പി.എസ്.സി പരീക്ഷാ രീതികള്‍ മാറ്റി. പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടമായി നടത്തുമെന്ന് ചെയര്‍മാന്‍

Breaking Education Keralam Local

തിരുവനന്തപുരം: കോവിഡും ലോക്ഡൗണും കാരണം മാറ്റിയ പരീക്ഷകള്‍ നടത്തുന്നതോടൊപ്പം
പി.എസ്.സിയുടെ പരീക്ഷാ രീതികള്‍ മാറ്റുകയാണെന്നും പി.എസ്.സി ചെയര്‍മാന്‍. രണ്ട് ഘട്ടമായാണ് ഇനി പരീക്ഷകള്‍ നടത്തുക. സ്‌ക്രീനിങ് മാര്‍ക്ക് അന്തിമ ഫലത്തെ ബാധിക്കില്ലെന്നും മികവുള്ളവര്‍ മാത്രം രണ്ടാംഘട്ടത്തിലേക്ക് കടക്കും. ഡിസംബര്‍ മുതലാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആദ്യപരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റായി കണക്കാക്കുമെന്നും, ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലര്‍ക്കുള്ള രണ്ടാം ടെസ്റ്റിലെ മാര്‍ക്കാകും അന്തിമറാങ്കിംഗില്‍ മാനദണ്ഡമാകുക. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തും പിഎസ്‌സി വിജയകരമായിത്തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ ചെയര്‍മാന്‍ 11,000ത്തോളം നിയമനശുപാര്‍ശകള്‍ കൊവിഡ് കാലത്ത് നല്‍കാനായെന്നും വ്യക്തമാക്കി.

പരീക്ഷകള്‍ പൂര്‍ത്തിയായാല്‍ റാങ്ക് ലിസ്റ്റുകള്‍ വേഗത്തിലാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷകളെല്ലാം രണ്ട് ഘട്ടത്തിലായിട്ടാകും നടത്തുക. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്‌ക്രീനിംഗ് ടെസ്റ്റാകും. ഇതില്‍ പാസ്സാകുന്ന മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാം പരീക്ഷ നടത്തും. ഇതില്‍ വിഷയാധിഷ്ഠിതമായ, കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ ഉണ്ടാകും. ഇതിന്റെ മാര്‍ക്കാകും അന്തിമറാങ്കിംഗിന്റെ മാനദണ്ഡം. യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് അന്തിമറാങ്കിംഗില്‍ പരിഗണിക്കപ്പെടില്ല.


യു.പി.എസ്.സി പരീക്ഷയുടെ അടക്കം മാതൃകയില്‍ മികച്ച രീതിയില്‍ പരീക്ഷാരീതി സമഗ്രമായി മാറ്റുകയാണെന്നും ഇത് ഇന്നലെ മുതല്‍ നിലവില്‍ വന്നതായും പിഎസ്‌സി ചെയര്‍മാന്‍ വ്യക്തമാക്കി. യോഗ്യതാപരീക്ഷ പാസ്സായി വരുന്നവരുടെ എണ്ണം കുറവാകുന്നതിനാല്‍ല്‍ പരീക്ഷാഫലം വരാന്‍ വൈകില്ല. ഡിസംബര്‍ മുതലുള്ള പരീക്ഷകളിലാണ് പുതിയ രീതി നടപ്പാകുകയെന്നും ചെയര്‍മാന്‍ പറഞ്ഞു.


കൊവിഡ് കാരണം മാറ്റിയ പരീക്ഷകള്‍ നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാകും ഈ പരീക്ഷകള്‍ നടത്തുകയെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുക. അതേസമയം കെഎഎസ്, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസിന്റെ പ്രാഥമികപരീക്ഷാഫലം ഓഗസ്റ്റ് 26ന് വരുമെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *