കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറും അനധികൃത നിയമനംനടത്തിയതിന് തെളിവ്

Breaking News Politics

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമന ആരോപണം കത്തിനില്‍ക്കെ കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തും അനധികൃത നിയമനങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പി എസ് സി ലിസ്റ്റ് നിലനില്‍ക്കെ സെക്രട്ടറിയേറ്റിലെ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡുകളെ സ്ഥിരപ്പെടുത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്.
ശശി തരൂര്‍ അടക്കമുള്ള നേതാക്കളുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നിയമനം നടന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഈ നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷമായി സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഏഴ് ജീവനക്കാരെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്.
2015 ജൂലൈ ഒന്നിനാണ് തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന അപേക്ഷ സെക്യൂരിറ്റി ജീവനക്കാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനും കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയും കെ മുരളീധരനും ശശി തരൂര്‍ എംപിയും കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും നിയമനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു.2015 ഡിസംബര്‍ മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനമായത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2017 മാര്‍ച്ച് 21 ഈ നിയമനങ്ങള്‍ റദ്ദാക്കി. നിയമനങ്ങള്‍ ക്രമ വിരുദ്ധവും ചട്ടവിരുദ്ധവുമായതിനാലാണ് നിയമനങ്ങള്‍ റദ്ദാക്കിയത്. പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു.ഇടതു സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് യുഡിഎഫ് കാലത്തെ പിന്‍വാതില്‍ നിയമനങ്ങളുടെ രേഖകള്‍ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *