സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായെന്ന് ചെന്നിത്തല ആരോപിച്ച രണ്ടാമത്തെ മന്ത്രി
ഇ.പി.ജയരാജന്‍ ?

Breaking Keralam Politics

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ രണ്ടാമതൊരു മന്ത്രികൂടിയൂണ്ടെന്ന് പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല ഉദ്ദേശിച്ചത് ഇ.പി.ജയരാജനെയെന്ന് സൂചന. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേരു കൂടി പുറത്ത് വരുന്നുണ്ടെന്നും ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നുമാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോള്‍ പുറത്ത് പറയുന്നില്ല. ആ മന്ത്രിയാരെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. അതേ സമയം ചെന്നിത്തലയുടെ ആരോപണ സൂചനകള്‍ നീളുന്നത് ഇ.പി.ജയരാജനെ തന്നെയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇക്കാര്യംകൂടി കൂട്ടിവായിക്കുമ്പോള്‍ ആരോപണം ഇ.പി.ജയരാജനിലേക്കാണെന്നാണ് സൂചനകള്‍. കേന്ദ്ര ഏജന്‍സികളെ വിളിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു. മന്ത്രി പുത്രനിലേക്ക് അന്വേഷണം എത്തിയപ്പോഴും ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു.

‘കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം മുറുകുമ്പോള്‍ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനും കെ.ടി.ജലീലിനും ഇ.പി.ജയരാജനുമാണ് നെഞ്ചിടിപ്പ് വര്‍ധിച്ചത്’ പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തിനാണ് ക്വാറന്റീനില്‍ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജന്‍ പറയണം. മകന് സ്വപ്ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജന്‍ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥത പെടുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ആളുകള്‍ക്ക് കുടപിടിച്ചിട്ട് അത് പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
യുഎഇ കൗണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം തിന്നാല്‍ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ അവിടേക്കെന്ന് പറഞ്ഞ് ഇറക്കുമതി ചെയ്തത്.

ഈന്തപ്പഴം തന്നെയാണോ അവിടേക്ക് വന്നതെന്നതില്‍ സംശയമുണ്ട്. ഈന്തപ്പഴത്തിന്റെ മറവില്‍ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലില്‍ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നത്. ഈന്തപ്പഴത്തിന്റെ പേരില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് നടന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ ഇതൊന്നും കൊണ്ടുവരാന്‍ പറ്റില്ല. ഇവിടെ എംബസി ഇല്ലാത്തതിനാല്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത് പ്രോട്ടോക്കോള്‍ ഓഫീസറാണ്. സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ പങ്ക് എന്താണെന്ന് വളരെ ഗൗരവപൂര്‍വ്വം അന്വേഷിക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ബാങ്കിലെ ലോക്കര്‍ തുറന്നുതമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 2 ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ തിരുത്തണമെന്നും അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *