കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം: അഞ്ച് മരണം

Breaking News

കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. കൊവിഡ് വാക്സിനേഷന്‍ രാജ്യത്ത് കൂടുതല്‍ വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെ ഉണ്ടായ തീപിടുത്തം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. വൈദ്യുത ലൈനിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അറിയിച്ചു.

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ആണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ടെര്‍മിനല്‍ ഒന്നാം ഗേറ്റില്‍ ആയിരുന്നു തീപിടിത്തം. നട്ടുകാര്‍ നല്‍കുന്ന വിവരം അനുസരിച്ച് പത്തിലധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ആദ്യം ആളുകളെ എല്ലാം രക്ഷിക്കാന്‍ സാധിച്ചു എന്നാണ് കരുതിയതെങ്കിലും പിന്നിട് വിശദമായി പരിശോധന നടത്തിയതോടെയാണ് അഞ്ച് പേര്‍ മരിച്ചതായി കണ്ടെത്തിയത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ച വിവരം പൂനെ മേയര്‍ തുടര്‍ന്ന് സ്ഥിതികരിച്ചു.

കൊറോണ വൈറസിനെതിരായ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനെക്കയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഇന്നത്തെ തീപിടുത്തം കൊവിഷീല്‍ഡിന്റെ ഉത്പാദനത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കൊവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിനോട് ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടിത്തം. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയര്‍ന്ന് മേഖലയിലെ എല്ലായിടത്തേക്കും വ്യാപിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായത്.

ഏത് സാഹചര്യത്തിലാണ് തീപിടുത്തം ഉണ്ടായത് എന്നത് സംബന്ധി വിശദമായ പരിശോധന വേണ്ടി വരും എന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫാക്ടറിയിലെ ഫയര്‍ ഫോഴ്സ് വിന്യാസം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വൈദ്യുത ലൈനില്‍ ഉണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണം എന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *