30സീറ്റ് വേണമെന്നാണ് ലീഗ്: കഴിയില്ലെന്ന് കോണ്‍ഗ്രസ്

Breaking Keralam News Politics

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് 30സീറ്റ് വേണമെന്നാവശ്യപ്പെട്ട് നേതൃത്വം.
കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലും ചര്‍ച്ച നടന്നെങ്കിലുംഫലമുണ്ടായില്ല. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകള്‍ക്ക് പുറമെ ആറുസീറ്റുകള്‍കൂടിയാണ് ലീഗ് പുതുതായി ആവശ്യപ്പെട്ടത്. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനചര്‍ച്ചകള്‍ വഴിമുട്ടി. അനുനയശ്രമവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു. എന്നാല്‍ ലീഗ് അയഞ്ഞിട്ടില്ല. കഴിഞ്ഞതവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്.എല്‍ജെഡി, കേരള കോണ്‍ഗ്രസ് (എം) പാര്‍ടികള്‍ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്ന പൊതുവികാരമാണ് കോണ്‍ഗ്രസില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ബുധനാഴ്ച രാവിലെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. ലീഗിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ലീഗ് അധികം സീറ്റ് ചോദിക്കുമ്പോള്‍ മാത്രമാണ് വിവാദമുണ്ടാകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. അധികസീറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്. ലീഗിന് അനാവശ്യമായി വഴങ്ങുന്നുവെന്ന വികാരത്തിലാണ് അണികള്‍.വനിതകള്‍ക്ക് സീറ്റില്ലെന്ന് ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യംവേണമെന്ന വനിതാപോഷകസംഘടനകളുടെ ആവശ്യംതള്ളി മുസ്ലിംലീഗ്. വനിതകള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. സീറ്റ് ആഗ്രഹവുമായി വനിതാനേതാക്കള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്. സീറ്റ് വേണമെന്ന് വനിതാലീഗും എംഎസ്എഫ് വനിതാ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. രണ്ട് സീറ്റ് ആവശ്യപ്പെട്ട് വനിതാലീഗ് കത്തും നല്‍കി. ഇടതുപക്ഷത്തെ സ്ത്രീപ്രാതിനിധ്യവും, പുതിയകാലത്ത് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാതിരിക്കുന്നത് പാര്‍ടിക്ക് ദോഷംചെയ്യുമെന്നും ഇവര്‍ കത്തില്‍ എടുത്തുപറഞ്ഞു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരാണ് മത്സരിക്കണമെന്ന മോഹവുമായി രംഗത്തുള്ളത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയും താല്‍പര്യം വ്യക്തമാക്കി.

സ്ത്രീകളെ മത്സരിപ്പിക്കുന്ന കീഴ്വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ലീഗിന്റെ നീക്കം. 1996ല്‍ ഖമറുന്നീസ അന്‍വറിനെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിച്ചത് മാത്രമാണ് ഇതിന് അപവാദം. ചിലര്‍ സ്വയം സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി മോഹവുമായി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സുന്ദരമുഖമുള്ളവര്‍ നിരാശപ്പെടേണ്ടിവരുമെന്നും കെ പി എ മജീദ് കണ്ണൂരില്‍ വനിതാ ലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ തുറന്നടിച്ചു. അതേസമയം സ്ത്രീപ്രാതിനിധ്യം ചര്‍ച്ചയാകുന്നത് പാര്‍ടിക്ക് ക്ഷീണംചെയ്യുമെന്ന പേടിയും ലീഗിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *