പ്രവചനാതീതമായി പെരിന്തല്‍മണ്ണ വിജയം അവകാശപ്പെട്ട് ഇരുമുന്നണികളും

Breaking News Politics

മലപ്പുറം: പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ പ്രവചനാതീതതമായി പെരിന്തല്‍മണ്ണ മണ്ഡലം.
വിജയം അവകാശപ്പെട്ട് ഇരുമുന്നണികളും രംഗത്ത്. അട്ടിമറിയിലൂടെ സീറ്റ് നേടാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പഴയ ലീഗ് ചെയര്‍മാന്‍ കെ.പി.എം മുസ്തഫ ഒരുങ്ങുമ്പോള്‍ സീറ്റ് നിലനിര്‍ത്താന്‍ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരവും സജീവം. കഴിഞ്ഞ തവണ വെറും അറുനൂറില്‍ താഴേ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി ഇവിടെ വിജയിച്ചിരുന്നത്. ഇതിന് പിന്നാലെ നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയമസഭാ അടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം. ഇതിനു പുറമെ മുസ്ലിംലീഗ് നേതാവും മുന്‍ മലപ്പുറം നഗരസഭാ ചെയര്‍മാനുമായിരുന്ന കെ.പി.എം.മുസ്തഫയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ ലീഗ് വോട്ടും മറിയുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിക്കുന്ന രീതിയിലാണ് എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി. എം മുസ്തഫ. സ്ഥാനാര്‍ത്ഥി പ്രഖ്യാപന നാളുമുതല്‍ തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലായി നൂറു കണക്കിന് കുടുംബയോഗങ്ങളിലാണ് സ്ഥാനാര്‍ത്ഥി പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വന്‍ബഹുജന പങ്കാളിത്തമാണ് ഓരോ കുടുംബയോഗങ്ങളിലും പ്രകടമാകുന്നത്. കെപിഎം മുസ്തഫയുടെ മണ്ഡലത്തിലെ പൊതുസ്വീകാര്യതയും എല്ലാവര്‍ക്കും ഏത് സമയത്തും സമീപസ്ഥനാണെന്നതും പ്രചാരണപ്രവര്‍ത്തവനങ്ങള്‍ക്ക് ശക്തിപകരുന്നു. സ്ഥാനാര്‍ത്ഥിയുടെ പര്യടനങ്ങള്‍ മണ്ഡലത്തില്‍ രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന്റെ അനായാസ ജയം എന്നതിലേക്ക് പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറുന്ന കാഴ്ചയാണ് ഉയരുന്നത്. വിജയമുറപ്പിച്ച എല്‍ഡിഎഫ് മുന്നണി ഭൂരിപക്ഷം പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറു കോര്‍ണര്‍ യോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും നൂറു കണക്കിന് സ്‌ക്വാഡുകള്‍ ഗൃഹ സന്ദര്‍ശനം നടത്തിയുമുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ വ്യക്തമായ മുന്നേറ്റം സൃഷ്ടിച്ചിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
അതേ സമയം യുവ സംരംഭകരെയും യുവ വ്യവസായികളെും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ബി.സി.ഐ.ഡി.സി പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം പറഞ്ഞു. ഞായറാഴ്ച മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ വോട്ടര്‍മാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആരോഗ്യ സംവിധാനത്തിന്റെ ആണിക്കല്ലുകളായ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കാലാനുസൃതമായി നവീകരിക്കും. നഗരത്തിലെ ആസ്പത്രികളില്‍ നിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ എത്രയും പെട്ടെന്ന് നികത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കുന്നുംപുറം, കളത്തിലക്കര, കൊല്ലങ്കോട് മുക്ക്, ആനത്താനം, കിഴങ്ങത്തോള്‍, പുളിങ്കാവ്, കാര പഴത്തോട്ടിങ്ങല്‍, ഓടുവന്‍കുണ്ട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെ പെരിന്തല്‍മണ്ണ നഗരത്തില്‍ യു.ഡി.വൈ.എഫ് സംഘടിപ്പിച്ച പദയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നഗരത്തെ ഇളക്കിമറിച്ച് യുവാരവങ്ങള്‍ മുഴങ്ങി. പ്രചാരണ കാലം നല്‍കിയ വര്‍ധിത ആവേശത്തോടെ പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണ രംഗത്തും മുന്നേറ്റം തുടരും.

Leave a Reply

Your email address will not be published. Required fields are marked *