ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിന് ആരാണ് ഉത്തരവാദി ? പ്രസവ വേദനയാല്‍ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങളള്‍ അറിഞ്ഞിട്ടുണ്ടൊ- ഷെരീഫ് പറയുന്നു..

Breaking Keralam News

മലപ്പുറം: പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സനല്‍കാതെ ആശുപത്രികള്‍ ഇറക്കിവിട്ട ഈ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍കവര്‍ന്നതിന്റെ ഉത്തരവാദി ആരാണ്. പൂര്‍ണഗര്‍ഭിണിയെ കൊവിഡിന്റെ പേരില്‍ മെഡിക്കല്‍ കോളജുകളും സ്വകാര്യ ആശുപത്രികളും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചതിനൊടുവില്‍ നഷ്ടമായത് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍തന്നെയാണ്. സുപ്രഭാതംപത്രത്തിന്റെ മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല ദമ്പതികള്‍ക്കാണ് 36 മണിക്കൂറുകളോളം ആശുപത്രികളുടെയും സര്‍ക്കാര്‍ അധികൃതരുടെയും ദുര്‍വാശിക്കിരയായതിനൊടുവില്‍ കന്നിപ്രസവത്തിലെ ഇരട്ട ശിശുക്കളെ നഷ്ടമായത്. നേരത്തെ സഹലക്ക് കൊവിഡ് പോസിറ്റിവ് ആവുകയും ഈ മാസം 15ന് അത് നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് രോഗികള്‍ക്കേ ചികില്‍സയുള്ളൂവെന്ന് മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായതിനാല്‍ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.

അലഞ്ഞത് 14 മണിക്കൂര്‍.

പൂര്‍ണഗര്‍ഭിണിയായ ഭാര്യക്ക് പ്രസവ ചികിത്സ തേടി എന്‍.സി ഷരീഫും ഭാര്യയും അലഞ്ഞത് 14 മണിക്കൂര്‍. പുലര്‍ച്ചെ നാലിന് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.സി ഷെരീഫാണ് അധികൃതരുടെ അനാസ്ഥമൂലം ഇരുപതുകാരിയായ ഭാര്യയുമായി മണിക്കൂറുകള്‍ അലഞ്ഞത്. ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ല. പ്രസവ ചികിത്സയ്ക്ക് പിസിആര്‍ ഫലം തന്നെ വേണമെന്നും കോവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് ഷരീഫ് ‘മറുപുറം കേരള’യോട് പറഞ്ഞു.

പിന്നീട്, പിസിആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചു ഇവര്‍ക്ക് അലയേണ്ടി വന്നു. ഇരട്ടക്കുട്ടികളെയാണ് യുവതി ഗര്‍ഭം ധരിച്ചിരിക്കുന്നത്. യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ രോഗം ഭേദമാവുകയും ചെയ്തിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞെങ്കിലും പിന്നീട് പാതിവഴി എത്തിയപ്പോള്‍ തിരിച്ചുവിളിച്ച് കോവിഡ് പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ഇവര്‍ നിര്‍ബന്ധം പിടിച്ചു.പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആര്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്. എന്നാല്‍ താനും ഭാര്യയും മാനസികമായി തകര്‍ന്ന ഈസമയം ഒരിക്കലും മറക്കാനാകില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ഷരീഫ് പറഞ്ഞു. ഓട്ടപ്പാച്ചിലിനിടയില്‍ ഏറെ വൈകി മലപ്പുറം ഡി.എം.ഒയെ ഫോണില്‍വിളിച്ച് വിഷയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നു ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുകയും മെഡിക്കല്‍ കോളജില്‍വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഡി.എം.ഒയെ അവസാനം വിളിക്കാനായതും ഇടപെടല്‍ നടത്താനും മാധ്യമ പ്രവര്‍ത്തകന്‍ ആയതിനാലാും അവരെ ഫോണ്‍ നമ്പര്‍ കയ്യിലുണ്ടായതിനാലുമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും അറിയാത്ത നിരവധിപേര്‍ ഇത്തരം അവസ്ഥയില്‍ എന്തുചെയ്യുമെന്നും ഷരീഫ് ചോദിക്കുന്നു. ഇതിനാല്‍ തന്നെ ഇത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും താന്‍ പരാതി നല്‍കുമെന്നും ഷരീഫ് പറഞ്ഞു. ഭാര്യ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയലുണ്ട്. ഉടന്‍ പ്രസവം ഉണ്ടാകുമെന്നാണ് പറയുന്നത്. ഇതിന് ശേഷം മേല്‍പറഞ്ഞ കാര്യങ്ങളില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും ഷരീഫ് പറഞ്ഞു. ഇതുസംബന്ധച്ച് ഷരീഫിന് പറയാനുള്ളത് താഴെ:

പരാതിബനല്‍കും, ഇത് ഇനി ആവര്‍ത്തിക്കപ്പെടരുത്

പ്രസവ വേദനയാല്‍ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടൊ?. ഗര്‍ഭ പാത്രത്തിന്റെ ഉളളില്‍ നിന്ന് ആരംഭിച്ച് ഗര്‍ഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാന്‍ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഗര്‍ഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തില്‍ പോലും നീ കൊവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?. അതികഠിനമായ വേദന അനുഭവിച്ച് ലേബര്‍ റൂമില്‍ ഭയപ്പാടോടെ കഴിയുമ്പോള്‍ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വേദനിക്കാത്തവരുണ്ടാകുമൊ?.

ഇതെല്ലാം അനുഭവിച്ചു എന്റെ പെണ്ണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പോലും നീതി ലഭിച്ചില്ല. ഒന്‍പത് മാസം ഗര്‍ഭിണിയായ അവള്‍ക്ക് ചികിത്സ ലഭ്യമാകാന്‍ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു. ഇത് യു.പിയില്‍ അല്ല. മലപ്പുറത്തും കോഴിക്കോടുമാണ്.
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു ഇന്നലെ. എന്റെ ഭാര്യ ഒന്‍പത് മാസം ഗര്‍ഭിണിയാണ്. സെപ്റ്റംബര്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഡി.എം.ഒ ഡോ.സക്കീന, നോഡല്‍ ഓഫീസര്‍ ഡോ.പി.ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.രഹന എന്നിവര്‍ അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി അവള്‍ക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മഞ്ചേരിയില്‍ അഡ്മിറ്റ് ചെയ്തു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച അവളോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. പക്ഷെ അതൊരു വിഷയമാക്കി എടുക്കാതെ ഞങ്ങള്‍ മറക്കാന്‍ ശ്രമിച്ചു.

ഇനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും അവള്‍ കരഞ്ഞുപറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ വിവരങ്ങളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ എടവണ്ണ ഇ.എം.സി ആശുപത്രിയില്‍ ചെന്നു. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടര്‍ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയ്ച്ചു. ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു. ‘കൊവിഡ് ബാധിച്ചത് അവളുടെ തെറ്റല്ലല്ലൊ, അവള്‍ക്ക് പ്രസവ സംബന്ധമായ ചികിത്സ ലഭിക്കണം’. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു തവണ കൊവിഡ് ബാധിച്ചതിനാല്‍ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങള്‍ വേറെ ആശുപത്രികളില്‍ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇ.എം.സിയില്‍ നിന്നുള്ള പ്രതികരണം. (സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറായില്ല).

ശനിയാഴ്ച പുലര്‍ച്ചെ അടിവയറ്റിലും ഊരക്കും ശക്തമായ വേദന അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.30ന് ഞാന്‍ അവളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും അവളെ ഉള്‍ക്കൊള്ളാന്‍ മനസില്ലാത്ത രീതിയിലായിരുന്നു ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയൊള്ളു എന്നും അവര്‍ പറഞ്ഞു. മറ്റു മാര്‍ഗമില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ലെന്നും പറഞ്ഞു നോക്കി. പക്ഷെ ചികിത്സ നല്‍കാനാവില്ലെന്ന വാശിയായിരുന്നു അവര്‍ക്ക്.

അവള്‍ക്ക് വേദന ഇല്ലന്നും നിങ്ങളെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നും ലേബര്‍ റൂമില്‍ നിന്ന് പറഞ്ഞു. എവിടേക്കെങ്കിലും റഫര്‍ ചെയ്ത് തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ആവശ്യപ്രകാരം രാവിലെ 8.30 ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ പിന്നീട് വന്ന ഡോക്ടര്‍ അവളെ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോള്‍ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. (ആ ഡോക്ടര്‍ക്ക് അവളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു). എന്നാല്‍ ഇതിനിടയില്‍ അവളെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു. അവള്‍ പ്രസവ വേദനയാല്‍ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നീതി ലഭിച്ചില്ല.

ഞങ്ങളെ അവിടെ നിന്ന് പറഞ്ഞുവിടുമ്പോള്‍ സമയം 11.45 ആയിക്കാണും. കോഴിക്കോട് കോട്ടപറമ്പിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു. പക്ഷെ അവള്‍ അനുഭവിക്കുന്ന വേദനയെ തോല്‍പ്പിക്കാന്‍ എന്റെ ആശ്വാസ വാക്കുകള്‍ക്ക് ആയില്ല. ഇരിപ്പുറക്കാതെ അവള്‍ വാഹനത്തില്‍ നിന്ന് എണീറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ കോട്ടപറമ്പ് ആശുപത്രിയില്‍ എത്തുമ്പോള്‍ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കില്‍ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് ഞാന്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആര്‍.ടി.പി.സി.ആര്‍ വേണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു. പ്രിയപ്പെട്ടവള്‍ക്ക് ചികിത്സ ലഭിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നായതോടെ ഞാന്‍ കോഴിക്കോട് അശ്വനി ലാബില്‍ കയറി കൊവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തേടി. 24 മണിക്കൂറിന് ശേഷമേ റിസള്‍ട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഞാന്‍ ഓമശ്ശേരി ആശുപത്രിയില്‍ വിളിച്ചുപറഞ്ഞു. എന്നിട്ടും അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. അവള്‍ കഠിനമായ വേദനയാല്‍ കരയാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു, സഹായിക്കണമെന്നും ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ, ആര്‍.ടി.പി.സി.ആര്‍ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

പിന്നീട് മുക്കം കെ.എം.സി.ടിയില്‍ വിളിച്ചു. എന്റെ ദയനീയാവസ്ഥ മനസിലാക്കിയ അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായി. ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം. സ്‌കാന്‍ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
ആശുപത്രികളില്‍ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മലപ്പുറം ഡി.എം.ഒ ഡോ.സക്കീനയും എന്നെ വിളിച്ചു. വിവരങ്ങള്‍ തിരക്കി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പു നല്‍കി. മന്ത്രിയും ഡി.എം.ഒയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിളിച്ചു.

ഇനി ഇത് ആവര്‍ത്തിക്കരുത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോകടര്‍ക്കെതിരെ നടപടി വേണം. സംസ്ഥാന സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനയിലൂടെ കൊവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസള്‍ട്ട് സ്വകാര്യ ആശുപത്രികള്‍ അംഗീകരിക്കാന്‍ നടപടി വേണം. ഇത് നടപ്പായില്ലെങ്കില്‍ കൊവിഡ് ഭേദമായ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് തുടര്‍ക്കഥയാകും. ആരോഗ്യമന്ത്രിക്കും ഡി.എം.ഒക്കും പരാതി നല്‍കും. കുറ്റക്കാര്‍ രക്ഷപ്പെടരുത്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *