വാഗമണ്ണിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും പൂട്ടുവീഴും

Breaking News

ഇടുക്കി: വാഗമണ്ണിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും പൂട്ടിടാന്‍ പഞ്ചായത്തുവകുപ്പും രംഗത്ത്.ഏലപ്പാറയില്‍ നാളെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന. ഉപ്പുതറയില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.അന്വേഷണം നീളുന്നത് ആയിരത്തോളം സ്ഥാപനങ്ങളിലേയ്‌ക്കെന്ന് സൂചന.മേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനായി ഏലപ്പാറ,ഉപ്പുതറ പഞ്ചായത്തുകളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.ഈ രണ്ട് പഞ്ചായത്തുകളിലായി വാഗമണ്ണില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരത്തില്‍പ്പെട്ട ആയിരത്തോളം സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിനും പഞ്ചായത്ത് ലൈസന്‍സോ മറ്റ് വകുപ്പുകളുടെ അനുമതിയോ ഇല്ലന്നാണ് അധികൃതര്‍ നടത്തിയ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമെല്ലാം അടച്ചിരുന്നു.ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രാവാഹം ആരംഭിച്ചതോടെ ഇവയെല്ലാം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ഇത്തരത്തില്‍പ്പെട്ട ഭൂരിപക്ഷം സ്ഥാപനങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് വാഗമണ്‍ പൊലീസ് പഞ്ചായത്ത് അധികൃതരെ രേഖമൂലം അറിയിച്ചിരുന്നു.

ക്ലഫ് ഇന്‍ റിസോര്‍ട്ടില്‍ ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചതും ഇതില്‍ പങ്കെടുക്കാനെത്തിയ മോഡലും സിനിമതാരവുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരെ വിലപിടിപ്പുള്ള മയക്കുമരുന്നുമായി .അറസ്റ്റുചെയ്യുകയും ചെയ്തതോടെയാണ് റിസോര്‍ട്ടുകളെയും ഹോംസ്റ്റേകളെയും സംബന്ധിച്ച് പൊലീസ് നിലപാട് കടുപ്പിച്ചത്. ഇതെത്തുടര്‍ന്ന് മേഖലയില്‍ നടത്തിയ പ്രാഥമീക പരിശോധനയില്‍ത്തന്നെ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാഗമണ്‍ പൊലീസിന് ബോദ്ധ്യപ്പെട്ടിരുന്നു.ഇതെത്തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് വാഗമണ്‍ സി ഐ ജയസനില്‍ രേഖമൂലം വിവരം കൈമാറുകയും ചെയ്തിരുന്നു.

കോലിഡ് കാലമായതിനാല്‍ ലൈസന്‍സ് പൂതുക്കി നല്‍കിയിരുന്നില്ലന്നും ഇപ്പോള്‍ ഇതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഏതാനും സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ലൈസന്‍സ് പുതുക്കിയിട്ടുണ്ടെന്നുമാണ് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തില്‍ മറുനാടനുമായി പങ്കുവച്ച വിവരം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സുള്ള 80-ല്‍പ്പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇതില്‍ ഏതാനും സ്ഥാപനനടത്തിപ്പുകാര്‍ ഇതിനകം തന്നെ ലൈസസന്‍സ് പുതുക്കിയതായിട്ടുമാണ് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്.എന്നാല്‍ പഞ്ചായത്ത് പരിധിയില്‍ കൂണുമുളച്ചതുപോലെയാണ് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് ബന്ധപ്പെട്ട അധികൃതരുടെ മൗനസമ്മതത്തോടെയായിരുന്നെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഏലപ്പാറ പഞ്ചായത്തിലെയും സ്ഥിതിവ്യത്യസ്ഥമല്ലന്നാണ്് ലഭ്യമായ വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്.ഇവിടെ കുത്തകപാട്ടവ്യവസ്ഥയില്‍ പാട്ടത്തിനെടുത്ത 55 ഏക്കറില്‍ 200 ലേറെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ഈ ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ -സാമ്പത്തീക ഇടപെടലുകളെത്തുടര്‍ന്നാണ് മേഖലയില്‍ അനധികൃത റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരില്‍ ചിലരൊക്കെ മാസപ്പടി കൈപ്പറ്റിയിരുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നിലവിലെ സാഹചര്യം വിലയിരുത്തിയാല്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സാധാരണക്കാര്‍ക്കുപോലും മനസ്സിലാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ചുരുങ്ങിയ സ്ഥല സൗകര്യത്തില്‍ ,മാനദണ്ഡങ്ങളെല്ലാം കാറ്റിപ്പറത്തി കോവിഡ് വ്യാപനത്തിനിടയിലും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്നത് നിയമ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ വിലങ്ങുതടിയാവുന്നത് രാഷ്ട്രീയ ഇടപെടലുകളാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
നിയമം ലംഘിച്ചതായി ആരോപിച്ച് നടുറോഡില്‍ മര്‍ദ്ദനവും തെറിവിളിയും പുരോഗമിക്കുമ്പോള്‍ ഇവിടെ പരിസ്ഥിതിയെ അപ്പാടെ തകര്‍ത്ത് സര്‍വ്വനിയമങ്ങളും ലംഘിച്ച് ഇത്രയേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *