പ്രണബ് മുഖര്‍ജി അങ്ങ് എനിക്കെന്റെ പിതാവിനെപ്പോലെയാണ് ‘മോദി എഴുതിയ കത്ത് വായിക്കൂ..

Breaking India Keralam News Politics

ന്യുഡല്‍ഹി: അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി കക്ഷിരാഷ്ട്രീയ ദേദമന്യേ ഏവരുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന നേതാവ്കൂടിയായിരുന്നു. അവസാനകാലത്ത് കോണ്‍ഗ്രസിനേക്കാള്‍ അദ്ദേഹത്തിന് പരിഗണന കിട്ടിയത് ബിജെപിയില്‍നിന്നായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍തന്നെ സംസാരമുണ്ടായിരുന്നു. പ്രണബ്ദാ അങ്ങ് എനിക്കെന്റെ പിതാവിനെപ്പോലെയാണ്. എന്റെ മാര്‍ഗദര്‍ശിയും. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി അയച്ച കത്തിലാണ് ഇങ്ങിനെപറഞ്ഞത്. ഡല്‍ഹിയെന്ന നഗരത്തില്‍ ഏറെക്കുറെ അപരിചിതന്‍ എന്നമട്ടില്‍ എത്തിയ തനിക്ക് പ്രണബിന്റെ കരുതലും വാല്‍സല്യവും തണലായിരുന്നെന്നുവെന്നും കത്തില്‍ മോദി ഓര്‍മിപ്പിച്ചു.

എന്റെ ലക്ഷ്യം ബൃഹത്തും കഠിനവുമായിരുന്നു. വിഷമകരമായ ആ കാലയളവില്‍ അങ്ങ് എനിക്കു പിതാവും മാര്‍ഗദര്‍ശിയുമായിരുന്നു. അങ്ങയുടെ അറിവും അനുഭവവും സൗഹൃദവും എനിക്കു നല്‍കിയ ആത്മവിശ്വാസവും കരുത്തും വളരെ വലുതാണ്. അങ്ങയുടെ കരുതലോടെയുള്ള വാത്സല്യവും ഫോണില്‍ വിളിച്ച് ആരോഗ്യം ശ്രദ്ധിക്കണമെന്ന സ്‌നേഹശാസനവും ശ്രമകരമായ ദിനചര്യയില്‍ എല്ലാം മറന്നു മുന്നേറാന്‍ എനിക്ക് ഊര്‍ജമായിരുന്നു. നമ്മുടെ രാഷ്ട്രീയ യാത്രകള്‍ വ്യത്യസ്ത പാര്‍ട്ടികളിലായിരുന്നു. പ്രത്യയശാസ്ത്രവും അനുഭവവും വിഭിന്നവും. ഒരു സംസ്ഥാനത്തിന്റെ മാത്രം ഭരണപരിചയമാണ് എനിക്കുണ്ടായിരുന്നത്. അങ്ങേക്കു ദേശീയ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവപരിചയവും. എന്നിട്ടും യോജിപ്പോടെ നമുക്കു പ്രവര്‍ത്തിക്കാനായത് അങ്ങയുടെ വ്യക്തിവൈശിഷ്ട്യം കൊണ്ടാണ്.സമൂഹത്തിനുവേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച മഹത് നേതാക്കളുടെ തലമുറയില്‍ പെട്ടയാളാണ് അങ്ങ്. അങ്ങയെ ഓര്‍ത്തു രാഷ്ട്രം അഭിമാനം കൊള്ളുന്നു’ കത്തില്‍ പറയുന്നു.

എന്നാല്‍ എല്ലാ കാര്യത്തിലും പ്രധാനമന്ത്രിക്ക് വഴങ്ങിക്കൊടുക്കുന്ന ഏറാന്‍ മൂളിയുമായിരുന്നില്ല അദ്ദേഹം. ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രണബിന്റെ ഇടപെടല്‍ ഉദാഹരണം. ഓര്‍ഡിനന്‍സുകളില്‍ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും കഴിവതും ഓര്‍ഡിനന്‍സ് മാര്‍ഗം സ്വീകരിക്കാതെ, പാര്‍ലമെന്റ് നിയമമുണ്ടാക്കുന്നതാണ് ഉചിതമെന്നും പ്രണബ് പറഞ്ഞു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിനുവേണ്ടി ഒപ്പുവയ്‌ക്കേണ്ടിവന്ന ചില ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ മുഖര്‍ജി അസന്തുഷ്ടനായിരുന്നു.രാജ്യദ്രോഹികളായി പ്രഖ്യാപിക്കപ്പെട്ടവരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് പുനര്‍പ്രഖ്യാപനം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍, ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. 2016ല്‍ രാജ്യസഭാനടപടികള്‍ മൂന്നുവട്ടം പ്രതിപക്ഷം തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്യേണ്ടിവന്നതെന്നായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വിശദീകരണം. താന്‍ ധനമന്ത്രിയായിരിക്കെ കൈകാര്യം ചെയ്ത ചരക്ക്, സേവന നികുതിയിലേക്കു (ജിഎസ്ടി) രാജ്യത്തിന്റെ പരിവര്‍ത്തനം ആവേശത്തോടെ പ്രണബ് മുഖര്‍ജി സ്വാഗതം ചെയ്തുവെങ്കിലും മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടിയ തിടുക്കം ചെറുകിട വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അസൗകര്യങ്ങള്‍ ഉണ്ടാക്കുമെന്ന അമ്പരപ്പ് അദ്ദേഹം മറച്ചുവച്ചതുമില്ല.

പക്ഷേ, ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും അവയുടെ തുറന്നു പറച്ചിലും ഏറ്റുമുട്ടലിലേക്കെത്താതിരിക്കാന്‍ രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും ജാഗ്രത കാട്ടിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുമായും തനിക്കു വളരെയടുപ്പമുണ്ടായിരുന്നെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ട്.ഏറ്റുമുട്ടിക്കൊണ്ടിരിക്കുമ്പോഴും വാജ്പേയിയും പ്രണബും ഒരുമിച്ചായിരുന്നു പ്രഭാത നടത്തം. ബിജെപിയിലെ എല്ലാ പ്രമുഖ നേതാക്കളുമായും പ്രണബ് നല്ല വ്യക്തിബന്ധം നിലനിര്‍ത്തി അവരുടെ രാഷ്ട്രീയത്തോടു വിയോജിച്ചുതന്നെ. ‘ ഒരു സമയത്തു ഞങ്ങള്‍ നല്ല അയല്‍ക്കാര്‍ ആയിരുന്നു. വാജ്പേയിജി എന്നെക്കാള്‍ മുതിര്‍ന്ന ആളായിരുന്നതുകൊണ്ട് എന്നോട് അദ്ദേഹത്തിനു പ്രത്യേക വാല്‍സല്യമായിരുന്നു.’ ഒരു അഭിമുഖത്തില്‍ പ്രണബ് പറഞ്ഞു.ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയുള്ള ഭരണത്തില്‍ അതൃപ്തി സ്ഥാനമൊഴിയുന്ന ചടങ്ങിലും പ്രണബ് മുഖര്‍ജി പങ്കുവെച്ചിരുന്നു.അവശ്യഘട്ടങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടതെന്നും അദ്ദേഹം വിടവാങ്ങല്‍ ചടങ്ങിലും വ്യക്തമാക്കിയിരുന്നു.
വിശദമായ ചര്‍ച്ചകളിലൂടെയാണു നിയമനിര്‍മ്മാണം നടത്തേണ്ടതെന്നാണ് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്താണ് പ്രണബ് മുഖര്‍ജി വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ഓരോ വിഷയത്തിലും ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലുള്ള അതൃപ്തി പ്രസംഗത്തിന്റെ അവസാനത്തില്‍ പ്രണബ് തുറന്നുപറയുകയായിരുന്നു.പാര്‍ലമെന്റില്‍ ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മ്മാണം കുറഞ്ഞുവരികയാണ്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കാവൂവെന്നു കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം ഓര്‍മിപ്പിച്ചു. ചരക്ക്സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനായതു വലിയ നേട്ടമാണെന്നും പ്രണബ് പറഞ്ഞു.എന്നിലെ രാഷ്ട്രീയക്കാരനെ വളര്‍ത്തിയെടുത്തത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നെന്നും പ്രണബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *