അര്‍ഹരെ തഴഞ്ഞ് പാണക്കാട് സാദിഖലി തങ്ങളുടെ ഇടപെടലുകള്‍, ലീഗില്‍ പടയൊരുക്കം

Breaking News Politics

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുസ്ലിംലീഗിനുള്ളില്‍ പടയൊരുക്കം. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണ ചര്‍ച്ചകളിലും പോഷക സംഘടനാ ഇടപെടലുകളിലും പ്രവര്‍ത്തന പരിചയവും, ജനകീയതയും നോക്കാതെ സ്വന്തംഇഷ്ടങ്ങള്‍ക്കും ഉപചാപ സംഘങ്ങളുടെ ഇടപെടലുകള്‍ക്കും വിധേയനായി തങ്ങള്‍ ഇടപെടുന്നതായാണ് ആരോപണം. പൂര്‍വ്വികരായ പാണക്കാട്ടെ തങ്ങള്‍മാരില്‍നിന്നും വ്യത്യസ്തമായാണ് സാദിഖലി തങ്ങളുടെ ഇടപെടലുകള്‍ നടക്കുന്നതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുവരെ തൊടാന്‍ മടിച്ച പല പ്രമുഖരെയും മാറ്റാനും ഉദ്ദേശിക്കുന്ന മുസ്ലിം ലീഗില്‍ അര്‍ഹതപ്പെട്ട ലീഗ് നേതാക്കളും യുവജന നേതാക്കളും ഉള്‍പെടുമെന്ന പ്രതീതിയുണ്ടങ്കിലും അവസാന നിമിഷം ബാഹ്യ ശക്തികളുടെ സമ്മര്‍ദവും തെറ്റിധരിപ്പിക്കലും മൂലം പാണക്കാട് നിന്ന് ഉണ്ടാവാറുള്ള വെട്ടിനിരത്തല്‍ ഭീതിയിലാണ് പല പ്രമുഖരും.
മുസ്ലിംലീഗിന്റെ അവസാന വാക്കായ പാണക്കാട് കുടുംബം ഇതുവരെ ഒരു തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ എത്തുകയോ, അധികാര സ്ഥനങ്ങള്‍ കൈവശപ്പെടുത്തുകയോചെയ്തിട്ടില്ല. ഇത്തരത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായ പാണക്കാട്ടെ കൂടുംബത്തിനെതിരെ പരാതിപറയാന്‍പോലും ഒരു ലീഗ് നേതാക്കളും തെയ്യാറാകാറുമില്ല. വീട്ടില്‍ നിന്നിറങ്ങാതെ ജയിക്കാന്‍ പറ്റുന്ന മണ്ഡലങ്ങള്‍ ഉണ്ടായിട്ടും തലമുറകളായി അധികാര സ്ഥാനങ്ങളോട് വിമുഖത കാണിക്കുന്ന പാണക്കാട്ടെ തങ്ങന്മാര്‍ കേന്ദ്രത്തിലും കേരളത്തിലും മുഖ്യമന്ത്രിയെയും നിരവധി മന്ത്രിമാരെയും നിര്‍ദ്ദേശിച്ച അധികാര കേന്ദ്രമാണ്. ചിലനേരങ്ങളില്‍ വിമര്‍ശം നേരിട്ടതൊഴിച്ചാല്‍ കൂടുതലും നിഷ്പക്ഷ തീരുമാനങ്ങള്‍ ആയിരുന്നു അവിടെ നിന്ന് വന്നത്.

എന്നാല്‍ അടുത്ത കാലത്തായി മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും, മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ കൂടിയതിനാല്‍ പാര്‍ട്ടി സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും മറ്റു പോഷക സംഘടനയുടെ നേതൃത്വ തീരുമാനങ്ങളിലും നിരവധി അര്‍ഹര്‍ പുറത്തായതായി പരാതിയുണ്ട്. തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പുതിയ വ്യക്തികള്‍ അധികാ സ്ഥാനങ്ങളിലെത്തുന്ന പ്രവണതയുണ്ട്. ഇതിനെതിരെ ലീഗ് നേതൃത്വത്തിനുള്ളില്‍തന്നെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. സ്വന്തം കൂട്ടുകെട്ടിന് പുറമെ ലീഗിലെ ചില നേതാക്കളും തരാതരം പോലെ ഇദ്ദേഹത്തെ ഉപയോഗിക്കുന്നതിനാല്‍ ഏത് കടുത്ത തീരുമാനത്തിന്റെ അടിയിലും ഒപ്പിടാന്‍ മടിക്കാത്ത സാദിഖലി തങ്ങളുടെ നിലപാട് സൗമ്യരായ പാണക്കാട് കുടുംബത്തിനുനേരെ വിമര്‍ശനം ഉയരാന്‍ കാരണമായിട്ടുണ്ടെന്നുലീഗിനുള്ളില്‍നിന്നുതന്നെ പരാതികളുയര്‍ന്നിട്ടുണ്ട്.

ബാഹ്യ ഇടപെടലില്‍ പെട്ട് ചിന്തിക്കാതെ എടുക്കുന്ന തീരുമാനത്തില്‍ ഇരയാകുന്നത്
പലപ്പോഴും ഉന്നതങ്ങളില്‍ സ്വാധീനം കുറഞ്ഞ സാമ്പത്തിക സൗകര്യങ്ങള്‍ ഇല്ലാത്ത നാട്ടിലെ ജനപ്രിയ നേതാക്കളും അര്‍ഹതപെട്ടവരും ആയിരിക്കും. മതേതര നിലപാടിന്റെ സുതാര്യതയില്‍ എല്ലാവരും
അംഗീകരിക്കുന്ന പാണക്കാട്ടെ തങ്ങന്മാരുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ലേഖനമായിരുന്നു തുര്‍ക്കിയിലെ ഹാഗിയ സോഫിയ വിഷയത്തില്‍ വന്നത്. ഇതൊക്കെ ബാഹ്യ ഇടപെടലില്‍ സംഭവിച്ച അബദ്ധങ്ങള്‍ ആയാണ് കണക്കാക്കുന്നത്. എല്ലാ കമ്മിറ്റി രൂപീകരണത്തിലും
ഇടപെടുക, വെട്ടി നിരത്താന്‍ കൂട്ടുനില്‍ക്കുക, വിമതരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക, സാമ്പത്തിക ശക്തികളുടെ ഇഷ്ടക്കാരനാവുക, എല്ലാ പ്രദേശത്തും സ്വന്തക്കാരെ ഉണ്ടാക്കുക , അത്തരക്കാര്‍ക്ക് വീട്ടിലേക്ക് പിന്‍വാതില്‍ പ്രവേശനം തുടങ്ങി എല്ലാവരും നീതി പ്രതീക്ഷിക്കുന്ന പാണക്കാട് കുടുംബത്തിന് അന്യമായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ സാദിഖലി തങ്ങള്‍ പിന്തുടരുന്ന നിലപാടില്‍ പരക്കെ അമര്‍ഷം ഉയര്‍ന്നുവരുന്നുണ്ട്. പ്രായോഗിക രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച നേതാക്കള്‍ പോലും ഇദ്ദേഹത്തിന്റെ തലതിരിഞ്ഞ നിലപാടുകളില്‍ അസ്വസ്ഥരാണെന്നും ലീഗിനുള്ളില്‍നിന്നും പരാതികളുയര്‍ന്നിട്ടുണ്ട്.

സംസ്ഥാന എം.എസ് എഫ് കമ്മിറ്റി രൂപീകരണം, അത് നിര്‍ത്തിവെക്കല്‍, കെ.എം.സി.സി കമ്മിറ്റി പ്രഖ്യാപനങ്ങള്‍ , മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം, വിവിധ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി വിഷയങ്ങളിലെ ഇടപെടല്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് തുടങ്ങി പതിവില്‍ നിന്ന് വിപരീതമായി സാദിഖലി തങ്ങളുടെ ഇടപെടല്‍ പരക്കെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അധികാര സ്ഥാനങ്ങളോട് അകല്‍ച്ച ഉണ്ടാവുമ്പോഴും അര്‍ഹിച്ചവരെ ബാഹ്യ സമ്മര്‍ദങ്ങളില്‍ പെട്ട് നശിപ്പിക്കാന്‍ ഒരിക്കലും പാണക്കാട് കുടുബം കൂട്ടുനിന്നിട്ടില്ല.
നിയസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്ലിം ലീഗിലെ പല പ്രമുഖരും ഭീതിയിലാണ് . കുഞ്ഞാലിക്കുട്ടിയും വഹാബും മജീദും മുനീറും മത്സരിക്കാന്‍ താല്പര്യപെടുന്നതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവര്‍ക്കു റോള്‍ കുറയും. ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി മാത്രമാണ് ഉന്നതാധികാര സമിതിയില്‍ നിന്ന് മത്സരിക്കാത്തത് . ഈ അവസരം മുതലാക്കി സാദിഖലി തങ്ങളെ വശീകരിക്കാന്‍ പലരും രംഗത്ത് വന്നിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *