തിരുവനന്തപുരം: കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി കെ.സുധാകരന്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരന് എം.പിയെ പകരം ചുമതല ഏല്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം.
അതേസമയം ാല്ക്കാലികമെങ്കില് ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് കെ.സുധാകരന്. പദവി സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അധ്യക്ഷനാകാന്‍ താല്പര്യമുണ്ടെന്നും സുധാകരന് പറഞ്ഞു. ദേശീയ നേതാക്കളുമായി സംസാരിച്ചെന്നും സുധാകരന് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ അദ്ദേഹത്തെ നഷ്ടപ്പെടുത്തില്ലെന്ന് സുധാകരന് വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയില്‍വെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.സി.സി. അധ്യക്ഷപദം പാര്‍ട്ടി ഏല്പിച്ചാല് ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും സുധാകരന് ഇന്നലെ പ്രതികരിച്ചിരുന്നു.
നിലവില്‍ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉള്ളതിനാല്‍ തത്കാലം എ ഗ്രൂപ്പും ഇതില്‍ പരസ്യമായി എതിര്‍പ്പ് ഉന്നയിക്കാനിടയില്ല.
മുന്നണി കണ്‍വീനര്‍ എം.എം, ഹസ്സന്റെ ചില പ്രസ്താവനകള്‍, പ്രത്യേകിച്ച് വെല്‍ഫയര്‍ പാര്‍ട്ടി അമീറുമായുള്ള കൂടിക്കാഴ്ച അടക്കം ദോഷം ചെയ്തെന്ന് ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. അതിനാല്‍ ഇതോടൊപ്പം ഹസ്സനും സ്ഥാനചലനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചുരുങ്ങിയ നാള് മാത്രമേ ആ പദവിയില്‍ ഹസ്സന് ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഒരുപക്ഷേ അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചേക്കും. അല്ലെങ്കില്‍ കണ്‍വീനര്‍ പദവിയിലും മാറ്റം വന്നേക്കാം.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കെ സുധാകരനോ കെ മുരളീധരനോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അണികളില്‍ നിന്നും ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇരുവര്‍ക്കും അനുകൂലമായി പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് സുധാകരന് പരസ്യമായി വ്യക്തമാക്കിയത്.
കെ സുധാകരന് കെപിസിസി അധ്യക്ഷനായാല്‍ അത് മലബാറിലെ കോണ്‍ഗ്രസില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കുമെന്ന വികാരവും ശക്തമാണ്. സൈബര്‍ ഇടത്തിലും കോണ്ഗ്ര്സ് അണികള്‍ക്കുള്ളിലും ശക്തമായ പിന്തുണയുള്ള നേതാവാണ് കെ സുധാകരന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ ഒരേയൊരു കോര്പ്പറേഷന് കണ്ണൂരാണ്. ഇവിടെ കെ സുധാകരന് അച്ചടക്കത്തോടെ യുഡിഎഫിനെ നയിച്ചാണ് വിജയം സമ്മാനിച്ചത്. അതാണ് സുധാകന്റെ മുന്‍തൂക്കവും.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലെ അധികാര കേന്ദ്രമായ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി സുധാകരന് നേരത്തെ തന്നെ അകല്‍ച്ചയിലാണ്. യുത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ തന്നെ കണ്ണൂരില്‍ നിന്നും സുധാകരനും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഓടിച്ചു വിട്ടതാണ് കെ സി വേണുഗോപാലിനെ. പിന്നീട് ആലപ്പുഴയില്‍ പോയി എംപിയും എംഎല്‍എയുമായ കെ സി ദേശീയ രാഷ്ട്രീയത്തില്‍ മെയിന്‍ സ്ട്രീമിലെത്തിയിട്ടും സ്വന്തം ജന്മനാട്ടില് കാലുറപ്പിക്കാനായില്ല. ഇതേ അനുഭവമായിരുന്നു മുല്ലപ്പള്ളിക്കും.
കണ്ണുരില്‍ നിന്നും പലവട്ടം ജയിച്ചു എംപിയായ മുല്ലപ്പള്ളിക്ക് ഒടുവില്‍ പരാജയം രുചിക്കേണ്ടി വന്നു. സിപിഎമ്മിലെ നവാഗതനായ അബ്ദുള്ളക്കുട്ടിയോട് താന്‍ തോല്‍ക്കാനിടയായത് സുധാകര ഗ്രൂപ്പുകാര്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും കാലുവാരിയതിനാലാണെന്ന് മുല്ലപ്പള്ളി ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. തന്നെ തോല്‍പ്പിച്ച അബ്ദുള്ളക്കുട്ടി പിന്നീട് മറുകണ്ടം ചാടിയപ്പോള്‍ കണ്ണൂര്‍ നിയമസഭാ സീറ്റു നല്കി വിജയിപ്പിച്ചത് ഇതേ സുധാകരന് തന്നെയായിരുന്നു. പിന്നിട് വടകരയില്‍ സ്ഥാനാര്‍ത്ഥിയായി ആര്‍എംപി പിന്തുണയോടെ മുല്ലപ്പള്ളി ലോക്സഭയിലെത്തുകയും കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്തുവെങ്കിലും സുധാകരനുമായുള്ള ശീതസമരം അവസാനിച്ചില്ല.
ഇതേ മുല്ലപ്പള്ളിയെ പിന്നിട് താന്‍ കണ്ണുവെച്ച കെപിസിസി അധ്യക്ഷ പദവിയിലേക്ക് എഐസിസി നോമിനേറ്റ് ചെയ്തത് സുധാകരന് കനത്ത പ്രഹരമായിരുന്നു. ഇപ്പോള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ആദ്യമെത്തിയത് സുധാകരനായിരുന്നു.
കാര്‍ക്കശ്യത്തിന്റെയും സംഘടനാ മികവിന്റെ കാര്യത്തിലും കോണ്‍ഗ്രസിലെ പിണറായി വിജയനാണ് കെ സുധാകരന്. ജനതാ പാര്‍ട്ടിയില്‍ നിന്നും കളം മാറി വന്ന ഈ നേതാവ് കോണ്‍ഗ്രസില്‍ സ്ഥാനമുറപ്പിച്ചത് എന്‍ രാമകൃഷ്ണന്, പി രാമകൃഷ്ണന്, എസ് ആര് ആന്റണി, കെ പി നുറുദ്ദീന് തുടങ്ങിയ നേതാക്കളെ വെട്ടിനിരത്തിയിരുന്നു. കണ്ണിന് കണ്ണ്/പല്ലിന് പല്ല് എന്ന രീതിയിലായിരുന്നു സുധാകരന്റെ ശൈലി. സിപിഎമ്മുമായി നാലു പതിറ്റാണ്ടു അടിച്ചും തിരിച്ചടിച്ചും നിലനിന്ന സുധാകരന് കോണ്‍ഗ്രസ് അണികള്‍ക്കിടെയില്‍ ഇപ്പോഴും ആവേശമാണ്. എന്നാല്‍ സുധാകരന്റെ വളര്‍ച്ചയില്‍ പാര്‍ട്ടിക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. ഇടതും വലതും നിന്ന സജിത്ത് ലാലിനെപ്പോലെയും എടയന്നൂര്‍ ശുഹൈബിനെപ്പോലെയുമുള്ള യുവജന നേതാക്കള്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. പയ്യന്നുര്‍ പോലെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തന്നെ ശിഥിലമായെന്നും മറുപക്ഷം ആക്ഷേപം ഉന്നയിക്കുന്നു.
കേന്ദ്ര നേതൃത്വത്തില്‍ വയലാര്‍ രവി സുധാകരന്റെ രക്ഷകനായി ആദ്യ കാലയളവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് മന്ത്രി സ്ഥാനം ലഭിച്ചതിനു ശേഷം കെ സുധാകരന് വയലാര്‍ രവിയുടെ മുന്നാം ഗ്രൂപ്പില്‍ നിന്നും വിട്ടുനിന്നു. പിന്നീട് കണ്ണൂര്‍ കേന്ദ്രീകരിച്ച് തനിച്ചു തന്നെയായിരുന്നു പോരാട്ടം. സുധാകരനു സമാനമായി അതേ ശൈലിയില്‍ വളര്‍ന്നു വന്ന പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായപ്പോള്‍ കോണ്‍ഗ്രസിന്റെ മുഖ്യധാരയിലെത്താന്‍ സുധാകരന് കഴിഞ്ഞില്ല. കെപിസിസി അധ്യക്ഷ പദവിയേക്ക് സുധാകരന് എത്തിയാല്‍ അത് അദ്ദേഹത്തിന് വലിയ നേട്ടമായ മാറും. ഒരു കാലത്ത് പാര്‍ട്ടി അടക്കി ഭരിച്ച ലീഡര്‍ കെ കരുണാകരനും സുധാകരന്റെ വെട്ടൊന്ന് മുറി രണ്ടെന്ന ശൈലി അംഗീകരിച്ചിരുന്നില്ല. വടക്കന്‍ കേരളത്തില്‍ പാര്‍ട്ടിയില്‍ തീപ്പന്തമായ കെ സുധാകരന് ആരാധകര്‍ ഏറെയുണ്ടെങ്കിലും അവരുടെ പിന്തുണ കൊണ്ടു മാത്രം സംസ്ഥാനത്തിലെ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കാന്‍ സുധാകരന് കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.
അതിനിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം കെ സുധാകരനെ പിന്തുണക്കക്കുന്നവര്‍ ഏറെയാണ്. പിണറായിയെ നേരിടാന്‍ കരുത്തനായ സുധാകരന് വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായ വേളയില്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും സുധാകരന്റെ പേരായിരുന്നു.