ഒരേ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഒരുമിച്ച കളിക്കൂട്ടുകാര്‍ മരിച്ചപ്പോള്‍ ഇവരെ മറവ് ചെയ്തതും അടുത്തടുത്തായാണ്

Breaking Keralam Pravasi

ജിദ്ദ: സൗദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളി യുവാക്കളും മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാര്‍. ഒരേ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഒരുമിച്ച കളിക്കൂട്ടുകാര്‍ മരിച്ചപ്പോള്‍ ഇവരെ മറവ് ചെയ്തതും അടുത്തടുത്തായാണ്. മലപ്പുറം താനൂര്‍ കുന്നുംപുറം തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര സനദ് (22) എന്നിവരാണ് അപകടത്തില്‍ പൊലിഞ്ഞത്.
സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിേന്റയും ജാഫര്‍ കൊണ്ടോട്ടിയുടേയും അക്ഷീണയത്‌നമാണ് അപകടം നടന്ന് ഒരു ദിവസം കഴിയുന്നതിന് മുമ്പ് ഖബറടക്കാന്‍ സാധിച്ചത്. കൊവിഡ് പ്രതിന്ധിക്കിടയിലും വന്‍ജനാവലിയാണ് ഖബറടക്ക ചടങ്ങിനെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹങ്ങള്‍ ദമ്മാം മഖ്ബറയിലേക്ക് കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടോടെ ബബറടക്കം നടന്നു. ഒരേ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഒരുമിച്ച, മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാര്‍ക്ക് അടുത്തടുത്തായാണ് ഖബറുകള്‍ ഒരുക്കിയത്.
സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോയതായിരുന്നു മൂന്നുപേരും. ദമ്മാം ദഹ്‌റാന്‍ മാളിന് സമീപത്താണ് അപകടം സംഭവിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *