കോവിഡിനെ പ്രതിരോധിക്കാന്‍ ചാണകംകൊണ്ട് നിര്‍മിച്ച മാസ്‌കും ഗോമൂത്രംകൊണ്ടുള്ള സാനിറ്റൈസറും ഉടന്‍ കേരളത്തിലെത്തും. നിര്‍മിച്ചത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം

Breaking Health India Keralam News

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ പശുവിന്റെ ചാണകം ഉപയോഗിച്ച് നിര്‍മിച്ച മാസ്‌കും, ഗോമൂത്രം ഉപയോഗിച്ച് നിര്‍മിച്ച സാനിറ്റൈസറും ഇന്ത്യയില്‍ സജജം. കേന്ദ്രസര്‍ക്കാറിന് കീഴില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കാമധേനു അയോഗാണ് ഇവ രണ്ടും നിര്‍മിച്ചിട്ടുള്ളത്.
പശുവിന്റെ ചാണകം ഉപയോഗിച്ച് നിര്‍മിച്ച മാസ്‌കും, ഗോമൂത്രം ഉപയോഗിച്ച് നിര്‍മിച്ച സാനിറ്റൈസറും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്നാണ് വിപ്ലവകരമായ മാറ്റം ഇതിലൂടെയുണ്ടാകുമെന്നും ഇവയുടെ നിര്‍മാണ ശേഷം കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭാത് കതിരിയ വ്യക്തമാക്കി.

ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന് ബദലായി പ്രകൃതി ദത്തമായി നിര്‍മിക്കുന്ന ഗോമൂത്ര സാനിറ്റൈസറുമായി വിപണി കീഴടക്കുകയാണ് ലക്ഷ്യം. ഗുജറാത്ത് ജാംനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത കോര്‍പ്പറേറ്റീവ് സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ് ‘ഗോ സേഫ്’ എന്ന പേരില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചത്. അടുത്തയാഴ്ചയോടെ ലൈസന്‍സ് ലഭിക്കുമെന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ മനീഷ ഷാ പറഞ്ഞു. ശേഷം കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും ഇവ വില്‍പനക്കെത്തിക്കാനാണ് നീക്കം. ഗോമൂത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേര്‍ത്താണ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്.

ലോക്ക്ഡൗണില്‍ ഗോമൂത്രം ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന ലോഷനും മറ്റും പുറത്തിറക്കിയിരുന്നു. നേരത്തേ രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ വിതരണ കമ്പനി ചാണകവും പേപ്പറും ഉപയോഗിച്ച് നിര്‍മിച്ച മാസ്‌ക് വിപണിയിലെത്തിച്ചിരുന്നു.അതോടൊപ്പം തന്നെ ഗോമൂത്രം സംസ്‌കരിച്ചുകിട്ടുന്ന പൗഡര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ക്യാപ്‌സൂള്‍ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പശുവിനെ സമ്പത്തുമായി കൂട്ടിയോജിപ്പിക്കുന്നതിനോടൊപ്പം ഇത്തരം സംരംഭങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിനും ഉതകുമെന്നും കാമധേനു അയോഗ് ചെയര്‍മാന്‍ പറഞ്ഞു.
നേരത്തെ പശുവിന്റെ ചാണകം ഉപയോഗിച്ച് നിര്‍മിച്ച ഗണേശ വിഗ്രഹം ഏതാണ്ട് ഒരുലക്ഷത്തോളമാണ് വിറ്റുപോയത്. ഇത്തരത്തിലുള്ള തൊഴില്‍ ചെയ്യുന്നതിനായി ആയിരത്തോളം ക്ഷീര കര്‍ഷകര്‍ രംഗത്തുണ്ട്. ഇവര്‍ക്കു കാമധേനു അയോഗ് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *