കൊച്ചി: കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണെന്ന് നരേന്ദ്ര മോദി. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു. കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത് രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കും. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘അറബിക്കടലിന്റെ റാണിയായ കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണ്. കൊച്ചിക്കാര് സമയത്തിന്റെ വിലയറിയുന്നവരാണ്. പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന്യവും അറിയുന്നവരാണ്. കരയിലൂടെ 30 കിലോമീറ്റര്‍ യാത്രയ്ക്കു പകരം ഇനി കായലിലൂടെ മൂന്നര കിലോമീറ്റര്‍ യാത്ര മതി. അതോടെ സൗകര്യം, വ്യാപാരം, പ്രവര്ത്തനക്ഷതമത എന്നിവ കൂടും. തിരക്ക്, മലിനീകരണം, ചെലവ് എന്നിവ കുറയും’. വില്ലിങ്ടണ്‍ ഐലന്ഡ്ബോള്ഗാട്ടി റോ-റോ സര്‍വീസ് യാനങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ് അവസരം ലഭിച്ചത്. ഇതൊരു വലിയ സാധ്യതയായി കാണണം. പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കും. യുവത്വവും സംസ്കാരവും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണു സാധിക്കും.
വൈകിട്ട് മൂന്നോടെ ചെന്നൈയില്‍നിന്നു നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി ജി.സുധാകരനാണ് സ്വീകരിച്ചത്. ഇവിടെനിന്നു ഹെലികോപ്റ്ററില്‍ കാക്കനാട്ടെത്തി അവിടെനിന്നു ബിപിസിഎല്‍ കൊച്ചി റിഫൈനറീസിനു സമീപം അമ്പലമുകളിലെ വേദിയിലേക്ക് എത്തിയത് നാലോടെ.
കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി ഔദ്യോഗിക അക്കൗണ്ടില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ പരിപാടിയില്‍ തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിഫൈനറിയിലെ പ്രൊപ്പിലീന്‍ ഡെറിവേറ്റീവീസ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി – 6000 കോടി രൂപ), കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാഗരിക ഇന്റര്‍നാഷനല്‍ ക്രൂസ് ടെര്‍മിനല്‍ (25.72 കോടി), കൊച്ചി ഷിപ്യാഡ് ഗിരിനഗറില്‍ നിര്‍മ്മിച്ച സാഗര്‍ വിജ്ഞാന് ക്യാംപസ് (27.5 കോടി), വില്ലിങ്ഡണ്‍ ഐലന്‍ഡ് – ബോള്‍ഗാട്ടി റോ – റോ സര്‍വീസ് നടത്തുന്ന യാനങ്ങള്‍ (30 കോടി) എന്നിവയുടെ സമര്‍പ്പണത്തിനു പുറമേ, അമോണിയ ഇറക്കുമതിക്കായി ഫാക്ടിനു വേണ്ടി തുറമുഖത്തു പുനര്‍നിര്‍മ്മിക്കുന്ന സൗത്ത് കോള്‍ ജെട്ടിയുടെ ശിലാസ്ഥാപനവും (20 കോടി) പ്രധാനമന്ത്രി നിര്‍വഹിച്ചു.
6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രൊജക്ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകള്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എല്‍. നിലവില്‍, നിഷ് പെട്രോകെമിക്കലുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.വര്‍ഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്സോ ആല്‍ക്കഹോള്‍സ് എന്നിവയാണ് പി.ഡി.പി.പിയില്‍ ഉത്പാദിപ്പിക്കുന്നത്. ഐ.ആര്.ഇ.പി 2019 ജനുവരിയില്‍ പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരുന്നു.
റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആര്.ഇ.പിയുടെ നിര്‍മ്മാണഘട്ടത്തില്‍ 20,000 പേര്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിച്ചു. ഐ.ആര്.ഇ.പിയില്‍ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്കൃത വസ്തുവായ പ്രൊപ്പീലിന്‍ ലഭ്യമാക്കുന്നത്.കൊച്ചി തുറമുഖ ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ് 25.72 കോടി രൂപയാണ്. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്. പുതിയ ടെര്‍മിനലില്‍ 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം.
12,500 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെര്മിനസില് ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ളിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സെക്യൂരിറ്രി കൗണ്ടറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും. കസ്റ്റംസ് ക്ളിയറിംഗും ഒരു കുടക്കീഴില് തന്നെ പൂര്‍ത്തിയാക്കാം.’
കേരളം ഏറ്റവും കൂടുതല്‍ പെയിന്റ് ഉപയോഗിക്കുന്ന സംസ്ഥാനമാണ്. കെട്ടിട നിര്‍മ്മാണ രംഗത്തും മറ്റും പ്രാദേശികമായി ആവശ്യമുള്ള വസ്തുക്കളാണ് പി.ഡി.പി.പിയില്‍ ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും നേട്ടത്തിനും തൊഴില്‍ വര്‍ദ്ധനയ്ക്കും പദ്ധതി സഹായകമാകും.