താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍

Breaking Politics

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് പറയുന്നു. തവനൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീലിനെതിരെ മത്സരിക്കാനുള്ള സാധ്യത ഫിറോസ് തള്ളിക്കളയുന്നുമില്ല. ചെറുപ്പം മുതലേ യുഡിഎഫ് അനുഭാവിയായ ഫിറോസ് പാണക്കാട് മുനവ്വറലി തങ്ങളുമായും ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ഫിറോസ്
കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ ലീഗ് ആലോചിക്കുന്നതായി പ്രചരണം നടക്കുന്നത്.
മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെയും പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെയും പൊതു ശത്രു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തവനൂര്‍ നിയോജകമണ്ഡലത്തില്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്താല്‍ തവനൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയും എന്നാണ് യുഡിഎഫ് നേതൃത്വം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.ഇത്തവണ കെടി ജലീലിനെ നിയമസഭ കാണിക്കില്ല എന്ന് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ കെടി ജലീലിന് വലിയ പരിഗണനയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷവും കെടി ജലീല്‍ തന്നെ തവനൂരില്‍ മത്സരിക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അതേ സമയം തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മിക്ക പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചതോടൊപ്പം തന്നെ പല പ്രവര്‍ത്തികളും മണ്ഡലത്തില്‍ തുടങ്ങി വെക്കുന്നതിന് സാധിച്ചതായും മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ ഡോ. കെ.ടി ജലീലിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും തൃപ്രങ്ങോട് പഞ്ചായത്തിന്റെ 9.8 ലക്ഷം രൂപയും ഉപയോഗിച്ചാണ് പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തീകരിച്ചത്. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി ചടങ്ങില്‍ അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ വി.പി ഷാജഹാന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.പി റംല എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *