ഖത്തര്‍ ലോകകപ്പ്
കാണികള്‍ക്ക് താമസിക്കാന്‍
കെട്ടിടങ്ങള്‍ സജ്ജമായി

Breaking International Sports

ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പ് വേളയില്‍ കാണികള്‍ക്ക് താമസമൊരുക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഹൗസിങ് ഡിപാര്‍ട്ട്മെന്റ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ധാരണയിലെത്തിയത്.
താമസ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ വിശദമായി പഠിച്ച ശേമാണ് അംഗീകാരം നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇവയില്‍ ടവറുകള്‍, പാര്‍പ്പിട സമുഛയങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 15,000 മുറികള്‍ ഇതിലൂടെ ലഭ്യമാവും.
2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള തീയതികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2022 നവംബര്‍, ഡിസംബര്‍ മാസത്തിലായിരിക്കും ലോകകപ്പ് നടക്കുക. നവംബര്‍ 21നാണ് കിക്കോഫ്. ഡിസംബര്‍ 18ന് ഫൈനലും നടക്കും. 80,000 പേര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാന്‍ കഴിയുന്ന ലുസൈല്‍ സ്റ്റേഡിയമാകും ഫൈനലിന് വേദിയാവുക. ഒരു ദിവസം നാലു മത്സരങ്ങള്‍ നടക്കുന്ന രീതിയിലാകും ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക.ഇന്ത്യന്‍ സമയം ഉച്ചക്ക് 3.30, വൈകീട്ട് 6.30, രാത്രി 9.30, രാത്രി 12.30 എന്നീ സമയത്താണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ രാത്രി 8.30, രാത്രി 12.30, സെമി ഫൈനല്‍ രാത്രി 12.30, ഫൈനല്‍ രാത്രി 8.30 എന്നീ സമയത്തായിരിക്കും നടക്കുക. എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഈ എട്ടു സ്റ്റേഡിയങ്ങളിലേക്കും വിമാനം ഇല്ലാതെ യാത്ര ചെയ്യാം എന്നത് ടീമുകള്‍ക്കും കാണികള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കുന്നു എന്ന് ലോകകപ്പ് അധികൃതര്‍ പറയുന്നു. നവംബറില്‍ ലോകകപ്പ് നടക്കുന്നത് കൊ@ണ്ട് തന്നെ 2022ലെ ക്ലബ് ഫുട്ബോള്‍ സീസണില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. നവംബര്‍ 21ന് അല്‍ബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.
ലോകകപ്പിനുള്ള ലോഗോ കഴിഞ്ഞ വര്‍ഷമാണ് ഖത്തര്‍ പുറത്തിറക്കിയിരുന്നത്. ഖത്തറിന്റെ സംസ്‌കാരവും നിറവും ഉള്‍ച്ചേര്‍ന്ന് ആധുനികതയില്‍ ചാലിച്ച ലോഗോയാണ് പുറത്തിറക്കിയത്. എന്നാല്‍ ഖത്തറിന്റെ ലോഗോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നിരുന്നത്. വളരെ നല്ലതെന്നും പറയുന്നവരും, തീരെ ചേരുന്നില്ലെന്ന് പറയുന്നവരുമുണ്ട്. എന്തായാലും വളരെയേറെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ ലോഗോയെ അവതരിപ്പിച്ചിരിക്കുന്നത്.ലോകകപ്പ് ആകൃതിയിലും, 8 ആകൃതിയിലുമാണ് ലോഗോ. ലോകകപ്പ് അരങ്ങേറുന്ന എട്ടു സ്റ്റേഡിയങ്ങളെ പ്രതിനിധീകരിക്കുന്നതാണ് 8 രൂപകം. അറബ് ചിഹ്നങ്ങളും അറബി ഭാഷയുടെ പ്രത്യേകതകളും ഖത്തരീ സംസ്‌കാരവും ഇഴചേരുന്നതാണ് ലോഗോ. ഖത്തരീ ഷാളും ഖത്തരി ഷാളുകളില്‍ പതിക്കാറുള്ള പാറ്റേണുകളും ലോഗോയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *