പ്രകൃതിയുടെ കരവിരുത് തീര്‍ത്ത വെള്ളച്ചാട്ടം

Breaking Feature Food & Travel Keralam

നജ്മ ഹമീദ്

മലപ്പുറം: കണ്ണിനു കുളിരേകി കേരളാംകുണ്ട് വെള്ളച്ചാട്ടം. കാഴ്ചക്കാരുടെ കണ്ണുകളില്‍ പ്രകൃതിയുടെ കരവിരുത് തീര്‍ത്ത വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലാണ്. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിര്‍ത്തിയില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനോടടുത്ത് കരുവാരകുണ്ടില്‍ 1350 അടി ഉയരമുള്ള കൂമ്പന്‍മലയുടെ അടിവാരത്തിലെ കല്‍ക്കുണ്ട് എന്ന പ്രദേശത്താണ് ഈവെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയോരങ്ങള്‍ തന്നെ കാഴ്ചയുടെ ഒരു കൗതുകലോകം തീര്‍ക്കുന്നുണ്ട്. കാഴ്ചക്കാര്‍ക്കായി ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടത്തിനു കുറുകെ നിര്‍മ്മിച്ചിട്ടുള്ള ഇരുമ്പുപാലവും ഏറെശ്രദ്ധേയമാണ്. പ്രകൃതി മനോഹാരിത കൊണ്ടും ആകര്‍ഷണീയത കൊണ്ടും കാണികള്‍ക്ക് ആവേശമായി മാറിയിക്കഴിഞ്ഞിട്ടുണ്ട് ഇവിടം.

ഇതുകൊണ്ട് തന്നെ ദേശീയ സാഹസിക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മലപ്പുറം ജില്ലയിലെ ആദ്യ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നതും കേരളം കുണ്ട് വെള്ളച്ചാട്ടം തന്നെയാണ്. പശ്ചിമഘട്ട പര്‍വ്വതനിരയുടെ നിഴലില്‍ 1350 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂമ്പന്‍ മലയുടെ അടിവാരത്തില്‍ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫ്ഫര്‍ സോണിലെ കാട്ടരുവി കളില്‍നിന്നും എത്തുന്ന ജലമാണ് ഈ വെള്ളച്ചാട്ടത്തില്‍ പതിക്കുന്നത്. ഒലിപ്പുഴ യുടെ ഉത്ഭവവും ഇവിടെ നിന്നു തന്നെയാണ്. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലനിരകള്‍ ഉള്ളതിനാല്‍ പലതരത്തിലുള്ള പച്ചമരുന്നുകള്‍ ഇവിടെ ലഭ്യമാണ്. ഇതിനാല്‍ തന്നെ ഔഷധഗുണമുള്ള വെള്ളമാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകതയെന്നു പഴമക്കാര്‍ പറയാറുണ്ട്. പ്രകൃതി തീര്‍ത്ത മായാജാലം തന്നെയാണ് കേരളം കുണ്ട് വെള്ളച്ചാട്ടം. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പാലരുവി കണക്കേ വലിയൊരു കുഴിയിലേക്ക് പെയ്തിറങ്ങുന്നു. ഇവയെല്ലാം ഈ വെള്ളച്ചാട്ടത്തിനു നടുക്കായി ഒരു നീന്തല്‍കുളം തീര്‍ക്കുന്നു.

കാഴ്ചക്കാരുടെ കണ്ണുകളില്‍ നിന്ന് ഒരിക്കലും മറക്കാനാവാത്ത ചിത്രം. പ്രകൃതി തന്നെ സ്വയം ഒരുക്കിയ ഒരു നീന്തല്‍ കുളം. ഇതുതന്നെയാണ് ഇതിന്റെ മനോഹാരിത ഇരട്ടിയാക്കുന്ന ദൃശ്യം. ഇവിടെയെത്തുന്ന ഏതൊരു കാഴ്ചക്കാരനെയും ഇമവെട്ടാതെനോക്കി നിര്‍ത്താന്‍ ഈ സൗന്ദര്യത്തിന് കഴിയും.

മഴക്കാലത്ത് കുത്തിയൊലിക്കുന്ന ശക്തമായ ഒരു ജലപ്രവാഹം ആണെങ്കില്‍ വേനല്‍ക്കാലത്ത് ചൂട് അകറ്റിയും ദാഹം അകറ്റിയും ഈ വെള്ളച്ചാട്ടം നമ്മെ ആകര്‍ഷിക്കുന്നു. വെള്ളച്ചാട്ടത്തിനു ചുറ്റുമായി പ്രകൃതി സ്വയം പണിതീര്‍ത്ത പാറക്കെട്ടുകള്‍ വെള്ളച്ചാട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നു. പച്ച പ്പാല്‍ തീര്‍ത്ത മരങ്ങളും വള്ളിപ്പടര്‍പ്പുകളും അരുവികളുടെ സംഗീതവും ഒരു പുതിയ ലോകം കാണികള്‍ക്ക് സൃഷ്ടിച്ചു തരുന്നു. പ്രകൃതിയുടെ ഉള്‍ത്തുടിപ്പുകള്‍ അറിയാതെ ഒരു കാഴ്ചക്കാരനും ഇവിടെ നിന്ന് മടങ്ങാന്‍ ആവില്ല…

Leave a Reply

Your email address will not be published. Required fields are marked *