മലപ്പുറം: സ്കൂളില്‍ പോകാന്‍ മടികാണിച്ച കുരുന്നിനെ സഹോദരന് പള്ളിക്കൂടത്തില്‍ ചേര്‍ത്താന്‍ കൊണ്ടുപോയത് ഇറച്ചിവാങ്ങിക്കാനെന്നും പറഞ്ഞു. പിതാവിന്റെ പെട്ടിക്കടയാണ് ലോകമെന്ന് കരുതി പള്ളിക്കൂടത്തില്‍ പോകാന്‍ മടിച്ചുനില്ക്കുന്നതിനിടയില് അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ പിതാവും മരണപ്പെട്ടു. ഇതോടെ പെട്ടിക്കടയല്ല ലോകമെന്ന് മനസ്സിലായി. തുടര്‍പഠനം അനാഥാലയത്തില്‍ നിന്ന്. പിന്നീട് ഈ കുരുന്ന് പിന്നീട് നടന്നു കയറിയത് സിവില്‍ സര്‍വ്വീസിലേക്ക്. ഏവര്‍ക്കും മാതൃകയാകുന്നതും ജീവിത പ്രതിസന്ധികളെ ഭയക്കുന്നവര്‍ക്കും ഉദാത്ത മാതുകയാണ് മുഹമ്മദ് അലി ശിഹാബിന്റെ ജീവിതം.
ജീവിത പ്രരാബ്ദങ്ങളെ വെട്ടിമുറിച്ച് അനാഥാലയത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയ 40-കാരനായ ഈ ഐ.എ.എസുകാരന്റെ ജീവിതം ഇനി കോളജ് വിദ്യാര്‍ഥികളുടെ പാഠപുസ്തകമാണ്. പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടുന്നതിനും അപ്പുറം ഈ ജീവിതകഥയില്‍ നിന്ന് ചിലതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പകര്‍ത്താനാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. കോഴിക്കോട് ഫറൂഖ് കോളേജാണ് ബിരുദ കരിക്കുലത്തില്‍ വിരലറ്റം എന്ന ശിഹാബിന്റെ ആത്മകഥ ഉള്‍പ്പെടുത്തിയത്. രണ്ടാംഭാഷയായി മലയാളം തിരഞ്ഞെടുത്തവര്‍ മൂന്നാം സെമസ്റ്ററിലാണ് ആ ജീവിതം പഠിക്കുക.

തന്റെ കുട്ടിക്കാലവും പിതാവിന്റെ മരണത്തോടെ അനാഥാലയത്തിലേക്ക് പോകുന്നതുമടങ്ങിയ ആദ്യമൂന്ന് അധ്യായങ്ങളാണ് കരിക്കുലത്തില്‍ ഇടംപിടിച്ചത്.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നിന്നാണ് കോറോത്ത് ശിഹാബ് ജീവിതം ആരംഭിക്കുന്നത്. സ്കൂളില്‍ പോകാന്‍ വളരെ മടികാണിച്ച വ്യക്തിയായിരുന്നു. പിതാവിന്റെ പെട്ടിക്കടയായിരുന്നു ശിഹാബിന്റെ ഇഷ്ടലോകം. സ്കൂളില്‍ പോക്ക് വല്ലപ്പോഴുമാത്രമായിരുന്നു.. ഏഴാം ക്ലാസോടെ പഠനം നിര്‍ത്താമെന്ന പിതാവിന്റെ ഉറപ്പും വാങ്ങിച്ചാണ് സ്കൂളില്പോയിത്തുടങ്ങിയത്. ഇതിനടയില്‍ പലപ്പോഴും ചാടിപ്പോരികയും ചെയ്തു. എന്നാല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ പിതാവ് മരിച്ചു. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ശിഹാബിനെ മുക്കം മുസ്ലീം ഓര്ഫനേജിലെത്തിച്ചു. ഇവിടെ നിന്നാണ് ് മാറ്റങ്ങള്‍ തുടങ്ങിയത്. . ആദ്യകാലത്ത് അനാഥാലയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പത്തുവര്‍ഷം അവിടെ തുടര്‍ന്നു. ആവേശത്തോടെ പഠിച്ച് ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസും പ്രീഡിഗ്രിയും ജയിച്ചു. തുടര്‍ന്ന് ടി.ടി.സി. പൂര്‍ത്തിയാക്കി പ്രൈമറി സ്കൂള്‍ അധ്യാപകനുമായി.
അതോടൊപ്പം തന്നെ സ്വന്തമായി പഠിച്ച് ചരിത്രത്തില്‍ ബിരുദം നേടി. മത്സരപരീക്ഷകളിലേക്ക് തിരിഞ്ഞ ശിഹാബ്, എഴുതിയ 21 പി.എസ്.സി. പരീക്ഷകളിലും റാങ്ക് പട്ടികയില്‍ ഇടംനേടി. വാട്ടര്‍ അതോരിറ്റിയിലെ പമ്പ് ഓപ്പറേറ്ററും പഞ്ചായത്ത് ക്ലര്ക്കുമെല്ലാമായി ജോലിചെയ്തു. സിവില്‍ സര്‍വീസെന്ന സ്വപ്നവും തയ്യാറെടുപ്പും 2011 -ല്‍, ആദ്യശ്രമത്തില്‍ത്തന്നെ ലക്ഷ്യം നേടി. അടിസ്ഥാന യോഗ്യത മാത്രമുള്ള ശിഹാബ് 226 -)ം റാങ്കോടെയാണ് ഐ.എ.എസ്. സ്വന്തമാക്കിയത്. നാഗാലാന്റ് കേഡറില്‍ നിയമിതനായ അദ്ദേഹം ഊര്‍ജ വിഭാഗം അഡീഷണല്‍ ഡെപ്യൂട്ടി സെക്രട്ടറിയാണിപ്പോള്‍.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കടക്കം വലിയ പ്രചോദനമാകുന്നതാണ് മുഹമ്മദ് അലി ശിഹാബിന്റെ ജീവിതം. കാലിക്കറ്റ് സര്‍വകലാശാലയും അത് കരിക്കുലത്തിലേക്ക് പരിഗണിച്ചിരുന്നുവെന്ന് ഫറൂഖ് കോളേജ് പ്രിന്‍സിപ്പല്‍- ഡോ. കെ.എം. നസീര്‍ പറഞ്ഞു.