മരണ കാരണം അറിയാതെ മലപ്പുറത്ത് ആനക്കുട്ടിയുടെ ജഡം കണ്ടെത്തി

Breaking Keralam News

മലപ്പുറം: മരണ കാരണം സ്ഥിരീകരിക്കാതെ മലപ്പുറത്ത് ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. നേരത്തെ പാലക്കാട് ജില്ലയില്‍ സ്‌ഫോടക വായില്‍കടിച്ച സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സമയത്തും ഇത് മലപ്പുറം ജില്ലയുടെ മേലില്‍ചാര്‍ത്തി അധിക്ഷേപിക്കാനും മുതലെടുത്തതായി പരാതികളുയര്‍ന്നിരുന്നത്. എന്നാല്‍ ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴ-ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ ഡാമിനു സമീപമാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. വൈകുന്നേരമാണ് ഒരു മാസം പ്രായമുള്ള ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം കരയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പ്രദേശത്ത് രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വെള്ളച്ചാട്ടത്തില്‍ നിരൊഴുക്കു കൂടി. ഈ സാഹചര്യത്തില്‍ ജഡമുള്ള സ്ഥലത്തേക്ക് എത്തിപ്പെടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. ഇന്ന് രാവിലെ സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കയറുകെട്ടി 15 മീറ്ററോളം താഴ്ചയില്‍ വഴുക്കലുള്ള ചെങ്കുത്തായ പാറക്കെട്ടിലൂടെ അതിസാഹസികമായി പുഴയിലിറങ്ങി. തുടര്‍ന്ന് ആനക്കുട്ടിയുടെ ജഡം കരയ്‌ക്കെത്തിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പ്രത്യേക വെറ്ററിനറി സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ജഡത്തില്‍ പരിശോധന നടത്തി. പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്തു. അതേസമയം ആനക്കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. ആനക്കുട്ടി വെള്ളച്ചാട്ടത്തില്‍ വീണു പോയതാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *