പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈന്‍ കേരളീയ സമാജം

Breaking Keralam News Pravasi

മലപ്പുറം: കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജം. ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന പതിവ് രീതി വിട്ട്, കേരളത്തില്‍ നിന്നും ബഹ്‌റൈനിലെക്ക് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് സജ്ജമാക്കിയിരിക്കുകയാണിപ്പോള്‍ സംഘടന.
ആദ്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.05ന് തിരുവനന്തപുരത്തുനിന്ന് പറപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ വിമാനത്തിലേക്കുള്ള സീറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച പുറപ്പെടുന്ന പ്രഥമ ചാര്‍ട്ടര്‍ വിമാനത്തില്‍ 169 യാത്രക്കാര്‍ ബഹ്‌റൈനിലേക്ക് പുറപ്പെടും. ഇതു കൂടാതെ 11ന് ചൊവ്വാഴ്ച കോഴിക്കോടുനിന്നും 13ന് വ്യാഴാഴ്ച കൊച്ചിയില്‍നിന്നുമുള്ള സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. ഗള്‍ഫ് എയര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്.
നേരത്തെ വന്ദേഭാരത് വിമാനങ്ങളില്‍ ജൂണ്‍ അവസാനം വരെ ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നിരുന്നു. പിന്നീട് ഇതിനുള്ള അനുമതി ബഹ്‌റൈനില്‍നിന്ന് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. വിസ കാലാവധി കഴിയാറായവരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ടവരുമൊക്കെ കടുത്ത ആശങ്കയിലായിരുന്നു. ബഹ്‌റൈനിലേക്ക് എത്താനായില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ഒട്ടേറെ പേരുണ്ട്?. വീണ്ടും സര്‍വീസിന്? അനുമതി ലഭിക്കുന്നത് ഇവര്‍ക്ക് ആശ്വാസമാണ്.
ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരുടെ സഹായം വിമാന സര്‍വീസിന് അനുമതി ലഭിക്കുന്നതിന് ലഭിച്ചതായി ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *