വിരമിക്കലില്‍ സച്ചിനും മറ്റു പ്രമുഖരും പറയുന്നത് കേള്‍ക്കു..

Breaking News Sports

കൊച്ചി: ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ഇനി ഇന്ത്യന്‍ജേഴ്‌സി അണിയില്ല. ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ഇതുവരെ നിങ്ങള്‍ തന്ന എല്ലാ പന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’ ധോണി കുറിച്ചു.2004 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്. ഇതിനിടെ ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യന്‍സ് ട്രോഫിയും നേടി.രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മല്‍സരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റില്‍നിന്ന് 2014ല്‍ തന്നെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റില്‍നിന്നുള്ള വിരമിക്കല്‍. 90 ടെസ്റ്റുകളില്‍നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ് നേടി. ഇതില്‍ ആറു സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ആശംസയുമായി പ്രമുഖര്‍ രംഗത്തുവന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീര്‍, ശശി തരൂര്‍ എന്നിവരടക്കമുള്ളവരാണ് ധോണിക്ക് ആശംസയുമായി എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവന അളക്കാനാകാത്തതാണ്. 2011ല്‍ നമ്മള്‍ ഒരുമിച്ച് ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തില്‍ ഏറ്റവും മറക്കാനാകാത്ത നിമിഷം. രണ്ടാം ഇന്നിംഗ്സിനും നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു-സച്ചിന്‍ ട്വീറ്റ് ചെയ്തു. ചൂടേറിയ പല മത്സരങ്ങളും ധോണിയുടെ കൂള്‍ ക്യാപ്റ്റന്‍സിയിലൂടെ ഇന്ത്യ ജയിച്ചെന്നും രണ്ട് ഫോര്‍മാറ്റിലും ലോകകിരീടം നേടിയ ക്യാപ്റ്റനാണ് ധോണിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
താങ്ക്യൂ ഫോര്‍ ദ മാജിക്ക് എന്ന ഒറ്റ വരിയിലൂടെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ധോണിക്ക് ആശംസ നേര്‍ന്നത്.രാജ്യത്തെ എല്ലാ കായിക താരങ്ങള്‍ക്കും ധോണി പ്രചോദനമായിരുന്നെന്നും ധോണിയുടെ നേട്ടങ്ങള്‍ അവിശ്വസനീയമാണെന്നും വിനയ് കുമാര്‍ കുറിച്ചു. ധോണി വിരമിച്ചെന്ന് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കളിക്കളത്തിലെ അതികായനായിരുന്നു ധോണിയെന്നും ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ക്യാപ്റ്റനുമായിരുന്നുവെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഒരു യുഗത്തെ അടയാളപ്പെടുത്തിയാണ് ധോണി കളം വിടുന്നതെന്നും തരൂര്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.അതേ സമയം ധോണിക്ക് പിന്നാലെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ുരേഷ് റെയ്‌നയും. മഹിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് താനും വിരമിക്കുന്നതായി റെയ്‌ന ആരാധകരെ അറിയിച്ചത്. എന്നാല്‍ വരുന്ന ഐപിഎല്ലില്‍ ഇരുവരും ഒരുമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കും.മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെയാണ് പാഡഴിക്കല്‍. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്‌ന 5615 റണ്‍സും 78 ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്‌ന.

Leave a Reply

Your email address will not be published. Required fields are marked *