ലോക്ഡൗണ്‍ കാലത്തും ലോകചാമ്പ്യ ഡോ. മജ്‌സിയ ബാനു തിരക്കിലാണ്. ഈ യുവകായിക താരത്തെ കൂറിച്ച് കൂടുതല്‍ അറിയാം

Breaking Feature Keralam Life Style News Sports

കോഴിക്കോട്: പവര്‍ലിഫ്റ്റിംഗ് ലോകചാമ്പ്യ, ദേശീയ പഞ്ചഗുസ്തി താരം, മിസ്സ് കേരളാ-ഫിറ്റ്‌നസ് മോഡല്‍ തുടങ്ങിയ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന കേരളത്തിന്റെ അഭിമാന കായിക താരമാണ് ഡോ. മജ്‌സിയ ബാനു. എന്നാല്‍ കോവിഡും ലോക്ഡൗണും തുടങ്ങിയതോടെ തന്റെ കായിക മത്സരങ്ങള്‍ക്കുവേണ്ടി ഫിറ്റനസ് വര്‍ക്കുകളൊന്നും കോഴിക്കോട്ടെ ഈ യുവകായിക താരത്തിന് വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിക്കുന്നില്ല. നേരത്തെ വടകരയിലെ ഹാംസ്ട്രിംഗ് ഫിറ്റ്‌നെസ് സെന്ററില്‍ പരിശീലകന്‍ അബ്ദുല്‍ ലത്തഫിന് കീഴില്‍ നടത്തിയിരുന്ന കായിക പരിശീലനങ്ങളൊന്നും നിലവിലെ കോവിഡും ലോക്ഡൗണും കാരണം തുടാന്‍ സാധിക്കുന്നില്ല.

ഇതോടെയാണ് നേരത്തെ മുതലെ ചെയ്തുവന്നിരുന്ന ചാരിറ്റി മേഖലയില്‍ കൂടുതല്‍ സജീവമായത്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രയാസപ്പെടുന്ന നിര്‍ധനരായ 100ഓളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ മജ്‌സിയയുടെ ഇടപെടലിലൂടെ സാധിച്ചു. അതോടൊപ്പം ദിവസങ്ങള്‍ക്കുമുമ്പ് വന്‍ദുരന്തമുണ്ടായ ഇടുക്കി രാജാമലയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കാനും സാധിച്ചു. ഗോമതിയോടൊപ്പം ചേര്‍ന്നാണ് മജ്‌സിയ രാജാമലയില്‍ സഹായങ്ങള്‍ എത്തിച്ചത്. കായികതാരമെന്നതോടൊപ്പം തന്നെ ചാരിറ്റി മേഖലയിലും സജീവമായ മജ്‌സിയ ഒരു ഡെന്റല്‍ സര്‍ജന്‍കൂടിയാണ്. മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ആന്‍ഡ് ഹോസ്പിറ്റലിലായിരുന്നു പഠനം.

ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ പരിശീലനം ആരംഭിക്കണമെന്നും തുടര്‍ന്നും അന്തര്‍ദേശിയ തലത്തില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും മജ്‌സിയ ബാനു ‘മറുപുറം കേരള’യോട് പറഞ്ഞു.കേരളത്തിന്റെ സ്‌ട്രോങ് വുമണായി തിരഞ്ഞെടുക്കപ്പെട്ട മജിസിയ ബാനു സൃഷ്ടിക്കുന്നത് ചരിത്രം തന്നെയാണ്. ചെറുപ്പം മുതലേ ആണ്‍കുട്ടികള്‍ ചെയ്യാറുള്ള അഡ്വഞ്ചറസ് ഗെയിംസിനോടായിരുന്നു താല്പര്യം. റിസ്‌ക് ഏറ്റെടുക്കാന്‍ അന്നേ ഇഷ്ടമായിരുന്നു. എന്നാല്‍ പവര്‍ ലിഫ്റ്റിംങ്ങും പഞ്ചഗുസ്തിയും സീരിയസായി കാണാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ മജിസിയ ബാനു ഒരു കോളേജ് വെക്കേഷന്‍ കാലത്താണ് പഞ്ചഗുസ്തി ശാസ്ത്രീയമായി അഭ്യസിക്കാന്‍ തീരുമാനിച്ചത്. എന്റെ നാട് ഒരു ചെറിയ ഗ്രാമപ്രദേശമാണ്, അവിടെയോ അതിനു ചുറ്റുമുള്ള പരിസരങ്ങളിലോ ഇവയൊന്നും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇല്ലായിരുന്നു.’അതുകൊണ്ടു തന്നെ ബാനുവിന് ഇത് പഠിക്കണമെങ്കില്‍ കോഴിക്കോട് എത്തണമായിരുന്നു. 60 കിലോമീറ്ററോളം സഞ്ചരിക്കണം ബാനുവിന് ഇവിടെ എത്താന്‍. അവിടെവെച്ച് ബാനുവിനെ പഞ്ചഗുസ്തി പരിശീലിപ്പിച്ചിരുന്ന ട്രെയിനര്‍ രമേഷ് ആണ് ബാനുവിനോട് പവര്‍ലിഫ്റ്റിങ്ങിനെ പറ്റി പറഞ്ഞത്.

പവര്‍ലിഫ്റ്റിങ്ങില്‍ എനിക്ക് വലിയൊരു ഭാവിയുണ്ടെന്ന് പറഞ്ഞത് രമേഷ് സാര്‍ ആയിരുന്നു. തുടര്‍ന്നാണ് പവര്‍ ലിഫ്റ്റിംഗ് പരിശീലിച്ചു തുടങ്ങിയത്’ അതിനുശേഷം നടന്ന കോഴിക്കോട് ജില്ലാ പവര്‍ലിഫ്റ്റിങ്ങില്‍ മജിസിയ ബാനു വിജയ കിരീടം ചൂടിയപ്പോള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണം നേടിയ സന്തോഷത്തിലായിരുന്നു ഈ മിടുക്കി. ബോഡി ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മജിസിയ ബാനു മിസ്റ്റര്‍ കേരള ഫിറ്റ്നസ് ആന്‍ഡ് ഫാഷന്‍ 2018, ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ദി ഇയര്‍, സ്‌ട്രോങ് വുമണ്‍ ഓഫ് കോഴിക്കോട്, സ്‌ട്രോങ് വുമണ്‍ ഓഫ് കേരള തുടങ്ങി നിരവധി നേട്ടങ്ങളും ബഹുമതികളും നേടി. ലഖ്നൗവില്‍ നടന്ന 55 കിലോഗ്രാം സീനിയര്‍ വുമണ്‍ പഞ്ചഗുസ്തിയില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയാണ് ലോകകപ്പ് പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് രാജ്യത്തിന് വേണ്ടി പലതവണ മത്സരിച്ചു വിജയ കീരിടം നേടിയിട്ടുണ്ട് ഈകായികതാരം.

Leave a Reply

Your email address will not be published. Required fields are marked *