തിരൂരങ്ങാടി : മക്കളുമായി പുഴകാണിക്കാന്‍ പോയ പിതാവിനേയും മകനേയും പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന് ഇസ്മാഈല്‍ (36) മകന് മുഹമ്മദ് ശംവീല്‍ (ഏഴ്)) എന്നിവരെയാണ് പുഴയില്‍ കാണാതായത്. കൂടെ ഉണ്ടായിരുന്ന മകന് ശാനിബിനെ (ഒമ്പത്) അയല്‍വാസി രക്ഷപെടുത്തി. ഇന്നലെ രാവിലെ 11.30 നാണ് സംഭവം, ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നും കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് പതിനെട്ട് ദിവസമായി താമസം മാറ്റിയിട്ട്. കുട്ടികള്‍ വീട് താമസം മാറ്റിയ അന്ന് മുതല്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപെട്ട് തുടങ്ങിയങ്കിലും ഇസ്മാഈല്‍ സമ്മതിക്കാറില്ലായിരുന്നു. ഇന്നലെ കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരെ പുഴകാണിക്കാനും പോവുകയായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല് തെറ്റി വീഴുകയായിരുന്നത്രെ. ഇസ്മാഈല്‍ കുട്ടിയെ തിരയുന്നതിനിടെ ഇസ്മാഈലിനെയും കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിയുന്നത്. തുടര്‍ന്ന് തിരൂരങ്ങാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നാട്ടുകാരും കേരളഫയര് ആന്റ് റെസ്ക്യൂ സര്‍വ്വീസ് ടീം, പരപ്പനങ്ങാടി, തിരൂരങ്ങാടി ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍, തിരൂരങ്ങാടി പോലീസ്, ഇ,ആര്.എഫ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇസ്മാഈല്‍ അടുത്ത ഡിസംബറില്‍ അബൂദാബിയിലേക്ക് തിരിച്ച് പോവാനിരിക്കുകയാണ്. മാതാവ്: മമ്മാത്തു, ഭാര്യ: സാജിത പാണ്ടികശാല.
