ദിവസവും മൊബൈലിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 10രൂപ നല്‍കുന്ന നിര്‍ധന കുടുംബം കേരളത്തില്‍തന്നെയാണ്

Breaking Keralam Life Style News

മലപ്പുറം: മൊബൈല്‍(ബാറ്ററി)ചാര്‍ജ് ചെയ്യുന്നത് ദിവസവും 10രൂപ നല്‍കി. താമസം രണ്ടു വര്‍ഷമായി വൈദ്യുതിയില്ലാതെ താല്‍ക്കാലിക ഷെഡില്‍, പ്രളയത്തില്‍ വീട് തര്‍ന്ന കുടുംബത്തിന്റെ
ദുരവസ്ഥ കണ്ടാല്‍ ഏവരുടേയും കണ്ണുനിറയും. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂര്‍ മതില്‍മൂല കോളനിയിലെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. രണ്ടു വര്‍ഷമായി വൈദ്യുതിയില്ലാതെ താല്‍ക്കാലിക ഷെഡില്‍ കഴിയുന്ന കുടംബത്തിന്റെ ദുരവസ്ഥ ഇങ്ങിനെയാണ്. രണ്ടു വര്‍ഷമായി മതില്‍മൂല കോളനിയിലെ ഈ കുടുംബം അങ്കണവാടിക്ക് വേണ്ടി ഉണ്ടാക്കിയ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇവിടേക്ക് വൈദ്യുതി ഇത് വരെ ലഭിച്ചിട്ടില്ല. ഇത് കൊണ്ട് തന്നെ ഇവര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറ്റു വഴികളില്ല. അടുത്തുള്ള കടയില്‍ കൊടുത്താണ് മൊബൈല്‍ ചാര്‍ജ് ചെയ്യാറുള്ളത്. ഇതിനായി പത്തു രൂപയും കടക്കാരന് നല്‍കണം. സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ ഇതും കൂടെ താങ്ങാനാവാത്ത അവസ്ഥയാണെന്ന് കൂലിപ്പണിചെയ്ത് ജീവിക്കുന്ന കുടുംബം പറയുന്നു. കുട്ടികളുടെ പഠന രീതി കൂടെ മാറിയപ്പോള്‍ വലിയൊരു ബാധ്യതയാണ് ഇവര്‍ക്ക് വരുന്നത്. ഇങ്ങനെയൊക്കെ എത്ര കാലം കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുമെന്നറിയില്ല എന്നും അവര്‍ കൂട്ടിചെര്‍ത്തു. കോളനിയിലെ കുട്ടികളുടെ പഠനവും ഒരു ചോദ്യചിഹ്നമാവുകയാണ്.കെ എസ് ഇ ബി ഓഫീസില്‍ ചെന്ന് തങ്ങളുടെ അവസ്ഥ അറിയിച്ചെങ്കിലും അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സര്‍ക്കാരില്‍ നിന്നനുവദിച്ച വീട് കഴിഞ്ഞ വര്ഷം കിട്ടേണ്ടതാണ്. എന്നാല്‍ വീടിന്റെ പണി ഇപ്പോഴും പകുതി പോലും ആയിട്ടില്ല. അത് പൂര്‍ത്തിയാകാതെ വൈധ്യുതി ലഭിക്കും എന്ന പ്രതീക്ഷയും ഈ കുടുംബത്തിനില്ല. എത്രെയും പെട്ടെന്ന് തന്നെ വീട് പണി പൂര്‍ത്തിയാക്കി താമസം മാറാനുള്ള സൗകര്യം ഒരുക്കിതരണം എന്നാണ് ഇവര്‍ക്ക് സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ളത്. 2018 ലെ പ്രളയത്തിലാണ് ഈ കുടുംബത്തിന് വീട് നഷ്ടമായത്. ദുരിതം നിറഞ്ഞ ജീവിതം എന്ന് തീരുമെന്ന ആശങ്കയിലാണ് കുടുംബം.
അന്നു തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മലയോര ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. . ആഢ്യന്‍പാറയ്ക്ക് സമീപം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലില്‍ കാഞ്ഞിരംപുഴ കരകവിഞ്ഞൊഴുകി. മതില്‍മൂല പട്ടികജാതി കോളനി പൂര്‍ണമായും നിലംപരിശായി. കാഞ്ഞിരംപുഴ ഗതിമാറിയൊഴുകി കോളനിയിലെ 50 വീടുകളില്‍ 10 വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുത്തൊഴുക്കില്‍ കൂറ്റന്‍ പാറകളും പടുകൂറ്റന്‍ വൃക്ഷങ്ങളും കോളനിയിലെ വീടുകളിലേക്ക് അതിവേഗത്തില്‍ പതിക്കുകയായിരുന്നു. വീടുകളില്‍ പലതും ഒലിച്ചുപോയി. കെട്ടിടാവശിഷ്ടംവരെ കാണാതായി. രാത്രി 12.30ഓടെയാണ് ആഢ്യന്‍പാറക്ക് സമീപം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയത്. കുത്തൊഴുക്കിന്റെ ശബ്ദംകേട്ട കോളനി നിവാസികള്‍ അടുത്തുളള റബര്‍ തോട്ടങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. മീമ്പറ്റ വീട്ടില്‍ രാമകൃഷ്ണന്‍, നാടിച്ചി, രതീഷ്, കുണ്ടുങ്ങല്‍ മോഹന്‍ദാസ്, ചപ്പ മതില്‍മൂല കോളനി, ആനന്ദവല്ലി കുമ്പളപ്പാറ, അഷ്റഫ്, തുമ്പയില്‍ ആണ്ടി, ശാന്ത, മീമ്പറ്റ മഞ്ജുഷ, അസീസ്, തുമ്പയില്‍ നിധീഷ്, ദാസന്‍ തുമ്പയില്‍, ഷീജ മീമ്പറ്റ, മാധവി മതില്‍മൂല, പറമ്പില്‍പീടിക മൈമൂന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കാഞ്ഞിരപ്പുഴക്ക് കുറകെ താമസിക്കുന്ന രാമത്തുപറമ്പില്‍ വേലായുധന്റെ വീടിന്റെ അടിഭാഗം പുഴയിലേക്ക് കൂപ്പുകുത്തി. കോളനിയിലുണ്ടായിരുന്ന 169 പേരെ പെരുമ്പത്തൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
പശു, ആട്, കോഴി എന്നിവയുള്‍പ്പെടെ പ്രളയത്തില്‍ മുങ്ങിച്ചത്തു. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടു വയസുമുതല്‍ പ്രായമായ രോഗികളെവരെ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ് ആധുനിക സംവിധാനമുപയോഗിച്ച് രക്ഷിച്ചു. ചാലിയാര്‍ പഞ്ചായത്തില്‍നിന്ന് മതില്‍മൂല ആദിവാസി കോളനിയിലേക്ക് പ്രവേശിക്കുന്ന നമ്പൂരിപ്പെട്ടി ആഢ്യന്‍പാറ റോഡ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
പട്ടികജാതി വികസന വകുപ്പ് 2014ല്‍ പത്തുലക്ഷം രൂപ കോര്‍പസ് ഫണ്ട് ഉപയോഗിച്ച് മതില്‍മൂല എസ് സി കോളനിയില്‍ പുഴയില്‍നിന്ന് വെള്ളം കയറാതിരിക്കാന്‍ സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. എന്നാല്‍, സംരക്ഷണഭിത്തിയുടെ അടിഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ അപകടത്തിലെ ഈകുടുംബവുംപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *