വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അര്‍മ ലാബ് തട്ടിയെടുത്തത് 55ലക്ഷംരൂപ

Breaking Keralam News

മലപ്പുറം: കോവിഡ് ടെസ്റ്റ് നടത്താന്‍ ഒരാളില്‍നിന്നും 2750 രൂപാ വീതം വാങ്ങി വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലാബ് തട്ടിയെടുത്തത് 55ലക്ഷം രൂപയെന്ന് പോലീസ്.
കോവിഡ് പരിശോധനക്കായി സ്രവം നല്‍കിയവര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 2000 പേര്‍ക്കാണ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ജൂലായ് 15 മുതല്‍ സെപ്തംബര്‍ 15 വരെ 2500 ഓളം പേരുടെ സ്രവമാണ് ലാബില്‍ പരിശോധനക്കെടുത്തിട്ടുള്ളത്. ഇതില്‍ അഞ്ഞൂറില്‍ താഴെപേര്‍ക്ക് മാത്രമാണ് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 13നാണ് പെരിന്തല്‍മണ്ണ തൂത സ്വദേശി കോവിഡ് പരിശോധനക്കായി അര്‍മ ലാബിനെ സമീപിച്ചത്. 14 ന് ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു നല്‍കി.15 ന് അര്‍മ ലാബില്‍ നിന്ന് തൂത സ്വദേശിയെ വിളിച്ചു പരിശോധനയില്‍ തെറ്റുണ്ടെന്നും വീണ്ടും സ്രവം എടുത്ത് പരിശോധിക്കണമെന്നറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഇയാള്‍ കോഴിക്കോട്ടെ മൈക്രോ ലാബുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ റിസള്‍ട്ട് പോസിറ്റീവാണെന്നും തനിക്ക് നല്‍കിയത് മറ്റൊരാളുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തിരുത്തി തന്റെ പേരിലാക്കിയതാണെന്നും ഇദ്ദേഹമറിയുന്നത്. മൈക്രോ ലാബ് ഉടമയുടെ പരാതിയെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് അന്വേഷണം നടത്തുകയും, കഴിഞ്ഞ 16ന് പോലീസ് ലാബ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അര്‍മ ലാബിലെ കംപ്യൂട്ടറിലുള്ള മുഴുവന്‍ രേഖകളും ഡിലേറ്റ് ചെയ്തിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ രേഖകളും വീണ്ടെടുത്തത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്രവം സ്വീകരിച്ചു പരിശോധനക്കായി കോഴിക്കോട്ടെ മൈക്രോ ലാബിലേക്കാണ് അയക്കുന്നത്. കോഴിക്കോട്ടെ ലാബാണ് ഫ്രാഞ്ചൈസികള്‍ക്ക് റിസള്‍ട്ട് നല്‍കുന്നത്. ഇത്തരത്തിലുള്ള റിസള്‍ട്ടിലാണ് അര്‍മ ലാബ് തിരിമറി നടത്തിയത്. കോഴിക്കോട്ടെ ലാബിന്റെ സൈറ്റില്‍ കയറി കോ വിഡ് നെഗറ്റീവായവരുടെ പേര് എഡിറ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച നിരവധിപേര്‍ വിദേശത്തേക്ക് പോയിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി യഥാര്‍ത്ഥ സര്‍ട്ടിഫിക്കലാക്കി നല്‍കല്‍ തുടങ്ങിയ ഐ പി സി 465,468,471,420 വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് ലാബ് ജീവനക്കാരന്‍ കരേക്കാട് കാട്ടില്‍ വീട്ടില്‍ അബ്ദുല്‍ നാസറിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്. ലാബ് ഉടമ സുനില്‍ സാദത്ത് എന്ന ബാബു കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിനാല്‍ അറസ്റ്റു ചെയ്യാനായിട്ടില്ല. വളാഞ്ചേരി എസ് എച്ച് ഒ കെ എം ഷാജി, എസ് ഐമാരായ മുരളീകൃഷ്ണന്‍, സി പി ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേ സമയം അര്‍മ ലാബ് വ്യാജകോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വാര്‍ത്ത പുറത്ത് വന്നതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. സ്രവം പരിശോധനക്കയക്കാതെ നെഗറ്റീവ് റിസള്‍ട്ട് നല്‍കിയിരിക്കുകയാണ് അര്‍മലാബ്. അതിനിടെ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 15 വരെഅര്‍മ ലാഭില്‍ നിന്നും ആര്‍ടി പിസി ആര്‍ പരിശോധന നടത്തിയവര്‍ വളാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ.എം.കെ.ഷാജി അറിയിച്ചു.രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
വിളിക്കേണ്ട നമ്പര്‍:
എം.കെ.ഷാജി 9497987169. (ഇന്‍സ്പെക്ടര്‍ വളാഞ്ചേരി പോലീസ് സ്റ്റേഷന്‍)
സി.പി. ഇക്ബാല്‍ 9497963285
(സബ് ഇന്‍സ്പെക്ടര്‍ വളാഞ്ചേരി പോലീസ് സ്റ്റേഷന്‍)
നസീര്‍ തിരൂര്‍ക്കാട്
9745502688
(അസി: സബ് ഇന്‍സ്പെക്ടര്‍, സ്പെഷ്യല്‍ ബ്രാഞ്ച് , വളാഞ്ചേരി പോലീസ് സ്റ്റേഷന്‍.)

Leave a Reply

Your email address will not be published. Required fields are marked *