ചൈനക്ക് ഇന്ത്യയെ ഒറ്റിക്കൊടുത്തവര്‍ അറസ്റ്റില്‍

Breaking Crime India News

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങള്‍ ചൈനീസ് ഇന്റലിജന്‍സിന് ചോര്‍ത്തിയ സംഭവത്തില്‍ ചൈനീസ് യുവതിയും കൂട്ടാളിയായ നേപ്പാള്‍ പൗരനും, മാധ്യമ പ്രവര്‍ത്തകനും അറസ്റ്റില്‍. ഡല്‍ഹി പൊലിസിന്റെ സ്പെഷല്‍ സെല്‍ ആണ് മൂവരെയും പിടികൂടിയത്.ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിനായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയ്ക്ക് ഇവര്‍ വന്‍ തുക നല്‍കിയതായാണ് പൊലിസ് ആരോപിക്കുന്നത്.

തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങള്‍ ചൈനീസ് ഇന്റലിജന്‍സിന് ചോര്‍ത്തിനല്‍കിയതിന് രാജീവ് ശര്‍മയ്ക്ക് വലിയ തോതില്‍ പണം ലഭിച്ചിരുന്നു. പിടിയിലായ ചൈനീസ് യുവതിയും കൂട്ടാളിയുമാണ് ചില ഷെല്‍ കമ്പനികള്‍ വഴി ഇയാള്‍ക്ക് പണം നല്‍കിയിരുന്നത്. പ്രതികളില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും മറ്റുചില തന്ത്രപ്രധാനമായ രേഖകളും പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.പിതംപുര നിവാസിയും പത്രപ്രവര്‍ത്തകനുമായ രാജീവ് ശര്‍മയെ ഡല്‍ഹി പൊലിസിന്റെ പ്രത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പങ്കുവെക്കുമെന്നും ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *