അവസാനം മകനെ ശ്വാസംമുട്ടിച്ച്
കൊലപ്പെടുത്തി സലീമും തൂങ്ങിമരിച്ചു

Breaking Crime Keralam

മലയിന്‍കീഴ്: ആദ്യഭാര്യ മരിച്ചതോടെ സലീമും കുഞ്ഞും തനിച്ചായി തുടര്‍ന്ന് വിവാഹം ചെയ്ത
രണ്ടാംഭാര്യയും മൂന്നാംഭാര്യയും പിണങ്ങിപ്പിരിഞ്ഞു. ആദ്യഭാര്യയിലുണ്ടായ മകനെ
ബോര്‍ഡിംഗില്‍ ആക്കിയാല്‍ കൂടെവരാമെന്ന് മൂന്നാംഭാര്യ. അവസാനം മകനെ ശ്വാസംമുട്ടിച്ച്
കൊലപ്പെടുത്തി സലീമും തൂങ്ങിമരിച്ചു. ആദ്യ വിവാഹത്തിലെ ഭാര്യ ഒമ്പതു വര്‍ഷം മുമ്പാണ് മരിച്ചത്. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത യുവതി ഉപേക്ഷിച്ചു പോയി. രണ്ടുമാസം മുമ്പ് കൂട്ടിക്കൊണ്ടു വന്ന മൂന്നാം വിവാഹത്തിലെ യുവതി രണ്ടാഴ്ച മുമ്പും ഉപേക്ഷിച്ചു പോയി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ 42 കാരനായ സര്‍ക്കാര്‍ ജീവനക്കാരന്‍ ഏഴു വയസ്സുകാരനായ മകനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചു.
മാറനല്ലൂര്‍, കണ്ടല ഗവ. ഹൈസ്‌കൂളിന് സമീപം കോട്ടയില്‍ വീട്ടില്‍ മുഹമ്മദ് ഖനീഫയുടെ മകനും വ്യവസായ വകുപ്പ് ജീവനക്കാരനുമായ എം. സലിമാ(42)ണ് മകന്‍ എസ്. ആഷ്ലി(7)നെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. തിരുവോണനാളില്‍ അര്‍ധരാത്രിയോടെയാവാം സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്.
ഇന്നലെ രാവിലെ പത്തുമണിയോടെ കുടുംബവീട്ടില്‍ നിന്നും പ്രഭാതഭക്ഷണവുമായി അടുത്ത ബന്ധു എത്തി വിളിച്ചുനോക്കിയെങ്കിലും വാതില്‍ തുറന്നില്ല. ഇവര്‍ അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ വന്ന് ജനാല തുറന്നു നോക്കുമ്പോഴാണ് കുഞ്ഞ് അസ്വാഭാവികമായി വിറങ്ങലിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സലീമിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.

ഒന്‍പതു വര്‍ഷം മുന്‍പ് സെക്രട്ടറിയേറ്റ് ജീവനക്കാരിയായിരുന്ന ഷീജയെ സലിം വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിലുണ്ടായ കുഞ്ഞാണ് ആഷ്ലിന്‍. അഞ്ചുവര്‍ഷം മുന്‍പ് ഷീജ മരിച്ചതോടെ ഭാര്യയുടെ ജോലി സലീമിന് ലഭിച്ചു. രണ്ടുവര്‍ഷം മുന്‍പ് ഒരു യുവതിയെ പ്രണയിച്ച് വീട്ടില്‍ കൂട്ടികൊണ്ടുവന്നുവെങ്കിലും അവര്‍ കുറച്ച് ദിവസം കഴിഞ്ഞ് ബന്ധം ഉപേക്ഷിച്ചുപോയി. രണ്ട് മാസം മുന്‍പ് മറ്റൊരു യുവതിയെ വീട്ടിലേക്ക് കൂട്ടി വന്നുവെങ്കിലും അവരും രണ്ടാഴ്ചമുമ്പ് സ്ഥലംവിട്ടു.

കുടുംബവീടായ കോട്ടയില്‍ വീട്ടില്‍ വേണ്ടത്ര സൗകര്യമില്ലാത്തതു കാരണം ഒന്നരവര്‍ഷം മുന്‍പ് 100 മീറ്റര്‍ മാറി വാടക വീടെടുത്ത് അവിടെയാണ് സലിം മകനോടൊപ്പം താമസിക്കുന്നത്. കണ്ടല മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് കഴിഞ്ഞ് നില്‍ക്കുകയാണ് കൊല്ലപ്പെട്ട ആഷ്ലിന്‍. കുഞ്ഞിനെ കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കുട്ടിയെ ബോര്‍ഡിങ്ങിലാക്കിയാല്‍ മാത്രമേ ഒപ്പം കഴിയൂവെന്ന നിലപാടിലായിരുന്നു യുവതികളെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. മകനുമായി വളരെ അടുത്ത ആത്മബന്ധമായിരുന്നു സലിമിനെന്നും ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *