ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായത് ഇങ്ങിനെ…

Breaking Feature Keralam Politics

എ.പി. അബ്ദുള്ളക്കുട്ടി ശരിക്കും അത്ഭുതക്കുട്ടിയാണോ. സി.പി.എം എംപിയായും കോണ്‍ഗ്രസ് എംഎല്‍എയായും മാറിയ അബ്ദുള്ളക്കുട്ടിയിപ്പോള്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായത് എങ്ങിനെയാണ്. രാഷ്ട്രീയ വൈര്യമില്ലാതെ അബ്ദുള്ളക്കുട്ടിയെ വിലയിരുത്തിയാല്‍ ശരിക്കും അത്ഭുതക്കുട്ടി തന്നെയാകും.
ആദ്യം സിപിഎമ്മിനോടൊപ്പം പിന്നീട് കോണ്‍ഗ്രസില്‍, അവസാനം അവിടവും വിട്ട് ബിജെപിയിലെത്തി.
ദേശീയ മുസ്ലിം എന്ന് സ്വയം വിളിക്കുന്ന ഈ രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ച എന്നും പ്രവചനാതീതമായിരുന്നു. രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയരുമ്പോഴും അദ്ദേഹത്തിന് ലഭിക്കുന്നത് പ്രവര്‍ത്തന മികവിനെക്കാളുള്ള അംഗീകാരമാണ്. സ്വന്തം നിലപാടുകള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ കാലാവസ്ഥ നോക്കി തുറന്ന് പറയാതിരിക്കുന്ന ആളല്ല എ പി അബ്ദുള്ളക്കുട്ടി. സിപിഎം എംപിയായും കോണ്‍ഗ്രസ് എംഎല്‍എയായും വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ബിജെപിയിലൂടെയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വളര്‍ന്നിരിക്കുന്നത്.
കേരളത്തിലും ഇന്ത്യയിലും തന്നെ ന്യൂനപക്ഷങ്ങളെ ബി.ജെ്.പിയിലേക്ക് ആകര്‍ഷിപ്പിക്കാനായാണ് ദേശീയ നേതൃത്വത്തം അബ്ദുള്ളക്കുട്ടിക്ക് ഇത്തരത്തിലൊരു പദവി നല്‍കിയതെങ്കിലും ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ തഴഞ്ഞ് ന്യൂപക്ഷവിഭാഗക്കാരന് പദവി ലഭ്യമായണ് അബ്ദുള്ളക്കുട്ടിയെ സംബന്ധിച്ചു വലിയ കാര്യംതന്നെയാണ്.

കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി ബിജെപിയില്‍ ചേര്‍ന്നത്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരിക്കെ കണ്ണൂരില്‍ മത്സരിക്കാന്‍ വന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി ‘അദ്ഭുതക്കുട്ടി’യായത്. കണ്ണൂര്‍ മണ്ഡലത്തില്‍ അഞ്ചു തിരഞ്ഞെടുപ്പില്‍നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 1999ല്‍ എ.പി. അബ്ദുല്ലക്കുട്ടിയെ സിപിഎം സ്ഥാനാര്‍ത്ഥിയായി ഇറക്കുമ്പോള്‍ മൂക്കത്തു വിരല്‍ വച്ചവരുണ്ട്. 1984 മുതല്‍ മുല്ലപ്പള്ളി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലത്തില്‍ അബ്ദുല്ലക്കുട്ടിയെ ഇറക്കുമ്പോള്‍ സിപിഎമ്മിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. യുവത്വം, ന്യൂനപക്ഷ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിനു സീറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ 10247 വോട്ടിന് അട്ടിമറിച്ച് 15 വര്‍ഷം നീണ്ട മുല്ലപ്പള്ളിയുടെ പടയോട്ടം അബ്ദുല്ലക്കുട്ടി അവസാനിപ്പിച്ചു.

2004ലും മുല്ലപ്പള്ളിയെ തന്നെ തോല്‍പ്പിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പായി അബ്ദുല്ലക്കുട്ടി മുല്ലപ്പള്ളിയുടെ കോണ്‍ഗ്രസിലെത്തി.2009 ല്‍ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയതോടെ അബ്ദുള്ളക്കുട്ടിയെന്ന അദ്ഭുതക്കുട്ടി സിപിഎമ്മില്‍ നിന്നും പുറത്തായി. പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി നേരെ പോയത് കോണ്‍ഗ്രസിലേക്കും. വികസനത്തിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കണമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞത് അദ്ദേഹം സിപിഎമ്മില്‍ ആയിരുന്നപ്പോഴാണ്. സിപിഎം ജില്ലാ നേതൃത്വത്തിന് അനഭിമതനായ അബ്ദുല്ലക്കുട്ടിയുടെ പേരില്‍ അതിനു മുന്‍പേ രണ്ടുതവണ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു കാരണവും മോദീപ്രശംസ തന്നെ.

ലോക്സഭയിലേക്ക് സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയ അബ്ദുള്ളക്കുട്ടി 2011-ലെ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2016-ലെ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.എന്‍ ഷംസീറിനോട് പരാജയപ്പെട്ടു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്തെത്തിയത്. കോണ്‍ഗ്രസ് അച്ചടക്ക നടപടി തുടങ്ങിയതിനു പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി. കേരളത്തിലെ നേതാക്കളെ പോലും തഴഞ്ഞാണ് ബിജെപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അബ്ദള്ളക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ബിജെപി ദേശീയ നേതൃത്വം.

മോദി സ്തുതിയാണ് അബ്ദുള്ളക്കുട്ടിക്ക് സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രശ്‌നമായത്. ഒടുവില്‍, ദേശീയ മുസ്ലിം എന്ന് സ്വയം വിശേഷിപ്പിച്ച് മോദിയുടെ കൂടാരത്തിലെത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാത്രമല്ല അബ്ദുള്ളക്കുട്ടി വിവാദങ്ങളില്‍ ഇടംപിടിച്ചത്. സോളാര്‍ വിവാദം കത്തിനിന്നപ്പോള്‍ പരാതിക്കാരി ഉയര്‍ത്തിയ പേരുകളില്‍ അബ്ദുല്ലക്കുട്ടിയുമുണ്ടായിരുന്നു. ഇതിനിടെ സെക്‌സ് ടോയ്, ബംഗാള്‍ മോഡല്‍ കൊലകള്‍ തുടങ്ങിയ വിവാദങ്ങളിലും പെട്ടു. ‘മറക്കാനാവാത്ത മക്കാവ് യാത്ര’ എന്ന പുസ്തകത്തിലായിരുന്നു സെക്‌സ് ടോയ് സംബന്ധിച്ച വിവാദപരാമര്‍ശം. ഭാര്യയുമൊന്നിച്ചു നടത്തിയ മക്കാവ് യാത്രയായിരുന്നു പുസ്തകത്തിന് ആധാരം.

സെക്‌സ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ടോയ് ഷോപ്പുകള്‍ കേരളത്തിലും വേണമെന്നും ലൈംഗിക ജ്വരം ബാധിച്ചവര്‍ക്കായി നിശാക്ലബ്ബുകള്‍ ഇവിടെയും വരണമെന്നും പറഞ്ഞ് അബ്ദുല്ലക്കുട്ടി വീണ്ടും വിവാദനായകനായി. ”കൊല ചെയ്യുന്നതില്‍ നമ്മള്‍ ബംഗാളികളെ കണ്ട് പഠിക്കണം. കൊന്നാല്‍ പഞ്ചസാരയിട്ട് കത്തിക്കണം” എന്നു പിണറായി വിജയന്‍ പറഞ്ഞു എന്ന വിവാദപരാമര്‍ശം അബ്ദുല്ലക്കുട്ടി നടത്തിയത് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു വിവാദപരാമര്‍ശം.
എപി അബ്ദുള്ളക്കുട്ടി അടക്കം 12 ഉപാധ്യക്ഷന്മാരെ നിയമിച്ചാണ് ബിജെപി ദേശീയ നേതൃത്വം പുനഃസംഘടിപ്പിച്ചത്. ജെപി നഡ്ഡ അധ്യക്ഷനായി ചുമതലയേറ്റ് എട്ട് മാസത്തിന് ശേഷമാണ് സംഘടനാ നേതൃത്വം പുനഃസംഘടിപ്പിക്കുന്നത്. ടോം വടക്കനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചു. ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. ഡല്‍ഹി മലയാളിയായ അരവിന്ദ മേനോന്‍ ദേശീയ സെക്രട്ടറിയായും പട്ടികയിലുണ്ട്.

രാം മാധവ്, മുരളീധര റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇല്ല. തേജസ്വി സൂര്യ എംപിയാണ് യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷന്‍. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ഭാരവാഹികള്‍. രമണ്‍ സിങ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അടക്കമുള്ളവരും ഉപാധ്യക്ഷന്മാരാണ്. ഭൂപേന്ദ്ര യാദവ്, കൈലാഷ് വിജയ്വാര്‍ഗിയ എന്നിവരും പുതിയ ജനറല്‍ സെക്രട്ടറി പട്ടികയിലുണ്ട്. ബിജെപി ഐടി സെല്ലിന്റെ മേധാവിയായി അമിത് മാളവ്യ തുടരും. സംപിത് പാത്ര, രാജീവ് പ്രതാപ് റൂഡി അടക്കം 23 പേരാണ് ദേശീയ വക്താക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *