പണംഇരട്ടിപ്പ് വാഗ്ദാനംനല്‍കി യുടിഎസ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ മലയളികളില്‍നിന്നും
തട്ടിയെടുത്തത് 50കോടി

Breaking Crime

മലപ്പുറം: പണംഇരട്ടിച്ചു നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ നിക്ഷേപത്തിലൂടെ മലയാളികളില്‍നിന്നും തട്ടിയെടുത്തത് 50കോടിയോളം രൂപ. നേരത്തെ വന്‍കിട ട്രേഡിങ് കമ്പനിയില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയം ഉപയോഗിച്ച് യൂണിവേഴ്സല്‍ ട്രേഡിങ് സൊലൂഷന്‍സ് (യുടിഎസ്) വഴി ഗൗതം രമേശ് എന്ന വ്യക്തിയാണ് ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തതെന്ന് പോലീസ്. മലയാളികളായ പതിനായിരങ്ങള്‍ തട്ടിപ്പിനിരയായതായാണ് പോലീസിന് ലഭിച്ച വിവരം. നിരവധി പരാതികളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്നത്. 2017ലാണ് തമിഴ്നാട് സൂളൂര്‍ സ്വദേശി ഗൗതം രമേശ് നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. 2018ല്‍ യുടിഎസ് എന്ന പേരില്‍ കമ്പനി രൂപീകരിച്ച് ഓണ്‍ലൈന്‍ വഴി നിക്ഷേപ സമാഹരണം തുടങ്ങി. കേരളത്തില്‍ ഉള്‍പ്പെടെ ഏജന്റുമാരെയും നിയമിച്ചു. വന്‍ തുക പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപം സ്വീകരിച്ചത്. തുടക്കത്തില്‍ കൃത്യമായി പലിശ തിരിച്ച് നല്‍കി നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച കമ്പനിയില്‍ കൂടുതല്‍ പേര്‍ ആകൃഷ്ടരാവുകയായിരുന്നു.

ഐടി തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ കമ്പനിയില്‍ റെയ്ഡ് നടന്നതോടെയാണ് നിക്ഷേപ തട്ടിപ്പ് പുറത്തായത്. ഇതോടെ പലരും നിക്ഷേപം തിരികെ ആവശ്യപ്പെട്ടുരംഗത്തുവന്നു. തമിഴ്നാട്ടിലായിരുന്നു ഏറ്റവുമംകൂടുതല്‍ നിക്ഷേപകരുണ്ടായിരുന്നത്. 48,000ല്‍ അധികം പേര്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പണം നല്‍കി കേസ് ഒതുക്കുകയായിരുന്നു. അടുത്തിടെ സേലം പൊലീസില്‍ ലഭിച്ച പരാതിയില്‍ ഇയാളെ കസ്റ്റഡിയിലെടുത്തത് മനസ്സിലാക്കി മലപ്പുറം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടുപോയി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇതോടെയാണ് മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിരവധി പേര്‍ പരാതിയുമായി രംഗത്തുവന്നത്.. കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

നേരത്തെ വന്‍കിട ട്രേഡിങ് കമ്പനിയില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയം ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ഒരാളായ തമിഴ്നാട് സ്വദേശിക്കുകൂടി തട്ടിപ്പില്‍ പങ്കുള്ളതായാണ് സൂചന. ഇയാളെ അറസ്റ്റ് ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. മലപ്പറും, പാലക്കാട് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയായശേഷം ഗൗതമിനെ കോടതിയില്‍ ഹാജരാക്കും. മറ്റ് കേസുകളിലും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *