പ്രണയലോലനായ ഐ.എം.വിജയന്‍. ഉള്ളില്‍ നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യം കെടാതെ കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ കാമുകന്‍. വിജയനും രാജിയും ഒന്നായിട്ട് 26 വര്‍ഷം തികയുന്നു

Breaking Keralam Sports

മലപ്പുറം: ബൂട്ടുകളില്‍ അണയാത്ത അഗ്‌നിയുമായി ഈറ്റപ്പുലിയെ പോലെ എതിര്‍ ഗോള്‍മുഖങ്ങളില്‍
വട്ടം ചുറ്റുന്ന സ്ട്രൈക്കര്‍ മാത്രമായിരുന്നില്ല ഇന്ത്യയുടെ അഭിമാനമായ കറുത്ത മുത്ത് ഐ.എം വിജയന്‍.
മറിച്ച് പ്രണയലോലനായ ഒരു കാമുകന്‍കൂടിയായിരുന്നുവെന്ന് സുഹൃത്ത് രവിമേനോന്‍. ഐ.എം വിജയന്‍ ഇന്ത്യന്‍ഫുട്‌ബോളില്‍ നിറഞ്ഞാടുന്ന സമയത്തുതന്നെ തന്റെ വ്യക്തിപരമായ കാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നുവെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു. വിജയനും ഭാര്യരാജിയും ഒന്നായിട്ട് ഇരുപത്താറു വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് സുഹൃത്ത് രവിമേനോന്‍ വിജയനുമായുള്ള ചില അനുഭവങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കടുവെച്ചിരിക്കുന്നത്. രവിമേനോന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ.

വിജയനും രാജിയ്ക്കും ആശംസകള്‍

ഇരുപത്താറു വര്‍ഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം കടന്നുപോയത് എത്ര വേഗം!
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വിജയന്‍ കാണാന്‍ വന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. പ്രണയവും പ്രതീക്ഷയും സ്‌നേഹവും ആഹ്‌ളാദവും മിന്നിമറയുന്നുണ്ടായിരുന്നു ആ കണ്ണുകളില്‍. രവിയേട്ടാ, ഇത് ഞാന്‍ കൊല്‍ക്കത്തേന്ന് രാജിക്ക് വേണ്ടി വാങ്ങിക്കൊണ്ടന്ന സാര്യാണ് ട്ടാ. എങ്ങനേണ്ട്?.”– നിഷ്‌കളങ്കമായി വിജയന്റെ ചോദ്യം.
ബൂട്ടുകളില്‍ അണയാത്ത അഗ്‌നിയുമായി ഈറ്റപ്പുലിയെ പോലെ എതിര്‍ ഗോള്‍മുഖങ്ങളില്‍ വട്ടം ചുറ്റുന്ന സ്ട്രൈക്കറെയല്ല ആ കണ്ണുകളില്‍ ഞാന്‍ കണ്ടത്; പ്രണയലോലനായ ഒരു കാമുകനെയാണ്. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഉള്ളില്‍ നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യം കെടാതെ കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ കാമുകന്‍.
ഓര്‍മ്മകളുടെ ആല്‍ബത്തില്‍ നിന്ന് വീണ്ടെടുത്ത ആ പഴയ ഫോട്ടോ ഇന്നലെ അയച്ചുകൊടുത്തപ്പോള്‍ വിജയന്റെ അത്ഭുതം കലര്‍ന്ന മറുപടി: ”രവിയേട്ടാ ഇങ്ങളല്ലാതെ ഇതൊക്കെ വേറെ ആരാ സൂക്ഷിച്ചുവെക്ക്യാ? ഇങ്ങള് ന്റെ ചങ്കാണ് ട്ടാ, ചക്കരക്കുടാണ് ട്ടാ, ബ്രദര്‍ ആണ് ട്ടാ.. ”
ശരിയാണ്. ചില സ്‌നേഹബന്ധങ്ങള്‍ അങ്ങനെയാണ്. കാലത്തിനൊത്ത് അവ വളര്‍ന്നുകൊണ്ടിരിക്കും. കൊറോണയ്ക്ക് മാത്രമല്ല കൊറോണയേക്കാള്‍ ഭീതിദമായി സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറസുകള്‍ക്കൊന്നിനും തൊടാന്‍ പോലുമാവില്ല അത്തരം ബന്ധങ്ങളെ….
ആശംസകള്‍, പ്രിയ വിജയനും രാജിക്കും കുടുംബത്തിനും….–രവിമേനോന്‍

അതേ സമയം ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം രണ്ടുമാസം മുമ്പ് നല്‍കിയിരുന്നു.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) ഐ.എം. വിജയനെ പത്മശ്രീ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ നാലാമത്തെ വലിയ സിവിലയന്‍ പുരസ്‌കാരമാണിത്. 2003ല്‍ ഐ.എം. വിജയന് അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു. ചുനി ഗോസ്വാമി, പി.കെ. ബാനര്‍ജി, ബൈചുങ് ബൂട്ടിയ എന്നിവരുള്‍പ്പടെ ആറു ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി 79 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അന്‍പത്തൊന്നുകാരനായ ഐ.എം. വിജയന്‍. 40 ഗോളുകളും നേടി. 1993, 1997, 1999 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും നേടി. ഐ.എം. വിജയന്റെ പേര് പത്മശ്രീ പുരസ്‌കാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതായി എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പിടിഐയോട് സ്ഥിരീകരിച്ചു. ശൈലന്‍ മന്ന (1971), ചുനി ഗോസ്വാമി (1983), പി.കെ. ബാനര്‍ജി (1990), ബൈചുങ് ബൂട്ടിയ (2008), സുനില്‍ ഛേത്രി (2019), ബെംബം ദേവി (2020) എന്നിവരാണ് ഇതിനു മുന്‍പ് ഫുട്‌ബോളില്‍നിന്ന് ഈ പുരസ്‌കാരം നേടിയവര്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയനായ ഒരു താരമാണ് ഐ എം വിജയന്‍. കേരളം ജന്മം നല്‍കിയ ഫുട്‌ബോള്‍ കളിക്കാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999-ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്ഫീല്‍ഡറായും തിളങ്ങിയിട്ടുണ്ട്. ചില മലയാള ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *