കോവിഡ് ചികിത്സയ്ക്കു വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് മടക്കി അയച്ച വയോധിക മരണപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് കമ്മീഷനെ വെച്ചു

Breaking Keralam News

മലപ്പുറം: കോവിഡ് ചികിത്സയ്ക്കു വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് മടക്കി അയച്ച വയോധിക മരണപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനായി രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ജീവന് വിലകല്‍പ്പിക്കാത്ത നടപടി നടന്നതെന്നാണ് പരാതി. മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
മെഡിക്കല്‍ കോളജില്‍ ചികിത്സക്കുവന്ന വയോധിക അന്നേദിവസം ഒരു രാത്രി മുഴുവന്‍ ചികിത്സ തേടിയലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. മലപ്പുറം മാറാക്കര പിലാത്തറയില്‍ പരേതനായ കരപ്പാത്ത് യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണു (78) മരിച്ചത്.
കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11 നാണു കോവിഡ് സ്ഥിരീകരിച്ചത്. 12 ന് മെഡിക്കല്‍ കോളജ് കാഷ്വല്‍റ്റിയില്‍ ചെന്നെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്നാണ് അറിയിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ പാത്തുമ്മയെ ആംബുലന്‍സില്‍ത്തന്നെ കിടത്തി. സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു.

ഒന്നും അറിയില്ലെന്ന് ജീവനക്കാര്‍

അതേ സമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രോഗിയെ എത്തിച്ചതിന് രേഖകള്‍ ഇല്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയുണ്ടാകുമെന്നും സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ പറഞ്ഞു. രോഗിയെ മടക്കി അയക്കേണ്ട സാഹചര്യം ആശുപത്രിയില്‍ ഇല്ല. 46 വെന്റിലേറ്ററുകളാണ് ആശുപത്രിയില്‍ ക്രമീകരിച്ചത്. തിങ്കളാഴ്ച ഇതില്‍ 40 എണ്ണവും ഒഴിഞ്ഞു കിടക്കുകയായിരിന്നു. ആശുപത്രിയിലെ ചികില്‍സാ ക്രമീകരണങ്ങള്‍ ദിവസവും രണ്ടു നേരം വെബ്സൈറ്റില്‍ പ്രസിദ്ധീരിക്കുന്നുണ്ട്. ഇതുവഴി ഐസിയു, കിടക്കകള്‍, വാഡുകളിലെയും ഒഴിവുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കാണാനാവും. ഈ സാഹചര്യത്തില്‍ തെറ്റ് സംഭവിക്കാന്‍ ഇടയില്ലെന്നും പത്ര വാര്‍ത്തയിലൂടെയാണ് സംഭവം അറിഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മരിച്ച പത്തുമ്മയുടെ മക്കള്‍: മൊയ്തീന്‍കുട്ടി, ദാവൂദ്, നാസര്‍, ബഷീര്‍, സക്കറിയ, റാബിയ, സുബൈദ, മൈമൂന. മരുമക്കള്‍: കുഞ്ഞാത്തു, കുല്‍സു, മുംതാസ്, സെറീന, ഹാജറ, മൂസ, സെയ്തലവി, പരേതനായ മുഹമ്മദ്.

പ്രതിഷേധം കത്തുന്നു

അതേ സമയം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വെന്റിലേറ്റര്‍ സൗകര്യവും
മതിയായ ചികിത്സയും നല്‍കാതെ തിരിച്ചയക്കുകയും ചെയ്തത് മൂലം മാറാക്കര സ്വദേശിനിയായ വായോധിക മരിക്കാനിടയായ സാഹചര്യത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ കടുത്ത അനാസ്ഥ മൂലമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.പ്രകടനമായെത്തിയ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് കവാടത്തിന് മുമ്പില്‍ പോലീസ് തടഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സഫീര്‍ ജാന്‍, ഉമറലി കരേക്കാട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ആസാദ് തമ്പാനങ്ങാടി, ശറഫുദ്ധീന്‍മലപ്പുറം , ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ മേച്ചേരി, കെ.എസ്.യു ജില്ലാ സെക്രട്ടറി ഇ.കെ അന്‍ഷിദ്,വിജീഷ് എളങ്കൂര്‍,റാഷിദ് വട്ടപ്പാറ,സനില്‍ തൃക്കലങ്ങോട് എന്നിവര്‍ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *