ഇനിയെന്റെ ചെവി തൊട്ടാല്‍
സാറിന്റെ ചെകിട്ടത്ത് ഞാന്‍ തല്ലും
ഈ പറഞ്ഞ വിദ്യാര്‍ഥിയാണ്
പില്‍ക്കാലത്ത് ലോകം കീഴടക്കിയ
സ്വാമി വിവേകാനന്ദന്‍

Breaking Keralam

മലപ്പുറം: ഇനിയെന്റെ ചെവി തൊട്ടാല്‍ സാറിന്റെ ചെകിട്ടത്ത് ഞാന്‍ തല്ലും ഈ പറഞ്ഞ വിദ്യാര്‍ഥിയാണ്
പില്‍ക്കാലത്ത് ലോകം കീഴടക്കിയ സ്വാമി വിവേകാനന്ദന്‍. ഇതിനാല്‍ തന്നെ ഗുരുക്കളെ തല്ലുന്ന
കുട്ടികളുണ്ടാവട്ടെയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനും യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറിയുമായ എ.പി അഹമ്മദ്.
എ.പി.അഹമ്മദിന്റെ പറയുന്നത് കേള്‍ക്കു..
അധ്യാപകദിനത്തില്‍ എല്ലാ കൊല്ലവും ഒരു വിസ്മയചിത്രം എന്റെ അകക്കണ്ണില്‍ തെളിഞ്ഞുവരും. ഒരു അധ്യാപകന്റെ ജീവിതത്തില്‍ അമ്പരപ്പും വെല്ലുവിളിയുമുണ്ടാക്കുന്ന ആ ചിത്രം പക്ഷേ, ഡോ: എസ് രാധാകൃഷ്ണന്റെ ജീവചരിത്രത്തില്‍ നിന്നല്ല..

സംഭവകഥ ഇങ്ങനെയാണ്: പണ്ട്, ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പ്, ഒരു കൗമാരക്കാരന്റെ പൊട്ടിത്തെറികള്‍ സഹിക്കവയ്യാതെ അമ്മ നെഞ്ചത്തടിച്ച് വിലപിച്ചുവത്രെ:
‘ശിവനെ കിട്ടാനാണ് പ്രാര്‍ഥിച്ചത്. പക്ഷേ തന്നത് രാക്ഷസനെയാണല്ലോ ഈശ്വരാ..’

അവനെ വിദ്യാലയത്തില്‍ ചേര്‍ക്കുമ്പോഴും ആ അമ്മമനസ്സില്‍ ആശയേക്കാള്‍ ആശങ്കകളായിരുന്നു. പഠിപ്പിലും വികൃതിയിലും ഒന്നാമനായ അവന്‍ സ്‌കൂളിന്റെ സ്ഥിരം തലവേദനയായി അതിവേഗം മാറി..

ഒരിക്കല്‍, ക്ലാസ്സില്‍ അവന്റെ ശല്യം പരിധിവിട്ട ഘട്ടത്തില്‍ അധ്യാപകന്‍ ചെവിപിടിച്ച് തിരുമ്മി.
‘സാറേ.. ഇനിയെന്റെ ചെവി തൊട്ടാല്‍ സാറിന്റെ ചെകിട്ടത്ത് ഞാന്‍ തല്ലും..’
അവന്റെ അലര്‍ച്ചയില്‍ സ്‌കൂളാകെ സ്തംഭിച്ചു! ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആ അധ്യാപകന്‍ നിറഞ്ഞു ചിരിച്ചു. കുട്ടിയുടെ കവിളില്‍ തട്ടി പറഞ്ഞു: ‘മിടുക്കന്‍’..

ആ സന്ദര്‍ഭം നമ്മുടെ ക്ലാസ്‌റൂമില്‍ ഒന്ന് സങ്കല്പിച്ചുനോക്കൂ. നമ്മില്‍ എത്രപേര്‍ക്ക് അങ്ങനെ പ്രതികരിക്കാന്‍ സാധിക്കും? കുട്ടിയുടെ പ്രതിഭയില്‍ ഗുരുവിന്റെ അഹംബോധം അലിഞ്ഞുതീരുന്ന ആത്മവിദ്യയാണ് അധ്യാപനമെന്ന് ഇന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ടോ?

പിന്നീട് കോളേജില്‍ വേര്‍ഡ്‌സ് വര്‍ത്തിന്റെ കവിത പഠിക്കുമ്പോള്‍ ഇതേ പയ്യന്‍ പ്രൊഫസറോട് ചോദിച്ചു:
‘എന്താ സാറേ മിസ്റ്റിസിസം?’ലവലേശം സങ്കോചമില്ലാതെ ആ അധ്യാപകന്‍ പറഞ്ഞു:
”അറിയില്ലല്ലോ മോനേ..
ഞാനൊരു ഗുരുവിന്റെ വിലാസം തരാം. അദ്ദേഹം പറഞ്ഞുതരും..’
ഇങ്ങനെ സ്വന്തം അജ്ഞത വെളിപ്പെടുത്താന്‍ ജാള്യതയില്ലാത്ത ഗുരുബോധം നമ്മില്‍ എത്രപേര്‍ക്കുണ്ട്?

പില്‍ക്കാലത്ത് ലോകം കീഴടക്കിയ ആ കുട്ടി ആരാണെന്ന് ഊഹിച്ചുവല്ലോ: നരേന്ദ്രനാഥ് ദത്ത എന്ന സ്വാമി വിവേകാനന്ദന്‍! അവന്റെ ശകാരം കിട്ടിയ ഗുരുനാഥനോ? സാക്ഷാല്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍..

അധ്യാപകദിന പ്രാര്‍ഥന എന്നും ഇങ്ങനെയാവട്ടെ:
ഗുരുക്കളെ തിരുത്തുന്ന ശിഷ്യന്മാരാല്‍ ഭൂമുഖം നിറയട്ടെ..

എ.പി.അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D354668849021200%26id%3D100034342641677&width=500

Leave a Reply

Your email address will not be published. Required fields are marked *