ഭാഗ്യലക്ഷ്മിയേയും ദിയാ സനയേയും അറസ്റ്റ് ചെയ്യാന്‍ പോലീസ്

Breaking Crime News

തിരുവനന്തപുരം: വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയേയും ദിയാ സനയേയും അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിയിരുന്നു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് വിജയ് പി നായര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിജയ് നായരുടെ പരായില്‍ തിരിച്ചു കേസെടുത്തത്. ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാദമായ യൂട്യൂബ് വീഡിയോകള്‍ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ് പി നായരുടെ മൊബൈല്‍ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോകുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിന്റെ എഫ്ഐആറില്‍ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്. അപകീര്‍ത്തികരമായ വീഡിയോ അപ്ലോഡ് ചെയ്തതിന് പൊലീസിന് പലവട്ടം പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് ഒടുവില്‍ നേരിട്ടിറങ്ങേണ്ടി വന്നതെന്നും ഇതിന്റെ ജയിലില്‍ പോയി കിടക്കേണ്ടി വന്നാലും പ്രശ്നമില്ലെന്നും ഇന്നലെ ഭാഗ്യലക്ഷമി പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നത് ഗുരുതരമായ തെറ്റാണ്. അതില്‍ പരാതി ഇന്നലെയാണ് പൊലീസിന് നല്‍കിയത്. ഇതാണ് സത്യമെന്നെതിരിക്കെ പൊലീസിനെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായരെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു. ഇത് സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യ ലക്ഷമിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഓയിക്കുകയും ചെയ്തിരുന്നു. വിജയ് പി നായര്‍ എന്ന വ്യക്തി താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രണമെന്നായിരുന്ന ഭാഗ്യലക്ഷിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചതില്‍മാപ്പു പറയുന്നതായും ആക്രമിച്ചവര്‍ക്കെതിരെ തനിക്ക് പരാതിയില്ലെന്നും വിജയ് പി നായര്‍ ആദ്യം പറഞ്ഞിരുന്നു. പിന്നീട് നിലപാട് മാറ്റി. പൊലീസില്‍ പരാതിയും നല്‍കി. ഈ സാഹചര്യത്തില്‍ കേസെടുത്തേ മതിയാകൂവെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാല്‍ അറസ്റ്റ ്ചെയ്താല്‍ ജഡ്ജിക്ക് മുമ്പില്‍ ഹാജരാക്കേണ്ടി വരും. അതുകൊണ്ട് തന്നെ റിമാന്‍ഡ് ചെയ്യുന്നതുള്‍പ്പെടുള്ള കാര്യങ്ങളില്‍ കോടതിയുടെ നിലപാടാകും നിര്‍ണ്ണായകം.

സമൂഹമാധ്യമങ്ങളില്‍ ഭാഗ്യലക്ഷ്മിക്ക് അനുകൂലമായ പ്രതികരണങ്ങള്‍ നിറയുകയാണ്. അതിനിടെയാണ് പൊലീസ് ഇടപെടല്‍. വീഡിയോ വൈറലായ സാഹചര്യത്തില്‍ ഈ വിഷയം കോടതിയില്‍ എത്താനും സാധ്യതയുണ്ട്. ഇടതുപക്ഷത്തിന്റെ ഭാഗമായ സിപിഐയുടെ നേതാവാണ് ഭാഗ്യലക്ഷ്മി. തിരുവനന്തപുരം ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പോലും ഉയര്‍ന്നു കേട്ട പേര്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഈ വിഷയത്തെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുന്നത്. പൊലീസിനെതിരേയും അക്രമ സമയത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതും കേസിലേക്ക് കാര്യങ്ങളെത്തിക്കാന്‍ കാരണമായെന്നാണ് സൂചന.

സ്വന്തം യൂട്യൂബ് ചാനല്‍ വഴി വിജയ് പി നായര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു കൈയേറ്റം. സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്ത ഭാഗ്യ ലക്ഷി, ദിയസനയും ആദ്യം കരിയോയില്‍ ഒഴിച്ചു, കൈയേറ്റവും ചെയ്തു. പരാമാര്‍ശങ്ങളില്‍ മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം വിജയുടെ ലാപ് ടോപ്പും മൊബൈലുകളുമെല്ലാം സ്ത്രീകളെത്തുകൊണ്ടുപോയി. ഇതിനെ എതിര്‍ക്കാന്‍ വിജയ് ശ്രമിച്ചുവെങ്കിലും ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും തടഞ്ഞു. മോഷണക്കുറ്റവും ഭാഗ്യലക്ഷ്മിക്കെതിരെ നിലനില്‍ക്കുമെന്നതാണ് വസ്തുത. ഇതിനെല്ലാം ഇവര്‍ പുറത്തു വിട്ട വീഡിയോ തെളിവുമാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നതിന് പകരം ആക്രമണം നടത്തിയത് അര്‍ബന്‍ നക്സലിസമാണെന്ന വാദം ഇതിനിടെ സജീവമായി ഉയര്‍ന്നു.

ആക്രമത്തിന് ശേഷം കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തി സ്ത്രീകളോട് മ്യൂസിയം സ്റ്റേഷന്‍ പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തുകൊണ്ടാണ് കൈയേറ്റം ചെയ്യേണ്ടിവത്തെന്ന് ഭാഗ്യലക്ഷി പറയുന്നു. ആക്രമണത്തിന് ശേഷം ലാപ്ടോപ്പും മൊബൈലുമായി സ്ത്രീകള്‍ മ്യൂസിയം സ്റ്റേഷനിനിലെത്തിയെങ്കിലും സാധനങ്ങള്‍ പൊലീസ് വാങ്ങിയില്ല. ഭാഗ്യലക്ഷമിയോ മാറ്റാരെങ്കിലുമൊ നല്‍കിയ പരാതി ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. പിന്നീട് തമ്പാനൂര്‍ സ്റ്റേഷനിലെത്തിയ ഭാഗ്യലക്ഷമിയും സുഹൃത്തുക്കളും വിജയക്കെതിരെ പരാതി എഴുതി നല്‍കുകയും ലാപ് ടോപ്പും മൊബൈലും കൈമാറുകയും ചെയ്തു. തെളിവ് എന്ന രീതിയിലാണ് ഇതെല്ലാം കൈമാറിയത്.

സാമൂഹികമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോയെന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉയര്‍ത്തുന്ന ചോദ്യം. ‘കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ അടിവസ്ത്രം ധരിക്കാത്തത് എന്തുകൊണ്ടാണ് എന്ന രീതിയില്‍ അയാള്‍ ഒരു വീഡിയോ ചെയ്യുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നു. ആര് എപ്പോള്‍ വിളിച്ചാലും പോകാന്‍ തയ്യാറായിരിക്കുകയാണ് അവര്‍ എന്ന അര്‍ഥത്തിലാണ് അയാളിത് പറയുന്നത്. ഒരു വീഡിയോയില്‍ കേരളത്തിലെ വനിതാകമ്മിഷന്‍ ആദ്യ ചെയര്‍പേഴ്‌സണായ സ്ത്രീ എന്നു പറഞ്ഞ് സുഗതകുമാരിയമ്മയെ കുറിച്ച് അയാള്‍ അരോചകമായി സംസാരിക്കുകയാണ്. മലയാള സിനിമയിലെ നടികള്‍ക്ക് ശബ്ദം കൊടുക്കുന്ന ഒരു സ്ത്രീ ഓരോ സിനിമയ്ക്കും ഓരോരുത്തരുടെ കൂടെ പോയിക്കിടക്കുന്നു എന്ന് പറയുന്നു.

ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാള്‍ക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്, ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ ഇതിനെതിരെ നിയമം ഇല്ലേ. ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്. നിയമം കൈയിലെടുക്കരുത് എന്ന പ്രതികരണങ്ങള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ, നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി? ഭാഗ്യലക്ഷ്മി ചോദിച്ചു.

ഡോ.വിജയ്യുടെ വീഡിയോകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി വീഡിയോയിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. ഫെമിനിസം എന്ന വാക്കിന്റെ അര്‍ഥമറിയാത്തവരാണ് ഫെമിനിസ്‌ററുകളെ അവഹേളിക്കുന്നതെന്നും ലൈക്കിനും കമന്റിനുവേണ്ടി മറ്റുള്ളവരെ അവഹേളിച്ച് അതിലൂടെ വരുമാനമുണ്ടാക്കുന്നവരോട് തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. വീഡിയോകളെ ശക്തമായി വിമര്‍ശിച്ച ഭാഗ്യലക്ഷ്മി നിയമപരമായി തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ധൈര്യത്തിലാണ് മററുള്ളവരെ അവഹേളിക്കുന്ന വീഡിയോകളുമായി ഇത്തരക്കാര്‍ എത്തുന്നതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *