തിരുവനന്തപുരം: കെസി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. മറ്റ് ഗ്രൂപ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന നേതാക്കളെ കൂട്ടുപിടിച്ചാണ് കെസി വേണുഗോപാല്‍ ചരടുവലിച്ചു തടങ്ങിയിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ് കെസി വേണുഗോപാല്‍ നീക്കം നടത്തുന്നതെന്നാണ് വിവരം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് കെസിയുടെ പടയൊരുക്കം. ഒരു ഗ്രൂപ്പിലും പെടാത്ത പിടി തോമസ്, എപി അനില്‍കുമാര്‍, ആന്റോ ആന്റണി അടക്കമുള്ളവരാണ് കെസി വേണുഗോപാലിനോടൊപ്പം നില്‍ക്കുന്നത്. കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള കെസി വേണുഗോപാലിന്റെ വരവിന് കളമൊരുക്കുന്നത് പിടി തോമസ് എംഎല്‍എയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഹരിപ്പാട് നിന്നും മത്സരിച്ചാല്‍ രമേശ് ചെന്നിത്തലയെ എങ്ങനെയും തോല്‍പ്പിക്കണമെന്ന് കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കൂറു മുന്നണി ലക്ഷ്യമിടുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ ഗ്രൂപ്പു തര്‍ക്കം രൂക്ഷമാകുമെന്നും ഈ സാഹചര്യത്തില്‍ സമവായ നീക്കമെന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ദുഷ്കരമാകില്ലെന്നുമാണ് കെസി വേണുഗോപാല്‍ കണക്കു കൂട്ടുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും എ കെ ആന്റണിയുടെയും നിലപാട് കെസി വേണുഗോപാലിന് അനുകൂലമാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട സപ്ലിമെന്റില്‍ ആശംസകള്‍ക്കു പകരം ആദരാഞ്ജലി കടന്നുകൂടിയത് പിടി തോമസിന്റെ നിര്ദ്ദേശത്തെത്തുടര്ന്നാണെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് ഇതിനു പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനു പിന്നാലെയാണ് കെസി വേണുഗോപാലിന്റെ രാഷ്ട്രീയനീക്കങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വരുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുന്ന ബാര്‍കോഴക്കേസ് സജീവമായതിനു പിന്നാലെയാണ് സോളാര്‍കേസിലെ പുതിയ നീക്കങ്ങളും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, സോളാര്‍ പീഡനക്കേസ് കുത്തിപ്പൊക്കിയതിനു പിന്നിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്ക്കമാണെന്നും ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം കെസി വേണുഗോപാലിനെയും ഈ സംഘം ലക്ഷ്യമിടുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു മണ്ഡലത്തിലായിരിക്കും കെസി വേണുഗോപാല്‍ മത്സരിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഗ്രൂപ്പുകളുടെ നീക്കം അതിജീവിച്ച് മത്സരിച്ചു ജയിക്കുന്നത് കെസി വേണുഗോപാലിന് വെല്ലുവിളിയാകും.