പൊന്നാനിയില്‍നിന്ന് സ്പീക്കറെ കെട്ടുകെട്ടിക്കാന്‍ യു.ഡി.എഫ്
ചര്‍ച്ചയാക്കുന്നത് ഡോളര്‍ കടത്തിലെ സ്പീക്കറുടെ ബന്ധം

Breaking News Politics

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തംതട്ടകത്തില്‍ സ്പീക്കറെ കെട്ടുകെട്ടിക്കാന്‍ പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് ചര്‍ച്ചയാക്കുന്നത് ഡോളര്‍ കടത്തിലെ സ്പീക്കറുടെ ബന്ധം. അതോടൊപ്പം സ്വപ്നകേസില്‍ രഹസ്യ നമ്പര്‍ ഉപയോഗിച്ചതും പാര്‍ട്ടിക്കകത്തും ചര്‍ച്ച. പൊന്നാനിയില്‍ വീണ്ടും സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മത്സരിക്കാനെത്തുമ്പോള്‍ വെല്ലുവളികള്‍ ഏറെയാണ്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ബന്ധം വിശദീകരിക്കാനാവാതെ പൊന്നാനിയിലെ പ്രാദേശിക നേതൃത്വം കുഴങ്ങുന്നതായും ആരോപണവമുണ്ട്. മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ സാഹചര്യത്തില്‍ പൊന്നാനി മണ്ഡലത്തില്‍ പി.ശ്രീരാമകൃഷ്ണന്‍ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ഡോളര്‍ കടത്തിലെ സ്പീക്കറുടെ ബന്ധവും മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം ഗൃഹസന്ദര്‍ശന പരിപാടികളില്‍ മണ്ഡലത്തിലെ നേതാക്കള്‍ക്ക് ഏറെ വിശദീകരിക്കേണ്ടി വന്നതും ഇതേ വിഷയമാണ്. കൂടാതെ രഹസ്യ നമ്പര്‍ ഉപയോഗിച്ചതും പാര്‍ട്ടിക്കകത്തും ചര്‍ച്ചയായിട്ടുണ്ട്. ഒരു വര്‍ഷത്തോളം ഉപയോഗിച്ചിരുന്ന നമ്പര്‍ സ്വര്‍ണ്ണ കടത്ത് വേളയില്‍ സ്വിച്ച്ഡ് ഓഫായതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ് പൊന്നാനിയിലെ ചില ഉപജാപക സംഘങ്ങളുടെ പിടിയിലാണ് മണ്ഡലത്തിലെത്തുമ്പോഴെല്ലാം സ്പീക്കറെന്നും പാര്‍ട്ടിയില്‍ തന്നെ മുറുമുറുപ്പുണ്ട്. പാര്‍ട്ടിക്ക് പോലും അവമതിപ്പുണ്ടാക്കിയവര്‍ സ്പീക്കറുടെ സന്തത സഹചാരികളാണെന്ന ആരോപണവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പൊന്നാനിയില്‍ തന്നെ മത്സരിക്കുമെന്ന തരത്തിലുള്ള സ്പീക്കറുടെ മറുപടി പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരാണെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. പാര്‍ട്ടി രീതി അനുസരിച്ച് ഇത്തരം പ്രസ്താവനകള്‍ അനുചിതമാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. സ്പീക്കറുടെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചയാകുന്നതിനോടൊപ്പം തന്നെ യു.ഡി.എഫും ഈ വിഷയം മണ്ഡലത്തില്‍ ഉയര്‍ത്തുന്നത് സി.പി.എമ്മിന് കനത്ത വെല്ലുവിളിയാവുകയാണ്

Leave a Reply

Your email address will not be published. Required fields are marked *