ഉമ്മന്‍ചാണ്ടിയെ എന്നും താന്‍ ചേട്ടാ എന്നു മാത്രമെ വിളിച്ചിട്ടുള്ളു. ആശംസകളുമായി പി.സി ജോര്‍ജ്

Breaking Keralam Politics

കോട്ടയം: നിയമസഭാംഗം എന്ന നിലയില്‍ അമ്പത് സുവര്‍ണ്ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഉമ്മന്‍ചാണ്ടിക്ക് ആശംസകളുമായി പി.സി ജോര്‍ജ് എം.എല്‍.എ. ഉമ്മന്‍ചാണ്ടിയെ എന്നും താന്‍ ചേട്ടാ എന്നു മാത്രമെ വിളിച്ചിട്ടുള്ളുവെന്നും കൂടപ്പിറപ്പിനോടെന്നതു പോലെ സവിശേഷമായ കരുതലും സ്‌നേഹവും എക്കാലവും തിരികെ തന്നിട്ടുമുണ്ടെന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് പി.സി.ജോര്‍ജ് പറഞ്ഞു. . ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ള പഴയൊരു ഫോട്ടോകൂടി നല്‍കി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിസി തന്റെആശംസകള്‍ അറിയിച്ചത്.

പി.സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

നിയമസഭാംഗം എന്ന നിലയില്‍ അമ്പത് സുവര്‍ണ്ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രിയപ്പെട്ട ചേട്ടന് നിറഞ്ഞ മനസ്സോടെ സര്‍വ്വ ഭാവുകങ്ങളും ആശംസിക്കുന്നു. കേരളത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്ത് താരതമ്യങ്ങളില്ലാത്ത നാമധേയമാണ് ശ്രീ ഉമ്മന്‍ ചാണ്ടി. ഞാന്‍ എന്നും ചേട്ടാ എന്നേ വിളിച്ചിട്ടുള്ളു. സ്വന്തം ഇളയ കൂടപ്പിറപ്പിനോടെന്നതു പോലെ സവിശേഷമായ കരുതലും സ്‌നേഹവും എക്കാലവും തിരികെ തന്നിട്ടുമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ യജമാനന്മാരായ ജനങ്ങളോട് ഏറ്റവും വിധേയപൂര്‍വ്വം പെരുമാറിയിട്ടുള്ള ഭരണാധികാരി ഉമ്മന്‍ ചാണ്ടിയാണെന്നത് നിസ്തര്‍ക്കമാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരോടും വ്യക്തിപരമായ സൗഹാര്‍ദ്ദം കൈവിടാതെ ചേട്ടന്‍ മാതൃകയായി. പൊതുപ്രവര്‍ത്തകന്‍ ഇളം കാറ്റുപോലെയാ യിരിക്കണം എന്ന ആപ്തവാക്യം നൂറു ശതമാനം ശരിവയ്ക്കുന്നതാണ് താങ്കളുടെ പ്രവര്‍ത്തനം.കാറ്റ് സഞ്ചരിക്കാത്ത ഇടം ഇല്ല.പക്ഷേ അത് ഒന്നിനെയും അലോസരപ്പെടുത്തുന്നില്ല. തുടര്‍ന്നും ജനകീയനും ജനപ്രിയനുമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
എന്ന്
സ്‌നേഹപൂര്‍വ്വം
പി സി ജോര്‍ജ് എം എല്‍ എ

Leave a Reply

Your email address will not be published. Required fields are marked *