അമിത് ഷായോട് ചോദ്യങ്ങള്‍ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Breaking Keralam News Politics

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് എണ്ണിയെണ്ണി ചോദ്യങ്ങള്‍ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് ‘അങ്ങോട്ടും ചില ചോദ്യങ്ങളുണ്ട്’ എന്ന് പറഞ്ഞ് അമിത് ഷായോട് മുഖ്യമന്ത്രി ചില ചോദ്യങ്ങള്‍ ചോദിച്ചത്. അനീതി കണ്ടാല്‍ പേടിച്ച് മിണ്ടാതിരിക്കില്ലെന്ന് അമിത് ഷായ്ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ചോദ്യത്തിനും ഉത്തരം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘സ്വര്‍ണം, ഡോളര്‍ കടത്ത് എന്നിവയെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് സഹിക്കുന്നില്ലെന്നാണ് പറയുന്നത്. അതിന് പറയാനുള്ള മറുപടി, അസഹിഷ്ണുതയുടെ രാഷ്ട്രീയം ഞങ്ങളുടേതല്ല. അനീതിയും അസഹിഷ്ണുതയും അക്രമവും കണ്ടാല്‍ പേടിച്ചു മിണ്ടാതിരിക്കുന്ന പതിവും ഞങ്ങള്‍ക്കില്ല. ഇതാണ്, അതിന് ആദ്യമായിട്ട് പറയാനുള്ളത്. പിന്നെ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍, സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി താങ്കളുടെ ഓഫീസിലല്ലേ പ്രവര്‍ത്തിക്കുന്നത് ? മൂന്നര ലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ? പ്രധാന പ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയോ? പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികള്‍ക്കായി ഫോണ്‍ ചെയ്‌തോ? കസ്റ്റംസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയോ? ഇത്രയും നാള് എല്ലാം ഏജന്‍സികളെയും കൊണ്ടുവന്ന് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ട് ഒരു ചോദ്യത്തിനും ഉത്തരം കിട്ടിയില്ല എന്ന അദ്ദേഹത്തിന്റെ വിഷമം നമുക്കെല്ലാവര്‍ക്കും മനസിലാക്കാനാകും. കഴിഞ്ഞ തവണ അദ്ദേഹം വന്നപ്പോള്‍ ഒരു മരണത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്തേ ഇപ്പോ അതിനെപ്പറ്റി മിണ്ടാട്ടമില്ലാത്തത്. അതിനെക്കുറിച്ച് തിരിച്ച് ഞാന്‍ ചോദിച്ചിരുന്നല്ലോ? ഇപ്പോ ഒന്നും പറയുന്നില്ല, അതിനെപ്പറ്റി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിയന്ത്രിച്ചയാളാണ് അദ്ദേഹം.’ – മുഖ്യമന്ത്രി പറഞ്ഞു.

‘കേന്ദ്ര ആഭ്യന്തരവകുപ്പ് അദ്ദേഹമാണല്ലോ കൈകാര്യം ചെയ്യുന്നത്. ആ നിലയ്ക്ക് ചില ചോദ്യങ്ങള് അദ്ദേഹത്തോട് ചോദിക്കാനുണ്ട്. സ്വര്‍ണം അയച്ചയാളെ കഴിഞ്ഞ ഒമ്പതുമാസമായി പിടി കൂടിയോ? സ്വര്‍ണ കള്ളക്കടത്തിലാണല്ലോ അന്വേഷണം തുടങ്ങിയത്. ഒമ്പതു മാസമായിട്ട് എന്തേ ഈ സ്വര്‍ണം അയച്ചയാളെ പിടി കൂടാന്‍ കഴിയാത്തത്. കള്ളക്കടത്ത് സ്വര്‍ണം ഇങ്ങോട്ടു വന്നു. ആര് എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തില്‍ തെളിഞ്ഞോ? എന്ത് അന്വേഷണമാണ് പിന്നെ നടക്കുന്നത്. ഇതായിരുന്നല്ലോ ഞാന്‍ ആദ്യമേ എഴുതിയ കത്തില്‍ പ്രധാനമന്ത്രിയോ ആവശ്യപ്പെട്ടത്. പിന്നെ ലേശം വിഷമമുള്ള കാര്യമാണ്. ഈ സ്വര്‍ണം എത്തിയത് ആര്‍ എസ് എസ് ബന്ധമുള്ളവരിലേക്ക് ആണോ? ആര്‍ എസ് എസുകാര്‍ ആരും സ്വര്‍ണം കടത്തുന്നവരാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ചിലര് ഇതുമായി ബന്ധമുള്ളവരായോ? അവരിലേക്ക് സ്വര്‍ണം എത്തിയിട്ടുണ്ടോ? യു എ പി എ ചുമത്തിയിട്ടും പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം കിട്ടിയല്ലോ? അതെന്തു കൊണ്ടായിരുന്നു. സ്വര്‍ണ കള്ളക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ഒപ്പമിരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താന്‍ വിദേശകാര്യ സഹമന്ത്രിയായ ആള്‍ നടത്തിയ പരാമര്‍ശം ആഭ്യന്തരമന്ത്രിക്ക് അറിയാത്തത് ആണോ? സ്വര്‍ണകടത്തില്‍ പ്രതിയായ ആളെ വിമാനത്താവളത്തില്‍ കസ്റ്റംസില്‍ നിയമിച്ചത് ആരായിരുന്നു. അത്തരക്കാരെ സംരക്ഷിച്ചത് ആരാണ്? കള്ളക്കടത്തുമായി ബന്ധമുള്ളയാളെ സംരക്ഷിക്കേണ്ട കാര്യം എന്താണ്? ഇതിനൊക്കെയുള്ള ഉത്തരം അമിത് ഷായില്‍ നിന്ന് സ്വാഭാവികമായി നാട് പ്രതീക്ഷിക്കുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അതിനെല്ലാം ഉത്തരം പറഞ്ഞിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ആയിരിക്കും ഭംഗിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *