മലപ്പുറം: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിശദ പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഉച്ചയോടെയാണ് ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. കലുങ്കിനോട് ചേര്‍ന്ന് പായലും, ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെലിന് സ്റ്റീല്‍ ഇട്ട തരത്തിലാണ് എല്ലുകള്‍ ലഭിച്ചത്.ഏകദേശം ഒരു വര്‍ഷത്തെ പഴക്കമുള്ള എല്ലുകളാണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റീല്‍ കൂടി എല്ലിനൊപ്പം ലഭിച്ചതിനാല്‍ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഭാരതപ്പുഴയില്‍ മരിച്ചവരുടെ മൃതദേഹ അവശിഷ്ടമോ, കൊലപാതകമോ എന്ന സംശയത്തിലാണ് പൊലീസ്. പുഴയില്‍ നിന്നും ലഭിച്ച എല്ലുകള്‍ വിശദ പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുണ്ട്