മലപ്പുറം: ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടാക്കാരനും ഏറെ ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകര്‍ക്കായി ഉസൈന്‍ ബോള്‍ട്ട് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്
ടൊവിനോ തോമസ് നായകനായി എത്തിയ കല്‍ക്കി എന്ന സിനിമയിലെ ബിജിഎം ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന കുറിപ്പും താരം വീഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു മത്സരത്തില്‍ പരാജയപ്പെട്ട ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയും പിന്നീട് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുന്ന വീഡിയോയും ചേര്‍ത്ത് വച്ചാണ് ബിജിഎം ഉപയോഗിച്ചിരിക്കുന്നത്.ഉസൈന്‍ ബോള്‍ട്ട് തന്റെ ബിജിഎം ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയതിന്റെ സന്തോഷം സംഗീത സംവിധായകന് ജേക്സ് ബിജോയും പങ്കുവെച്ചു. പ്രവീണ്‍ പ്രഭാറാം സംവിധാനത്തില്‍ ഒരുങ്ങിയ കല്‍ക്കി നിര്‍മ്മിച്ചത് സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ്