സൗദി കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തനത്തിന് അഞ്ചരക്കോടി രൂപ വിതരണം ചെയ്യുന്നു

Breaking International Keralam News Politics

ജീവകാരുണ്യ രംഗത്ത് ഇതിഹാസതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെ.എം.സി.സി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നാളെ വിതരണം ചെയ്യും. സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അഞ്ചര കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം 18 ന് വെള്ളിയാഴ്ച്ച പാണക്കാട് വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും.

കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 22 പേരടക്കം 2020 വർഷത്തിൽ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട എണ്‍പത്തി ഒന്ന് പേരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപവീതവും,  പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.

സൗദി മണലാരണ്യത്തിൽ ജീവിതം തള്ളി നീക്കുന്ന  ഏറ്റവും ദുർബലരായ ജനസമൂഹത്തിന്  ജാതി മത രാഷ്ട്രീയ വേർത്തിരിവുകൾക്കതീതമായി, കഴിഞ്ഞ ആറു വർഷത്തിനിടയിൽ പതിനഞ്ചു കോടിയോളം രൂപ വിതരണം ചെയ്തിട്ടുള്ള പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വര്‍ഷത്തേത് കൂടി ചേരുമ്പോള്‍ അത് ഇരുപത് കോടി രൂപക്ക് മുകളില്‍ വരും.

സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരിൽ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവർത്തിച്ച് വരുന്നുണ്ട്.

 സുരക്ഷാ പദ്ധതിയുടെ 2021 വർഷത്തെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ  ഒക്റ്റോബര്‍ ഒന്നിന് ആരംഭിച്ച്‌, ഡിസംബർ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയിൽ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികൾ സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേനെ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും  അംഗത്വം പുതുക്കുവാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *