മൊബൈല്‍ ആപ്പുകളിലൂടെ ലോണ്‍ എടുത്ത തന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് രേഖാമൂലം പരാതി നല്‍കി യുവാവ്. ആപ്പിലൂടെ ലോണ്‍ എടുക്കും മുമ്പ് രണ്ട് തവണ ആലോചിക്കുക

Breaking Crime Feature Keralam News

മലപ്പുറം: ഈടൊന്നും വെക്കാതെ 10ലക്ഷംവരെ ലോണെടുക്കാം. വേഗത്തില്‍ ലഭ്യമാകും. ഇതുംകേട്ട് മൊബൈല്‍ ആപ്പുകളിലൂടെയുള്ള ലോണെടുക്കാന്‍ ചാടിയിറങ്ങും മുമ്പ് രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ പണികിട്ടും. നിരവധി മലയാളികള്‍ക്ക് ഇതിനോടകം പണികിട്ടി. ഇവരുടെ പരാതികളില്‍ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസറ്റര്‍ചെയ്തിട്ടുമുണ്ട്. മൊബൈല്‍ ആപ്പുകളിലൂടെ ലഭിക്കുന്ന ലോണിനു ജനപ്രീതിയേറിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. പക്ഷെ ഇതില്‍ വലിയ ചതിക്കുഴികള്‍ ഒളിഞ്ഞിരുക്കുന്നത് പലര്‍ക്കുംഅറിയില്ല. ഇത്തരത്തിലുള്ള പണമിടപാടുകളുടെ മറുപുറത്തെ കുറിച്ച് ‘മറുപുറം കേരള’ അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലോണെടുത്ത മലപ്പുറം കോട്ടക്കല്‍ കുഴിപ്പുറം തെക്കേതില്‍ മുഹമ്മദ് നവാസിന്റെ പരാതി കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്തത്. ഏഴ് ദിവസത്തേക്കാണ് നവാസ് ലോണെടുത്തത്. പക്ഷെ പണം തിരിച്ചടക്കാന്‍ ഒരു ദിവസം വൈകി. ഇതിനെ തുടന്ന് നവാസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭീമമായ ഒരു തുക പിഴയിനത്തില്‍ അടക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പറഞ്ഞ പണം മാത്രമേ താന്‍ അടക്കൂ എന്ന നിലപാട് സ്വീകരിച്ചതോടെ ഫോണിലുള്ള കോണ്‍ടാക്ട് നമ്പറുകള്‍ ഇവര്‍ എടുത്ത ശേഷം എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപുണ്ടാക്കി. തുടര്‍ന്ന് ഇതിലേക്ക് തന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഡീറ്റെയില്‍സുകള്‍ പങ്കുവെച്ചു. ഇതോടെയാണ് നവാസ് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ സോഷ്യല്‍മീഡിയ പേജുകളും ഫോണും അടക്കം ഇവര്‍ ഹാക്ക്‌ചെയ്തതായാണ് നവാസ് പറയുന്നത്.

ഇത്തരംലോണുകള്‍ ലഭിക്കുന്നതിനുള്ള വേഗതയും ഈടുകള്‍ ആവിശ്യമില്ലാത്തതുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. 1000രൂപ മുതല്‍ 10ലക്ഷം വരെ ഇത്തരത്തില്‍ ലോണ്‍ ലഭിക്കും. ഇതിനു വേണ്ടി ആധാര്‍ കാര്‍ഡും മറ്റൊരു ഐഡന്റിറ്റി കാര്‍ഡും മാത്രമേ ആവശ്യമുള്ളൂ. ഒരു ശതമാനം മുതല്‍ 5 ശതമാനം വരെ പലിശ നിരക്കിലാണ് ലോണുകള്‍ ലഭിക്കുക. പക്ഷെ വെളിപ്പെടുത്താത്ത പല നിരക്കുകള്‍ വേറെയുമുണ്ടാവും. 3വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലയളവിലാവും തിരിച്ചടവ്. ലോണ്‍ തിരിച്ചടവ് ഒരു ദിവസം വൈകിയാല്‍ തന്നെ ഭീമമായ നിരക്കാണ് ഇവര്‍ പലിശയിനത്തിലും പിഴയിനത്തിലുമായി ഈടാക്കുന്നത്. ഇത് ചോദ്യം ചെയ്താല്‍ പിന്നെ ഭീഷണിയിലേക്കെത്തും. ലോണിനു വേണ്ടി ഈടൊന്നും വാങ്ങുന്നില്ലെങ്കിലും ലോണ്‍ എടുക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ, കോണ്‍ടാക്ട്, മീഡിയ എന്നിവയിലേക്കുള്ള ആക്സിസിനുള്ള അനുമതി ഇവര്‍ ചോദിക്കുന്നുണ്ട്. ഇതാണ് പിന്നീട് ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നത്.

നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആര്‍ ബി ഐ ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പേഴ്സണല്‍ ലോണ്‍ കൊടുക്കാനുള്ള അനുമതി നല്‍കിയിരുന്നു. പക്ഷെ ഇത് കൃത്യമായ നിബന്ധനകള്‍ക്ക് വിധേയമാണ്. സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ആപ്പിലും വെബ്സൈറ്റിലും രേഖപ്പെടുത്തണം. ലോണിന്റെ നിബന്ധനകള്‍ രേഖപ്പെടുത്തിയ ലോണ്‍ എഗ്രിമെന്റ് ഉണ്ടായിരിക്കണം. കൂടാതെ നിയമ പ്രകാരമല്ലാത്ത വഴികള്‍ ഉപയോഗിച്ച് ലോണ്‍ തിരിച്ചടപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

1 thought on “മൊബൈല്‍ ആപ്പുകളിലൂടെ ലോണ്‍ എടുത്ത തന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് രേഖാമൂലം പരാതി നല്‍കി യുവാവ്. ആപ്പിലൂടെ ലോണ്‍ എടുക്കും മുമ്പ് രണ്ട് തവണ ആലോചിക്കുക

Leave a Reply

Your email address will not be published. Required fields are marked *