കേരളത്തില്‍ 46 ല്‍പ്പരം ദേശാടന ശലഭങ്ങള്‍. ഇത്തവണ നേരത്തെയെത്തി ശലഭങ്ങള്‍

Breaking Feature Keralam

മലപ്പുറം: കേരളത്തിലുള്ളത് ദേശാടനക്കാരായ 46-ല്‍പ്പരം ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ ഭൂരിഭാഗവുമുള്ളത് പശ്ചിമഘട്ടത്തിലാണ്. അതേ സമയം ദേശാടന വര്‍ണ ശലഭങ്ങളുടെ പറുദീസയായി മാറിയിരിക്കുകയാണ് നിലമ്പൂര്‍ തേക്ക് മ്യൂസിയം. പശ്ചിമഘട്ടമിറങ്ങി അതിഥികളെത്തിയതോടെ ശലഭങ്ങളുടെ വിഹാരകേന്ദ്രമായി മാറിയ തേക്ക് മ്യൂസിയം കണ്ണുകള്‍ക്ക് വര്‍ണ വിസ്മയമായി മാറി.
തേക്ക് മ്യൂസിയത്തിലെ ജൈവവൈവിധ്യ പാര്‍ക്കിലാണ് ഒരു ഇടവേളയ്ക്കുശേഷം വര്‍ണശലഭങ്ങള്‍ വിരുന്നെത്തിയത്. ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, ബ്ലൂ ടൈഗര്‍, കോമണ്‍ ക്രോ, പേള്‍ ടൈഗര്‍, കോമണ്‍ ലൈം, പൂമ്പാറ്റ അതിഥികള്‍ ഇങ്ങനെ പലതരം. ഏറിയ പങ്കും ബ്ലൂ ടൈഗര്‍. ലോക്ക് ഡൗണില്‍ മ്യൂസിയം അടച്ചിട്ടതും സഞ്ചാരികള്‍ ഇല്ലാത്തതും പൂമ്പാറ്റള്‍ക്ക് വിഹരിക്കാന്‍ സാധ്യതകൂടി. മഴ കുറഞ്ഞ് വെയില്‍ തുടങ്ങിയതോടെയാണ് ശലഭങ്ങളാല്‍ ഉദ്യാനം നിറഞ്ഞത്. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന വിവിധയിനം ചെടികളും ഇവിടെയുണ്ട്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ശലഭങ്ങള്‍ സാധാരണ എത്തുന്നത്. പശ്ചിമഘട്ട മലനിരകളിലെ ശലഭങ്ങളില്‍ ഒട്ടുമിക്കവയെയും മ്യൂസിയത്തില്‍ കാണാന്‍ കഴിയും. പുലര്‍ച്ചെ എത്തുന്ന ശലഭങ്ങള്‍ വെയില്‍ കനക്കുന്നതോടെ അപ്രത്യക്ഷരാകും. അതേ സമയം ചിത്രശലഭ ദേശാടനം ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ പതിവിലും നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. സാധാരണയായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എത്താറുള്ള ദേശാടന ശലഭങ്ങളാണു ഇത്തവണ നേരത്തെയെത്തിയത്. തെക്കേ ഇന്ത്യയിലെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന്റെ സൂചനകളാണു ശലഭ ദേശാടനം നേരത്തെ തുടങ്ങിയതിനു പിന്നിലെന്നാണു ശലഭ നിരീക്ഷകരുടെ വിലയിരുത്തല്‍. കുറച്ചു ശലഭങ്ങള്‍ ജൂലൈയിലെ വെയിലുള്ള ദിവസങ്ങളില്‍ തന്നെ പശ്ചിമ ഘട്ടത്തിലേക്കെത്തിയിരുന്നു. തെക്കേ ഇന്ത്യയുടെ സമതല പ്രദേശങ്ങളില്‍ നിന്നും പൂര്‍വ ഘട്ട മലനിരകളില്‍ നിന്നുമായി പശ്ചിമ ഘട്ടത്തിലെ ആര്‍ദ്ര വനങ്ങളിലേക്കാണ് ഈ സമയത്ത് ചിത്രശലഭങ്ങള്‍ കൂട്ടങ്ങളായി ദേശാടനം ചെയ്‌തെത്തുന്നത്. തെക്കേ ഇന്ത്യയില്‍ വടക്കു കിഴക്കന്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ കനത്ത മഴയില്‍ നിന്നും രക്ഷ നേടാനാണു ശലഭങ്ങള്‍ പശ്ചിമഘട്ട മലനിരകളിലെ കാടുകളിലേക്ക് ദേശാടനം ചെയ്യുന്നത്. വര്‍ഷത്തില്‍ 300 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരം ഈ ശലഭങ്ങള്‍ ദേശാടനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ 3 വര്‍ഷമായി വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി തെക്കേ ഇന്ത്യയിലെ ശലഭ ദേശാടനത്തെ കുറിച്ച് പഠനം നടത്തുന്നുണ്ട്. പൊതുജനങ്ങളുടെ സഹായത്തോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വയനാട്ടില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചു ഫേണ്‍സിന്റെ നേതൃത്വത്തില്‍ ചിത്രശലഭ ദേശാടനത്തിന്റെ മാപ് തയാറാക്കിയിട്ടുണ്ട്.
കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള ദേശാടനത്തിനു പുറമേ വയനാട്ടിലൂടെ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ തെക്കു കിഴക്ക് ദിശയില്‍ നിലമ്പൂര്‍ താഴ്വരകളിലേക്കും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവിടെ നിന്നും വടക്ക്, കിഴക്ക് ദിശയിലേക്കും ശലഭങ്ങള്‍ ദേശാടനം ചെയ്യുന്നുണ്ടെന്നു വ്യക്തമായി. ശലഭ ദേശാടനം സംബന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ പൗരശാസ്ത്ര പഠനപദ്ധതിയായി നടപ്പിലാക്കാന്‍ വനംവകുപ്പ് മുന്‍കൈ എടുത്തിട്ടുണ്ടെന്നും ശലഭ ദേശാടനം ശ്രദ്ധയില്‍പെട്ടാല്‍ 9497402761, 9846704353 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാമെന്നും ഫേണ്‍സ് പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *