പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പകരക്കാരനായി മലമ്പുഴയില്‍ എ. വിജയരാഘവന്
വന്നേക്കും. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇനി മത്സരിക്കില്ല. ഇതിനുപകരം ഇവിടേക്ക് ശക്തനായൊരു സ്ഥാനാര്‍ഥിയെ തേടുകയാണ് സി.പി.എം. രണ്ടു മുഖ്യമന്ത്രിമാരെ സമ്മാനിച്ച മലമ്പുഴയില്‍ ഇത്തവണ എ. വിജയരാഘവനെ മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതും ഇടതിനൊപ്പമാണ്. തൃത്താല, പാലക്കാട്, മണ്ണാര്‍ക്കാട് എന്നിവയാണ് യു.ഡി.എഫിനുള്ളത്.
ആലത്തൂരില്‍ കെ.ഡി പ്രസേനനും നെന്മാറയില് കെ. ബാബുവിനും രണ്ടാമൂഴം നല്‍കിയേക്കും. നെന്മാറയില് മുന്‍ എം.എല്‍.എ കെ.എ ചന്ദ്രന്റെ മകനും ഡി.സി.സി സെക്രട്ടറിയുമായ കെ.സി പ്രീതിന്റെ പേരാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. സി.എം.പി.നേതാവ് എം.വി രാഘവന് നേരത്തെ ഇവിടെ മത്സരിച്ചു തോറ്റിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസാണ് ഇവിടെ മത്സരിച്ചത്. കോങ്ങാട് മുന്‍ എം.പി എസ്. അജയകുമാറിനെ ഇവിടെ രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. യു.ഡി.എഫില്‍ പ്രൊഫ. കെ.എ തുളസിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ഒറ്റപ്പാലത്ത് ഉണ്ണിക്കു പകരം കെ. ജയദേവന്റെ പേരാണ് ആദ്യഘട്ടത്തില്‍ ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. സരിനെ യു.ഡി.എഫ് പരിഗണിക്കുന്നു.
ഷൊര്‍ണൂരില്‍ സിറ്റിങ് എം.എല്‍.എ പി.കെ ശശി വീണ്ടും മത്സരിക്കാനാണ് സാധ്യത. യു.ഡി.എഫില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനാണ് ഇവിടെ സാധ്യത. സി.പി.ഐക്ക് നല്കിയ രണ്ടു സീറ്റുകളില്‍ പട്ടാമ്പിയില്‍ സിറ്റിങ് എം.എല്‍.എ മുഹമ്മദ് മുഹസിന് വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കോണ്‍ഗ്രസില്‍ മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ട്. മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗ് സിറ്റിങ് എം.എല്‍.എ എന്‍. ഷംസുദ്ദീനെ തന്നെ കളത്തിലിറക്കുമെന്നാണ് സൂചന. ഇവിടെ ആരെ നിര്‍ത്തണമെന്ന് സി.പി.ഐ തിരുമാനിച്ചിട്ടില്ല.
ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെയാകും ഇടതു സ്ഥാനാര്‍ത്ഥി. മുന്‍ എം.എല്‍.എ കെ.അച്യുതന് ആരോഗ്യപ്രശ്നങ്ങളാല്‍ ഇത്തവണ മത്സരരംഗത്തിറങ്ങാന്‍ സാധ്യതയില്ല. കെ.പി.സി.സി സെക്രട്ടറിയും പാലക്കാട് നഗരസഭാ മുന്‍ ചെയര്‍മാനുമായ പി.വി രാജേഷിനെ ഇവിടെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. പാലക്കാട്ട് സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ ഇടതുമുന്നണിക്ക് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ടു തവണ യു.ഡി.എഫിലെ ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് വേറൊരു പരീക്ഷണത്തിനു തയാറല്ല.
തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരേ മുന്‍ എം.പി എം.ബി രാജേഷിനെ സി.പി.എം കളത്തിലിറക്കിയേക്കും. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണി തരൂരില്‍ എ.കെ.ബാലനെത്തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ബാലന് പിന്തിരിഞ്ഞാല് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കും.