വൈകല്യംമറന്ന് മണ്ണില്‍ പൊന്നുവിളയിച്ച അരുണിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്

Breaking News

മലപ്പുറം: സ്വന്തം ശരീരത്തെ വൈകല്യങ്ങള്‍ തളര്‍ത്തിയിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അവയെ അതിജിവിച്ച് മണ്ണില്‍ പൊന്നുവിളയിച്ച അരുണിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് മലപ്പുറം ഊരകം പുല്ലഞ്ചാല്‍ സ്വദേശി അരുണ്‍കുമാര്‍. പരിമിതികളില്‍ തളരാതെ ജീവിതത്തെ നേരിടുന്ന അരുണ്‍കുമാറിന് ജന്മനാ സംസാര ശേഷിയും ഭാഗികമായി ചലനശേഷിയുമില്ല. ഊരകം സ്വദേശികളായ കാരാട്ട് നാരായണന്‍ നായരുടെയും മാധവിക്കുട്ടിയുടെയും മകനായ ഇദ്ദേഹം 40 വര്‍ഷത്തോളമായി വെല്ലുവിളികളെ അതിജീവിച്ച് കൃഷിയില്‍ നൂറ് മേനി വിളയിക്കുകയാണ്. വീട്ടുവളപ്പില്‍ പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചും പരിപാലിച്ചുമാണ് അരുണ്‍ കൃഷിയിലേക്കിറങ്ങിയത്. വീടിനോട് ചേര്‍ന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് അരുണ്‍ കൃഷി ചെയ്യുന്നത്. മണ്ണ് കിളക്കുന്നത് തൊട്ട് വളമിടുന്നതടക്കമുള്ള ജോലികള്‍ അരുണ്‍ തനിച്ചാണ് നിര്‍വഹിക്കുന്നത്. വിപണനം, വളമെത്തിക്കല്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നത് അയല്‍വാസി പള്ളിയാളി സൈതലവിയാണ്. പരാശ്രയമില്ലാതെ ഒന്നിനും കഴിയാത്തതുമൂലം സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഈ 52 ക്കാരന് ലഭിച്ചിരുന്നില്ല.
എന്നാല്‍ 10 വയസ്സു മുതല്‍ക്ക് തന്നെ ചെറുതായി കൃഷിയിലേക്ക് തിരിഞ്ഞു. കൃഷി വകുപ്പ് മുഖേന ആവശ്യമായ സബ്സിഡികളും ഇലക്ട്രിക് വീല്‍ ചെയറും ലഭിച്ചിട്ടുണ്ട്. പഞ്ചായത്തു വഴി വീടിനാവശ്യമായ ധനസഹായങ്ങളും അരുണിന് ലഭ്യമായിട്ടുണ്ട്. കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും അരുണിന് ലഭ്യമാക്കാറുണ്ടെന്ന് ഊരകം കൃഷി ഓഫീസര്‍ മെഹ്റുന്നീസ അറിയിച്ചു.
വീടിനോട് ചേര്‍ന്ന് മറ്റൊരാള്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. വാഴയാണ് അരുണ്‍ കുമാര്‍ സ്ഥിരമായി കൃഷി ചെയ്യാറുള്ളത്. 15 വയസ്സുമുതല്‍ അരുണ്‍കുമാര്‍ കാര്‍ഷിക രംഗത്തുണ്ട്. ചെറിയ പ്രായത്തില്‍ വീട്ടിലെ പറമ്പില്‍ തന്നെ അടക്ക മുളപ്പിച്ച് തൈകളുണ്ടാക്കുകയും ചേനയും ചേമ്പും കാച്ചിലുമടക്കം കൃഷി ചെയ്യാറുണ്ടായിരുന്നതായും അരുണ്‍കുമാറിന്റെ അമ്മ പറയുന്നു. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാത്ത അരുണ്‍കുമാര്‍ മുട്ടുകുത്തിയും കൈകള്‍ നിലത്തൂന്നി നിരങ്ങിയുമാണ് കൃഷിയിടത്തിലേക്ക് എത്തുന്നതും ജോലികള്‍ ചെയ്യുന്നതും. വീടിന് മുന്‍വശത്തുള്ള കോണ്‍ക്രീറ്റ് റോഡ് മുറിച്ചു കടന്നുവേണം വയലിലെത്താന്‍.
50 വാഴയാണ് ഇത്തവണ അരുണ്‍ കൃഷി ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇതിലേറെ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. എന്നാല്‍ ഭൂമി ലഭിക്കാതായതോടെ കൃഷിയുടെ വ്യാപ്തിയും കുറഞ്ഞു. രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കുന്ന അരുണ്‍കുമാര്‍ പ്രഭാതകൃത്യങ്ങള്‍ അടക്കം എല്ലാം ഇപ്പോള്‍ സ്വന്തമായി ചെയ്യുന്നു. ചെറിയ പ്രായത്തില്‍ മറ്റാരെങ്കിലും സഹായിക്കേണ്ടിയിരുന്നു എങ്കിലും ഇപ്പോള്‍ എല്ലാ കാര്യങ്ങളും അരുണ്‍ തന്നെ സ്വന്തമായി ചെയ്യുന്നുണ്ടെന്ന് അമ്മ പറയുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിറവേറ്റി പ്രാര്‍ത്ഥനയും കഴിഞ്ഞ് 6 മണിയോടെ അരുണ്‍ നിരങ്ങിനീങ്ങി കൃഷിയിടത്തിലെത്തും. പിന്നീട് വെയിലാകുന്നത് വരെ വയലില്‍ പണിയെടുക്കും. ഭക്ഷണം അമ്മയോ മറ്റാരെങ്കിലും വയലിലേക്കെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *