സിദ്ദിഖ് കാപ്പന്റെ കടുംബാംഗങ്ങള്‍ ചൊവ്വാഴ്ച മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തും

Breaking News

മലപ്പുറം: യു.പി. പോലീസ് അന്യായമായി അറസ്റ്റ്ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കാപ്പന്‍ കടുംബാംഗങ്ങള്‍ ചൊവ്വാഴ്ച മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തും. ഹത്രാസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാനായി പോയ മലപ്പുറം വേങ്ങര സ്വദേശിയും ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിവരികയും ചെയ്തുവരികയായിരുന്ന കാപ്പനെ രക്ഷിക്കാന്‍ കേരളം ഒന്നടങ്കം രംഗത്ത് വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം നടത്തുന്നതെന്ന്
സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതി ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
യു.പി പോലീസ് അറസ്റ്റ് സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചിട്ട് 4 മാസം കഴിഞ്ഞു. യു.എ.പി.എ ഉള്‍പ്പെടെ കടുത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സുപ്രീം കോടതിയിലെ അനന്തമായി നീട്ടിവെക്കുന്ന അവസ്ഥയുണ്ട്. സിദ്ദീഖിന്റെ
മാതാവ് കദീജക്കുട്ടി അവശയായി ആശുപത്രിയിലും വീട്ടിലും കഴിയുന്നു. അവര്‍ നിരന്തരം മകനെ തിരക്കുകയാണ്. വീഡിയോ കോണ്‍ഫ്രന്‍സില്‍ പോലും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഇടക്കാല ജാമ്യ അപേക്ഷയും ഫലം കണ്ടിട്ടില്ല. സിദ്ദീഖിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുപി അധികൃതര്‍ സുപ്രീം കോടതിയില്‍ കേസ് നീട്ടിവെപ്പിക്കുന്നത്.
മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന പ്രതിഷേധ സംഗമം രാവിലെ 10 മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ ദാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല,സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് പാലോളി കുഞ്ഞിമുഹമ്മദ്, കെ.യു.ഡബ്ലു.ജെ ഭാരവാഹികളായ എസ് മഹേഷ് കുമാര്‍, കെ.ഷംസുദ്ദീന്‍ മുബാറക്, കെ.പി.എം റിയാസ്, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, പി.യു.സി.എല്‍ ജനറല്‍ സെക്രട്ടറി അഡ്വ.പി.എ പൗരന്‍ പങ്കെടുക്കും. സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി പത്ര പ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതി ചെയര്‍മാന്‍ എന്‍.പി ചെക്കുട്ടി, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി എം റിയാസ്, സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതി വൈസ് ചെയര്‍മാന്‍ കെ.എസ് ഹരിഹരന്‍, കണ്‍വീനര്‍ കെ.പി.ഒ റഹ്മത്തുല്ല, ജോയിന്റ് കണ്‍വീനര്‍ പി.എ.എം ഹാരിസ്, മജീദ് കാപ്പന്‍, മുസ്തഫ കാപ്പന്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *