കെ.സുധാകരന്റെ കെപിസിസി പ്രസിഡന്റ് സാധ്യത തടയാന്‍ നീക്കം

Breaking News Politics

കണ്ണൂര്‍: കെ.സുധാകരന്റെ കെപിസിസി പ്രസിഡന്റ് സാധ്യത തടയാന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നീക്കം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ‘ചെത്തുകാരന്റെ മകന്‍’ എന്ന കെ.സുധാകരന്റെ പരാമര്‍ശം സിപിഎമ്മിനേക്കാള്‍ കോളിളക്കമുണ്ടാക്കിയത് കോണ്‍ഗ്രസില്‍ തന്നെയാണ്. ഇതും ഈ നിലപാടിന്റെ ഭാഗംതന്നെയാണെന്നാണ് സൂചന. ആദ്യം ഷാനി മോള്‍ ഉസ്മാനെതിരെ ആഞ്ഞടിച്ച സുധാകരന്‍ പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമര്‍ശിച്ചു. താന്‍ ജാതി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദപരാമര്‍ശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.

ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശമെന്നാണ് സുധാകരന്റെ പരാതി. തന്റെ പരാമര്‍ശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് നിലപാടു മാറ്റുകയായിരുന്നു. പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആര്‍ക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ നീക്കമെന്ന് കെ.സുധാകരന്‍ ചാനല്‍ പരിപാടിയില്‍ ആരോപിച്ചു.

തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താന്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പറയാന്‍ ഷാനി മോള്‍ ഉസ്മാന്‍ എംഎല്‍എ ആരെന്ന് സുധാകരന്‍ ചോദിച്ചു. തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി. തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

മൂന്ന് ദിവസമായി ഇങ്ങനെ പറഞ്ഞിട്ട്. എന്നിട്ട് അത് സിപിഎം വിനിയോഗിച്ചിട്ടില്ലാലോ. സിപിഎം വിഷയമാക്കേണ്ടിടത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ വിഷയമാക്കുന്നതിന്റെ രഹസ്യമെന്താണ്. എന്താണവരുടെ താത്പര്യം. കെപിസിസി നേതൃത്വത്തിന് ഞാന്‍ കത്തയച്ചിട്ടുണ്ട്. ഈ പരാമര്‍ശത്തില്‍ താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ല. എനിക്ക് അപാകം തോന്നിയിട്ടില്ല. ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു’. കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിഷയത്തില്‍ നിലപാടെടുക്കട്ടെ എന്നും സുധാകരന്‍ പറഞ്ഞു.

കുലത്തൊഴില്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും എത്രയോ നേതാക്കന്മാര്‍ കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും സുധാകരന്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു. ‘അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ. ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല’, കെ. സുധാകരന്‍ പറഞ്ഞു.

ചെത്ത് തൊഴിലാളി എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. സംസ്ഥാനത്തിന്റെ പൊതു ഫണ്ട് ദുരുപയോഗം ചെയ്ത് സ്വന്തം സുഖത്തിന് ദുരുപയോഗിക്കുന്നു. അതാണ് താന്‍ അര്‍ഥമാക്കിയത്. 18 കോടിയാണ് ഹെലികോപ്ടറിനായി ചെലവഴിച്ചത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഹെലികോപ്ടറിലാണോ യാത്രചെയ്തത് എന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വംശീയ അധിക്ഷേപം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മാപ്പ് പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാം. എന്നാല്‍, ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റത്തെ തെറ്റായി പോയെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് താന്‍ സുധാകരനെ ഓര്‍മപ്പെടുത്തുകയാണെന്നും ഷാനിമോള്‍ പറഞ്ഞു.

പാര്‍ട്ടിയിലെ എതിരാളികള്‍ തക്ക അവസരം നോക്കി അടിക്കുകയാണ്. നാക്കുപിഴയെന്ന് സുധാകരന്‍ സമ്മതിക്കുന്നില്ലെങ്കിലും, പരാമര്‍ശം അനുചിതമായെന്നാണ് പല നേതാക്കളുടെയും മനസ്സിലിരുപ്പ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ സുധാകരനെ രാഹുല്‍ ഗാന്ധി വിളിപ്പിച്ചതോടെ പ്രസിഡന്റ് പദവി ലഭിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വിവാദ പ്രസംഗം അതിന് തടയിടുമോ എന്നാണ് കണ്ടറിയേണ്ടത്.

ഐശ്വര്യകേരള യാത്രക്ക് ഇതുവരെ ലഭിച്ച സമ്മാനതകളില്ലാത്ത സ്വീകരണവും ജനക്കൂട്ടവും യുഡിഎഫിന്റെ പ്രതീക്ഷകളെ വീണ്ടും ഉണര്‍ത്തിയിട്ടുണ്ട്. ഈ സമയം തന്നെ അണികള്‍ നിരന്തരം ആവശ്യപ്പെടുന്ന കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിച്ചാല്‍ അത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ യുഡിഎഫിന് കൂടുതല്‍ കരുത്താകുമെന്ന് തീര്‍ച്ചയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇതിനോടകം ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.മത്സരിക്കുന്നുണ്ടെങ്കില്‍ കല്‍പ്പറ്റയാവും തിരഞ്ഞെടുക്കുക എന്നുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. എന്നാല്‍ അത് താനോണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പാര്‍ട്ടി മല്‍സരിക്കാന്‍ ആവശ്യപ്പെട്ട സമയത്തെല്ലാം അനുസരിച്ചിട്ടേയുള്ളൂവെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പറഞ്ഞിരുന്നത്.കല്‍പ്പറ്റയില്‍ മുല്ലപ്പള്ളി മല്‍സരിക്കുന്നുവെന്ന വാര്‍ത്തയ്ക്കിടെ സീറ്റിനായി ലീഗ് അവകാശവാദമുന്നയിച്ചതായി ചില നേതാക്കള്‍ പ്രതികരിച്ചിരുന്നു. ആവശ്യമെന്തായാലും സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *