വശപ്പടക്കാന്‍ ചെങ്കല്‍ ക്വാറികളിലും തെങ്ങിന്‍തോപ്പുകളിലും കൂലിപ്പണി ചെയ്ത് ലോക്ഡൗണില്‍
കുടുങ്ങിയ സര്‍ക്കസ് കലാകാരന്‍മാര്‍

Breaking Feature Keralam News

മലപ്പുറം: ലോക്ഡൗണും കോവിഡും ചതിച്ചതോടെ വശപ്പടക്കാന്‍ ചെങ്കല്‍ ക്വാറികളിലും
തെങ്ങിന്‍തോപ്പുകളിലും കൂലിപ്പണി ചെയ്ത് സര്‍ക്കസ് കലാകാരന്‍മാര്‍. കൂട്ടത്തില്‍ വിദേശ കലകാരന്‍മാരും.
കോവിഡ് പ്രതിന്ധിയെ തുടര്‍ന്ന് മലപ്പുറം കോട്ടക്കലില്‍ കുടുങ്ങിയ അമ്പതോളം സര്‍ക്കസ് കലാകാരന്മാരാണ് പ്രതിസന്ധിക്ക് പരിഹാരം കാണാനായി താല്‍ക്കാലികമായി പുതിയ ജോലി തേടുന്നത്. സര്‍ക്കസിന്റെ മറ്റൊരു യൂണിറ്റ് കായംകുളത്തുണ്ട്, ഇവിടേയും ഇതുതന്നെയാണ് അവസ്ഥ. കഴിഞ്ഞ ഫെബ്രുവരി മാസമാണ് ് കോട്ടക്കല്‍ പുത്തൂര്‍വയലില്‍ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസ് തുടങ്ങി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൊവിഡ് വ്യാപനം ഉണ്ടാകുകയും പിന്നീട് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുകയും ചെയ്തു.സര്‍ക്കസ് ഉള്‍പ്പടെ ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും ഇതോടെ നിര്‍ത്തിവെക്കുകയും ചെയ്തു.

ലോക്ക് ഡൗണ്‍ മൂലം ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയാതെ വന്നതോടെ അന്‍പതോളം വരുന്ന സര്‍ക്കസ് കലാകാരന്മാര്‍ ദുരിതത്തിലായി. പിന്നീട് ദിവസങ്ങള്‍ക്കിടെ സംസഥാനത്ത് ശക്തമായ മഴ ഉണ്ടായതിനെ തുടര്‍ന്ന് വയലില്‍ വെള്ളം നിറഞ്ഞതോടെ കൂടാരത്തിനുള്ളില്‍ ഇവര്‍ക്ക് താമസിക്കാന്‍ കഴിയാതെ വന്നു.
ദുരിതത്തിലായ സര്‍ക്കസ് കലാകാരന്മാരെ മരവട്ടം മൈലാട്ടിയില്‍ നഗരസഭയുടെ കൈവശമുള്ള സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ സര്‍ക്കസിന് പുറത്തേക്ക് ജോലി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൂട്ടത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള കലാകാരന്മാരുമുണ്ട്. കലാകാരന്മാര്‍ക്ക് പുറമെ പക്ഷി മൃഗാദികള്‍ക്കുള്ള ഭക്ഷണത്തിനും മരുന്നിനും മറ്റുമായി വന്‍തുക ദിവസേന ചെലവ് കണ്ടെത്തണം.

ഒതുക്കുങ്ങല്‍ പഞ്ചായത്ത് അധികൃതരുടെയും വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവരുടെയും സഹായം മൂലമാണ് ഇത്രയുംകാലം പട്ടിണിയില്ലാതെ ഇവര്‍ മുന്നോട്ടുപോയത്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കലാകാരന്മാരില്‍ ചിലര്‍ ചെങ്കല്‍ ക്വാറികളിലും തെങ്ങിന്‍തോപ്പുകളും മറ്റും ജോലിക്ക് പോകാന്‍ തുടങ്ങി.ഇനി കൊവിഡിന് ശമനം ആകാതെ ഇവര്‍ക്ക് ഇവിടെനിന്നും പോകാനും മറ്റു സ്ഥലങ്ങളില്‍ സര്‍ക്കസ് തുടങ്ങാനും കഴിയാത്ത അവസ്ഥയാണ്. അതേസമയം പ്രതിസന്ധികാലത്ത് ഒരു കൂട്ടം കലാകാരന്മാരുടെയും അവരോടൊപ്പമുള്ള പക്ഷിമൃഗാദികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *